head3
head1

പണപ്പെരുപ്പത്തിനിടയിലും അയര്‍ലണ്ടില്‍ ഭവന വില കുറയുമെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ബഹുരാഷ്ട്ര കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ അനന്തരഫലമായി ഈ വര്‍ഷവും സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ESRI) വെളിപ്പെടുത്തല്‍.

എന്നിരുന്നാലും, പണപ്പെരുപ്പത്തിന്റെ ആഘാതം മൂലം ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് അതിന്റെ ഏറ്റവും പുതിയ ത്രൈമാസ സാമ്പത്തിക ബുള്ളറ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പലിശ നിരക്കില്‍ പ്രതീക്ഷിക്കുന്ന വര്‍ധനയുടെ ഫലമായി പ്രോപ്പര്‍ട്ടി വിലയില്‍ 2% കുറവുണ്ടാകുമെന്നും ESRI പ്രവചിക്കുന്നു.

ഈ വര്‍ഷം സമ്പദ്വ്യവസ്ഥയുടെ ജിഡിപിയില്‍ 7% വരെ വളര്‍ച്ചയാണ് ESRI പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണിത്. ലോകമെങ്ങും പാന്‍ഡെമിക്കിന്റെ അനന്തരഫലമായി കുറഞ്ഞ വളര്‍ച്ചാ നിരക്ക് കാണിക്കുമ്പോഴാണ് അയര്‍ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

ആഭ്യന്തര സമ്പദ്വ്യവസ്ഥയില്‍ മാത്രം 4% വളര്‍ച്ച പ്രതീക്ഷിക്കുന്നു, ഇത് മാര്‍ച്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസാന പ്രവചനത്തേക്കാള്‍ അര ശതമാനം കുറവാണ്. പണപ്പെരുപ്പത്തിന്റെ തോത് വര്‍ധിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.

പണപ്പെരുപ്പം വരുമാനത്തെ ബാധിക്കുന്നതും, യുറോപ്യന്‍ മേഖലയിലേക്കുള്ള നിക്ഷേപങ്ങളെ ബാധിക്കുന്ന ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് വളര്‍ച്ചയിലെ ഈ മിതത്വത്തിന് പ്രധാന കാരണം.

പലിശനിരക്കിലെ ആസന്നമായ വര്‍ധന പ്രോപ്പര്‍ട്ടി വിലയില്‍ 2% വരെ കുറവുണ്ടാക്കുമെന്നും വീടിന്റെ വിലക്കയറ്റത്തിന്റെ തോത് കുറയാന്‍ ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.

കോവിഡ് കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ തന്നെ ഉണ്ടായ ഉയര്‍ന്ന തലത്തിലുള്ള മിച്ച സമ്പാദ്യവും, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കുറഞ്ഞ തൊഴിലാളി ലഭ്യതയും പുതിയ വീടുകളുടെ കുറഞ്ഞ തോതിലുള്ള നിര്‍മ്മാണവും കാരണം പാന്‍ഡെമിക് സമയത്തും ഭവന വിലയില്‍ അതിശയകരമായ വര്‍ദ്ധനവ് ഉണ്ടായതായി ESRI കണ്ടെത്തി. ഇവയെല്ലാം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ‘അമിത മൂല്യനിര്‍ണ്ണയത്തിന്റെ കാരണമായെന്ന്, ESRI യുടെ ഉപദേഷ്ടാവ് കീറന്‍ മക്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടപടികള്‍ വേണ്ടത്…

താഴ്ന്ന വരുമാനക്കാരെയും പണപ്പെരുപ്പം മോശമായി ബാധിച്ച ഗ്രാമീണ കുടുംബങ്ങളെയും സഹായിക്കുന്നതിന് അധികവും ടാര്‍ഗെറ്റുചെയ്തതുമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്, ESRI പറയുന്നു. ഈ വര്‍ഷം ഖജനാവില്‍ 1.6 ബില്യണ്‍ യൂറോ മിച്ചം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പം ഭവന നിര്‍മ്മാണത്തിലെ നിക്ഷേപ നിലവാരത്തെ ബാധിക്കുമെന്നും ESRI പ്രവചിക്കുന്നു. ഭവന മേഖലയില്‍ നിക്ഷേപവും, നിര്‍മ്മാണവും കുറയുമെന്ന സൂചന നല്‍കുമ്പോഴാണ് വീട് വില കുറയുന്നത് എന്നതും ശ്രദ്ദേയമാണ്.

ഈ വര്‍ഷം 26,000 ഹൗസിംഗ് യൂണിറ്റുകളും അടുത്ത വര്‍ഷം 27,000 ഭവനങ്ങളും പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം 30,000 പൂര്‍ത്തിയാക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ട വീടുകളുടെ പകുതി പോലും പൂര്‍ത്തിയാകാനായിരുന്നില്ല.

യൂറോപ്പിലുടനീളമുള്ള വ്യവസായ സൂചിക സര്‍വേകള്‍ സൂചിപ്പിക്കുന്നത്, ഉക്രെയ്നിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ബിസിനസ്സ് നിക്ഷേപങ്ങളില്‍ ‘ഗണ്യമായ ഇടിവ്’ സംഭവിച്ചുവെന്ന് തന്നെയാണ്.

പണപ്പെരുപ്പം

മെയ് മാസത്തില്‍ ഭക്ഷ്യ-ഊര്‍ജ്ജ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 23.8% ആയിരുന്നുവെന്ന് ESRI രേഖപ്പെടുത്തുന്നു.

അതേസമയം, ഭക്ഷ്യേതര, ഊര്‍ജേതര ഇനങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന പണപ്പെരുപ്പം 5.1% ആയി പ്രവര്‍ത്തിക്കുന്നുവെന്നത് ആശങ്ക ഉയര്‍ത്തുന്നു.

പണപ്പെരുപ്പം ഉയരുന്നതിനനുസരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വേതനത്തിനായുള്ള കൂടുതല്‍ ഡിമാന്‍ഡ് ഉയര്‍ന്നേക്കാം. എല്ലാ പബ്ലിക്ക് സര്‍വേന്റ്‌സിനും ശമ്പള നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്. ബജറ്റോടെ പണപ്പെരുപ്പത്തിനിടയിലും ജനങ്ങളെ സഹായിക്കാനായി കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

യൂറോപ്പിലെങ്ങും അസ്ഥിരതയുണ്ടാക്കുന്ന പണപെരുപ്പത്തിനിടയിലും അയര്‍ലണ്ട് ‘പരിക്കേല്‍ക്കാതെ’ രക്ഷപെടുമെന്ന സൂചനകളാണ് ESRI നല്‍കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.