വലേറ്റ : ഒളിഞ്ഞും തെളിഞ്ഞുമുള്ള സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ചൈനയ്ക്കെതിരെ പരസ്യ പ്രതികരണവുമായി യൂറോപ്യന്‍ യൂണിയന്‍. കഴിഞ്ഞ മാര്‍ച്ചില്‍ മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സെര്‍വറിന് നേരെ നടത്തിയ ചൈനീസ് സൈബര്‍ ആക്രമണത്തിനെതിരെയാണ് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നത്. യു എന്‍ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ചൈന മറ്റ് രാജ്യങ്ങള്‍ക്കെതിരെ സൈബര്‍ ക്രിമിനലുകളെ വളര്‍ത്തുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുന്നു. യുഎസും യുകെയും സമാനമായ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
ചൈന യുഎന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നു
യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയത്തിന്റെ ഹൈ റപ്രസെന്റേറ്റീവ് ജോസഫ് ബോറെല്‍ ഫോണ്ടല്ലസാണ് ചൈനയുടെ ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നത്.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും രാഷ്ട്രീയ സംഘടനകളെയും ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ചൈനയാണെന്ന് ഇദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് 40, അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് 31 എന്നിറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പുകളുമായി ഈ പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ജോസെപ് ബോറെല്‍ ഫോണ്ടെല്ലസ് പറഞ്ഞു. ബൗദ്ധിക സ്വത്തുക്കളുടെ മോഷണത്തിനും ചാരവൃത്തിയ്ക്കുമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
”യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങളും ചൈനയുടെ ക്ഷുദ്ര സൈബര്‍ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നു.യുഎന്‍ അംഗീകരിച്ച പെരുമാറ്റച്ചട്ടത്തിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണിത്. യുഎന്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ചൈനയുടെ പ്രദേശം ക്ഷുദ്ര സൈബര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരവും നിയമപരവുമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ്
യൂറോപ്യന്‍ യൂണിയനൊപ്പം ചൈനയുടെ സൈബര്‍ നുഴഞ്ഞുകയറ്റത്തിനെതിരെ യുഎസും യുകെയും വിമര്‍ശനവുമായി രംഗത്തുവന്നു. മൈക്രോ സോഫ്ട് എക്സ്ചേഞ്ച് സെര്‍വറുകള്‍ക്കെതിരായ നുഴഞ്ഞുകയറ്റമുള്‍പ്പടെയുള്ള സൈബര്‍ നീക്കങ്ങള്‍ക്കെതിരെ യുകെയുടെ വിദേശ, കോമണ്‍വെല്‍ത്ത്, ഡവലപ്മെന്റ് ഓഫീസാണ് ട്വിറ്ററില്‍ ചൈനയെ അപലപിച്ച് രംഗത്തുവന്നത്.
സ്വന്തം സാമ്പത്തിക നേട്ടത്തിനായി സൈബര്‍ കുറ്റകൃത്യങ്ങളെയും ക്രിമിനല്‍ ഹാക്കര്‍മാരെയും പ്രോല്‍സാഹിപ്പിക്കുകയാണ് ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തി.സൈബര്‍ സ്പേസിലെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ചൈനയുമായി ബന്ധപ്പെട്ട ക്ഷുദ്ര സൈബര്‍ ‘പോരാളികള്‍ക്ക്’ അമേരിക്കന്‍ ‘പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.