ബ്രസല്‍സ് : കോവിഡ് പ്രതിസന്ധിയില്‍ നിന്നും തിരികെ കയറുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കായി ചെലവഴിച്ച പണം തിരികെ പിടിക്കാന്‍ പുതിയ നികുതികള്‍ വന്നേക്കും.
800 ബില്യണ്‍ യൂറോ കോവിഡ് റിക്കവറി ഫണ്ടാണ് പകര്‍ച്ചവ്യാധി കാലത്ത് അംഗ രാജ്യങ്ങളെ സഹായിക്കുന്നതിനായി വിതരണം ചെയ്തത്.
ഈ തുക തിരികെയെത്തിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ മൂന്ന് പുതിയ നികുതി നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
യൂറോപ്യന്‍ പാര്‍ലമെന്റും അംഗ രാജ്യങ്ങളും ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമേ കമ്മീഷന്റെ ഈ നികുതി നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാവുകയുള്ളു. കോവിഡ് റിക്കവറി ഫണ്ട് 2058ഓടെയാണ് തിരികെ നല്‍കണ്ടേത്.
കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സിഒ2 ലെവി
പുതിയ കാര്‍ബണ്‍ വിപണിയുടെ ഭാഗമായി കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പുറന്തള്ളലിനെ അടിസ്ഥാനമാക്കി സിഒ2 ലെവി ഏര്‍പ്പെടുത്തും.
ഇയുവിന്റെ നിലവിലുള്ള കാര്‍ബണ്‍ ട്രേഡിംഗ് സിസ്റ്റമനുസരിച്ച് കപ്പലുകളില്‍ സിഒ2 ചെലവ് ഈടാക്കും. എയര്‍ലൈനുകളിലെ നിലവിലെ പേയ്‌മെന്റുകളും വര്‍ദ്ധിപ്പിക്കും.
ഈ നികുതികളുടെ നാലിലൊന്നും ഭാവിയില്‍ ഇയു ബജറ്റിലേക്കായിരിക്കും പോവുക. 2026 മുതല്‍ 2030 വരെ പ്രതിവര്‍ഷം ശരാശരി 12 ബില്യണ്‍ യൂറോ വീതം രാജ്യങ്ങള്‍ നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ചരക്കുകളുടെ ഇറക്കുമതിക്ക് കാര്‍ബണ്‍ കോസ്റ്റ്
ദുര്‍ബലമായ സിഒ2 ബഹിര്‍ഗമന നിലവാരമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതിക്ക് കാര്‍ബണ്‍ കോസ്റ്റ് ചുമത്തും. ഈ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും ഇയു ബജറ്റിലെത്തും. 2026-2030 കാലയളവില്‍ ശരാശരി പ്രതിവര്‍ഷം 1 ബില്യണ്‍ യൂറോയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ലാഭവും
ജി20, ഒഇസിഡി ഉടമ്പടി പ്രകാരം ഇയു രാജ്യങ്ങളില്‍ വീണ്ടുമെത്തുന്ന വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നുള്ള റെസിഡ്യുവല്‍ ലാഭത്തിന്റെ 15%വും നികുതിയായി യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലെത്തും. പ്രതിവര്‍ഷം 2.5 – 4 ബില്യണ്‍ യൂറോ വരെയാണ് ഇതില്‍ നിന്നുള്ള വരുമാനമായി ഇയു കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.
നികുതി നിര്‍ദ്ദേശങ്ങള്‍ തര്‍ക്കത്തില്‍
സമാനമായ നികുതി നിര്‍ദ്ദേശങ്ങളുടെ സെക്കന്റ് പാക്കേജ് 2023 -ലുണ്ടാകും. എന്നാല്‍ ഈ പദ്ധതികളെക്കുറിച്ച് രാജ്യങ്ങള്‍ ഇതിനകം തന്നെ തര്‍ക്കമുന്നയിച്ചിട്ടുണ്ട്.
സാധാരണക്കാരായ പൗരന്മാര്‍ക്ക് മേല്‍ വര്‍ധിച്ച ഭാരം ചുമത്തുന്നതിനാല്‍ പുതിയ കാര്‍ബണ്‍ വിപണി നിര്‍ദ്ദേശം അസ്വീകാര്യമാണെന്ന് പോളിഷ് കാലാവസ്ഥാ മന്ത്രി അന്ന മോസ്‌ക്വ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിന് പുതിയ ഇയു ലെവികളില്‍ നിന്ന് ഫണ്ട് രൂപീകരിക്കണമെന്ന് ഇയു ബജറ്റ് കമ്മീഷണര്‍ ജോഹന്നസ് ഹാന്‍ പറഞ്ഞു.
ഇതില്‍ നിന്നും ഊര്‍ജ്ജ ബില്ലുകള്‍ക്കും ഭവന നവീകരണത്തിനുമൊക്കെ സബ്‌സിഡി നല്‍കാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG


Comments are closed.