head1
head3

സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് യൂറോപ്യന്‍ കമ്മീഷന്‍

ബ്രസല്‍സ് : സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സകല കണക്കുകൂട്ടലുകളേയും കുതിക്കുന്ന പണപ്പെരുപ്പം തെറ്റിക്കുമെന്ന ആശങ്കയില്‍ യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്പില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നുണ്ടെങ്കിലും ഉയരുന്ന പണപ്പെരുപ്പം പരിഗണിച്ച് രാജ്യങ്ങളുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഉക്രൈയ്നിലെ യുദ്ധം യൂറോപ്യന്‍ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇയുവിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന പ്രവചനം കഴിഞ്ഞ മേയ് മാസത്തില്‍ത്തന്നെ യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയിരുന്നു. വളര്‍ച്ച 2022ല്‍ 2.7 ശതമാനമായും 2023ല്‍ 2.3 ശതമാനവുമായി കുറയുമെന്നായിരുന്നു പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് യഥാക്രമം 4.0 ശതമാനവും 2.8 ശതമാനവും വളര്‍ച്ച നേടുമെന്ന സാമ്പത്തിക പ്രവചനമാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്.

അതേസമയം, യൂറോസോണിലെ പണപ്പെരുപ്പം പുതിയ റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ച് പണപ്പെരുപ്പം 8.6 ശതമാനത്തിലെത്തിയിരിക്കുകയാണ്. കമ്മീഷന്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ വളരെ കൂടുതലാണിത്. യൂറോസോണിലെ പണപ്പെരുപ്പം 2022ല്‍ 6.1 ശതമാനവും 2023ല്‍ 2.7 ശതമാനവും ആയിരിക്കുമെന്നായിരുന്നു മേയ് മാസത്തില്‍ കണക്കുകൂട്ടിയിരുന്നത്.

പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ 11 വര്‍ഷത്തിലാദ്യമായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇതും സാമ്പത്തിക വളര്‍ച്ച കുറയ്ക്കാനിടയാക്കുന്നതാണെന്ന ആശങ്ക ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഉയര്‍ന്ന ഊര്‍ജ വിലകളുടെ ആഘാതം സമ്പദ് വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലേക്കെത്തിയത് പണപ്പെരുപ്പം വര്‍ധിക്കുന്നതിന് കാരണമായെന്ന് ഇയു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വാല്‍ഡിസ് ഡോംബ്രോവ്സ്‌കിസ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ച വളരെ ശക്തമാണെങ്കിലും അനിശ്ചിതത്വവും റിസ്‌കുകളും കണക്കിലെടുത്ത് ചില താഴേയ്ക്ക് പോക്കുകള്‍ അടുത്ത വര്‍ഷത്തേക്ക് പ്രതീക്ഷിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

മന്ദഗതിയിലുള്ള, കുറഞ്ഞ വളര്‍ച്ച പ്രതീക്ഷിക്കുന്ന കാലമാണിതെന്ന് ഇ യു സാമ്പത്തിക കാര്യ കമ്മീഷണര്‍ പൗലോ ജെന്റിലോണിയും വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.