ഡബ്ലിന്‍ : സാമ്പത്തിക സൈനിക സഹായം അമേരിക്ക പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍ അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഉക്രെയ്നെ സഹായിക്കണമെന്ന് ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ്.
യൂറോപ്പ് ഉക്രെയ്ന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണം.അയര്‍ലണ്ടും അതിന്റെ ഭാഗമാകണം. ഈ ആഴ്ച അവസാനം നടക്കുന്ന പ്രത്യേക യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം.യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന തര്‍ക്കം അസ്വസ്ഥമാക്കുന്നതാണെന്ന് ഹാരിസ് പറഞ്ഞു.
ഈ സംഭവത്തോടെ ഉക്രെയ്‌നോടുള്ള യൂറോപ്യന്‍ ഐക്യദാര്‍ഢ്യം മുമ്പത്തേക്കാള്‍ ശക്തമായെന്ന് മനസ്സിലായതായി ഹാരിസ് പറഞ്ഞു.മറ്റ് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ആശയവിനിമയങ്ങളില്‍ ഇത് വ്യക്തമാകുന്നുണ്ട്. ഉക്രെയ്നൊപ്പം എന്നതാണ് യൂറോപ്പിന്റെ വ്യക്തമായ നിലപാട്.ഉക്രെയ്നുണ്ടെങ്കില്‍ മാത്രമേ ഉക്രെയ്നെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകൂവെന്നും ഹാരിസ് പറഞ്ഞു.യു എസ് പ്രസിഡന്റും സെലന്‍സ്‌കിയും തമ്മിലുണ്ടായ സംഭവങ്ങളെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും അപലപിച്ചു.
അതേസമയം, ഉക്രെയ്‌നായുള്ള പ്രത്യേക യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയ്ക്ക് മുമ്പ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ കാണും.സ്റ്റാര്‍മറിനൊപ്പം സ്വകാര്യ അത്താഴവിരുന്നിനാണ് മാര്‍ട്ടിന്‍ ലണ്ടനിലേക്ക് പോവുക.ഉക്രെയ്ന്‍ പ്രതിരോധ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല.മാര്‍ച്ച് ആറിന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗത്തില്‍ മാര്‍ട്ടിന്‍ പങ്കെടുക്കുന്നുണ്ട്.സെലെന്‍സ്‌കിയും പ്രതിരോധ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിരോധ ശേഷി വികസനത്തിന് 2.74 ബില്യണ്‍ യൂറോയുടെ യു കെ വായ്പാ
ലണ്ടന്‍ : യു എസ് ഭരണകൂടത്തിന്റെ റഷ്യന്‍ പക്ഷപാതം വ്യക്തമായതിന്റെ പശ്ചാത്തലത്തില്‍ യു കെയുമായി കൂടുതല്‍ അടുക്കാന്‍ ഉക്രെയ്നിന്റെ നീക്കം.കീവിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു കെയുമായി 2.74 ബില്യണ്‍ യൂറോയുടെ വായ്പാ കരാറില്‍ ഇരു രാഷ്ട്ര നേതാക്കളും ഒപ്പുവച്ചു. ഉക്രെയ്‌നായുള്ള സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ സെലന്‍സ്‌കി കൂടി പങ്കെടുക്കുന്ന യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായിരുന്നു സ്റ്റാര്‍മറുമായുള്ള സെലെന്‍സ്‌കിയുടെ ചര്‍ച്ചയും കരാറൊപ്പിടലും നടന്നത്.
ഡൗണിംഗ് സ്ട്രീറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ഉക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി സന്ദര്‍ശിച്ചാണ് കരാറില്‍ ധാരണയാക്കിയത്.ഇരു രാജ്യങ്ങളുടെയും ധനമന്ത്രിമാരായ റേച്ചല്‍ റീവ്‌സും സെര്‍ജി മാര്‍ചെങ്കോയുമാണ് വെര്‍ച്വല്‍ ചടങ്ങില്‍ വായ്പാ കരാറില്‍ ഒപ്പുവച്ചത്.റഷ്യന്‍ ആസ്തികളുടെ ലാഭം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കണമെന്നാണ് കരാര്‍.ഈ ഫണ്ട് ആയുധ നിര്‍മ്മാണത്തിനായി ചെലവിടുമെന്ന് സെലന്‍സ്‌കി പറഞ്ഞു.
ഉക്രെയ്‌നിനും യൂറോപ്പിനും മുന്നിലുള്ള വെല്ലുവിളികള്‍, പങ്കാളികളുമായുള്ള ഏകോപനം, ഉക്രെയ്‌നെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍, സുരക്ഷാ ഗ്യാരണ്ടികള്‍, നീതിപൂര്‍വ്വമായി യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്തതായി സെലെന്‍സ്‌കി ടെലിഗ്രാമില്‍ കുറിച്ചു.
ട്രമ്പ് അധികാരത്തിലെത്തിയ ശേഷം ഉക്രെയിന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റമുണ്ടായി.റഷ്യയെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ് യു എസ് സ്വീകരിച്ചത്. ഇത് പരമ്പരാഗത സഖ്യകക്ഷികളായ അമേരിക്കയും യൂറോപ്പും തുടരുന്ന നയത്തിന് തീര്‍ത്തും എതിരാണ്.സ്റ്റാര്‍മര്‍ ട്രംപുമായും സംസാരിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഷിംഗ്ടണില്‍ ട്രംപിനെ സന്ദര്‍ശിച്ചു.എന്നിട്ടും കാര്യമായ മാറ്റം യു എസ് നിലപാടിലുണ്ടായില്ലെന്നാണ് സെലന്‍സ്‌കിയെ പുറത്താക്കിയ സംഭവം സൂചിപ്പിച്ചത്.അതേസമയം സെലെന്‍സ്‌കിയെ തള്ളിയ നടപടിയില്‍ റഷ്യ സന്തോഷത്തിലാണ്. ഇതിനിടെ മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് സെലെന്‍സ്‌കിയെ ധിക്കാരിയായ പന്നിയെന്ന് വിളിച്ചതും വിവാദമായി.ഒട്ടേറെ വിമര്‍ശനവും ഈ പരാമര്‍ശം നേരിട്ടു.വാഷിംഗ്ടണ്‍ യാത്ര പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മോസ്‌കോ പറഞ്ഞു.
ഉക്രെയിന് അചഞ്ചല പിന്തുണയുമായി യു കെ
ഉക്രൈയിന്‍ ജനതയോടുള്ള അചഞ്ചലമായ പിന്തുണയുടെ സാക്ഷ്യമാണിതെന്ന് ലണ്ടന്‍ വിശേഷിപ്പിച്ചു.ജനങ്ങളുടെ പിന്തുണയാണ് യു കെ സര്‍ക്കാര്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.എത്ര കാലം വേണമെങ്കിലും കൂടെ നില്‍ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.ട്രമ്പുമായുള്ള കൂടിക്കാഴ്ച പൊളിഞ്ഞതിനെ തുടര്‍ന്ന് വിവിധ യൂറോപ്യന്‍ നേതാക്കളും സെലെന്‍സ്‌കിക്ക് പിന്തുണ നല്‍കിയിരുന്നു.
സെലെന്‍സ്‌കി രാജാവിനെ കാണും
സെലെന്‍സ്‌കി ഇന്ന് ബ്രിട്ടനിലെ രാജാവ് ചാള്‍സിനെയും കാണുന്നുണ്ട്.കിഴക്കന്‍ ഇംഗ്ലണ്ടിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലാകും കൂടിക്കാഴ്ച.മുമ്പ് തന്നെ ഉക്രെയിനുള്ള പിന്തുണ പ്രഖ്യാപിച്ചയാളാണ് ചാള്‍സ് രാജാവ്.
യൂറോപ്പ് സെലന്‍സ്‌കിക്കൊപ്പം
അതിനിടെ സെലെന്‍സ്‌കിയും ട്രമ്പും തമ്മിലുണ്ടായ തര്‍ക്കം യൂറോപ്പിലാകെ ചര്‍ച്ചയായി. കുപ്രസിദ്ധിയുടെ പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് ജര്‍മ്മനി പ്രതികരിച്ചു.
യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിയെ പിന്തുണച്ച് രംഗത്തുവന്നു. ഉക്രെയ്ന്‍ ‘ഒറ്റയ്ക്കല്ലെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.അതിനിടെ ട്രമ്പുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ വഴി കണ്ടെത്തണമെന്ന് നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ, സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടു.
വഴിമാറുന്ന ചരിത്രം
കീവിനെയും യൂറോപ്പിനെയും മാറ്റിനിര്‍ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തേടി യു എസ് പ്രസിഡന്റ് പോയത് യൂറോപ്പിനെയും നാറ്റോ സഖ്യത്തെയും ഞെട്ടിച്ചു.പെട്ടെന്നുള്ള ഈ മാറ്റം അറ്റ്ലാന്റിക് നാറ്റോ സഖ്യത്തെ ഇളക്കിമറിച്ചു.വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച പൊളിഞ്ഞത് രംഗം കൂടുതല്‍ വഷളാക്കി.
നാറ്റോയെ അമേരിക്ക തുടര്‍ന്നും പിന്തുണയ്ക്കുമോ എന്ന ആശങ്കയും വളരുകയാണ്.ഈ സാഹചര്യത്തില്‍, ഇന്ന് യു കെയില്‍ നടക്കുന്ന ഉച്ചകോടി നിര്‍ണ്ണായകമാണ്. യൂറോപ്പില്‍ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉച്ചകോടി ചര്‍ച്ച ചെയ്യും.യൂറോപ്യന്‍ ആണവ പ്രതിരോധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ജര്‍മ്മനിയുടെ നേതാവ് ഫ്രെഡറിക് മെര്‍സും അമേരിക്കയില്‍ നിന്ന് ‘സ്വാതന്ത്ര്യം’ നേടുന്നതിന് യൂറോപ്പ് വേഗത്തില്‍ നീങ്ങേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.അതേ സമയം ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ പുതിയ നീക്കത്തിനെതിരെ രംഗത്തുവന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.