head3
head1

ഗുഡ് ഫ്രൈഡേ കരാറും നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോളും നടപ്പാക്കുന്നതിന് ഇ യൂ- യുകെ സംയുക്ത തീരുമാനം

ഡബ്ലിന്‍ : ഗുഡ് ഫ്രൈഡേ കരാറും നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോളും പൂര്‍ണമായും നടപ്പാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ – യുകെ സംയുക്ത തീരുമാനം.കമ്മീഷന്‍ വൈസ് പ്രസിഡന്റ് മരോസ് സെഫ്കോവിച്ചും യുകെ കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കല്‍ ഗോവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഇക്കാര്യത്തില്‍ ഇരുകൂട്ടരും പ്രതിജ്ഞാബദ്ധരാണെന്ന് സംയുക്ത പ്രസ്താവന പറയുന്നു.

പ്രോട്ടോക്കോളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. എന്നിരുന്നാലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നെത്തുന്ന ചരക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ നിന്ന് ഇളവു നല്‍കുന്ന നിലവിലെ ഗ്രേസ് പിരീഡുകള്‍ നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ തല്‍ക്കാലം സന്നദ്ധത അറിയിച്ചിട്ടില്ല.

അതേസമയം,ഗ്രേസ് പിരീഡുകളുടെ വിപുലീകരണം തള്ളിക്കളഞ്ഞിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറയുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഡിസംബറില്‍ ഗോവും സെഫ്കോവിച്ചും അവരുടെ ടീമുകളും തമ്മില്‍ ഒപ്പുവച്ച കരാര്‍ നടപ്പാക്കുന്നതുവരെ വിപുലീകരണങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് യൂറോപ്യന്‍ കമ്മീഷനും അംഗരാജ്യങ്ങളും . ഡിസംബര്‍ കരാര്‍ പ്രകാരം യുകെ ബാധ്യതകള്‍ നിറവേറ്റാത്ത നിരവധി മേഖലകളെക്കുറിച്ച് സെഫ്കോവിച്ച് വിവരിച്ചിട്ടുണ്ട്.
നോര്‍ത്തിലെ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ക്ക് യുകെയുടെ കസ്റ്റംസ് ഡാറ്റാബേസിലേക്ക് തത്സമയം പ്രവേശനം നല്‍കുന്നതിന് സംവിധാനമൊരുക്കാത്തതാണ് അതില്‍ പ്രധാനപ്പെട്ടത്. ബ്രിട്ടനില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, ഐഡന്റിറ്റി പരിശോധനകളുടെ അഭാവവും ഇതു മൂലമുണ്ടാവുന്നു.

ഇപ്പോഴത്തെ ഗ്രേസ് പിരീഡ് ഏപ്രില്‍ ഒന്നിന് അവസാനിക്കും. ഈ സമയം മുതല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് വടക്കന്‍ അയര്‍ലണ്ടിലേക്ക് പ്രവേശിക്കുന്ന മീറ്റുള്‍പ്പടെ എല്ലാ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും എക്സപോര്‍ട്ട് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ ഡോക്യുമെന്റേഷന്‍ ആവശ്യമായിവരും.

എന്നിരുന്നാലും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഔട്ട്‌ലെറ്റുകളുള്ള ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്വന്തം നിരീക്ഷണവും പരിക്ഷണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്ന ഒരു പദ്ധതി വികസിപ്പിക്കാന്‍ യുകെ ആഗ്രഹിക്കുന്നുണ്ട്. ഈ സംവിധാനങ്ങളിലൂടെ യൂറോപ്യന്‍ യൂണിയനെ തൃപ്തിപ്പെടുത്താമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കരുതുന്നു. അതിലൂടെ കയറ്റുമതി ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യകത നീക്കംചെയ്യാനാകുമെന്നും അവര്‍ കരുതുന്നു.അതിനായി
യൂറോപ്യന്‍ യൂണിയന്‍ ഗ്രേസ് പിരീഡ് നീട്ടണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ മുന്നോട്ടുവെയ്ക്കുന്നത്.

എന്നാല്‍ ഇത്തരം യുകെ നിര്‍ദേശങ്ങളെക്കുറിച്ച് മതിയായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഭക്ഷ്യവസ്തുക്കള്‍ക്കായി കയറ്റുമതി ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യകതയില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റുകളെ ഗ്രേസ് പിരീഡ് വേളയില്‍ ഒഴിവാക്കുന്നത് നിബന്ധനയുള്ളതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇളവുകള്‍ക്ക് അര്‍ഹതയുള്ള ഓപ്പറേറ്റര്‍മാരുടെ ലിസ്റ്റും കമ്മീഷന് നല്‍കിയിരുന്നു.2,000 പേരുടെ പട്ടികയാണ് യു കെ നല്‍കിയിരിക്കുന്നത്. ഇത് വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഫസ്റ്റ് , ഉപമന്ത്രിമാര്‍ കൂടിക്കാഴ്ചയിലും യോഗത്തിലും പങ്കെടുത്തു.ജനുവരി 29 ന് പ്രോട്ടോക്കോളിലെ ആര്‍ട്ടിക്കിള്‍ 16 പ്രാവര്‍ത്തികമാക്കാന്‍ നടത്തിയ യൂറോപ്യന്‍ കമ്മീഷന്റെ നീക്കത്തെക്കുറിച്ച് ഫസ്റ്റ് മന്ത്രി അര്‍ലിന്‍ ഫോസ്റ്റര്‍ വിമര്‍ശിച്ചു.നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബിസിനസ് ഗ്രൂപ്പുകളുമായും മറ്റ് പങ്കാളികളുമായും കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്താനുള്ള തീരുമാനവും സംയുക്ത സമിതി അംഗീകരിച്ചു.
നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള ഇടപാടുകള്‍ക്ക് സ്വിസ് ശൈലിയിലുള്ള കരാറോ യൂറോപ്യന്‍ യൂണിയന്‍-ന്യൂസിലാന്റ് വെറ്റിനറി കരാറോ മാതൃകയാക്കാനാകുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

 

Comments are closed.