head1
head3

രാജ്യം 14% സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഇഎസ്ആര്‍ഐ

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയിലും അയര്‍ലണ്ടിന്റെ സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ത്രൈമാസ അവലോകന റിപ്പോര്‍ട്ട്.

പണപ്പെരുപ്പമുയര്‍ത്തുന്ന ഭീഷണിക്കിടയിലും നികുതി വരുമാനം വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയെ വീണ്ടെടുക്കാനും രാജ്യത്തിന് കഴിഞ്ഞു. അതിലൂടെ രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കാനും തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനും വലിയ നേട്ടം കൊയ്യാനും രാജ്യത്തിന് കഴിഞ്ഞു.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 14% വളര്‍ച്ച നേടുമെന്നാണ് ഇ.എസ്.ആര്‍.ഐ പ്രവചനം. അടുത്ത വര്‍ഷം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. നികുതി വരുമാനം വര്‍ദ്ധിച്ചതോടെ പൊതു ധനകാര്യ കമ്മി ഈ വര്‍ഷം 10 ബില്യണില്‍ താഴെയാക്കാനായിട്ടുണ്ട്. അടുത്ത വര്‍ഷം ഇത് 4.8 ബില്യണ്‍ യൂറോ ആയി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഉയരുന്ന ഭവന വിലയും വാടകയും രാജ്യത്തിന്റെ മത്സരക്ഷമതയ്ക്ക് ഭീഷണിയായി തുടരുകയാണെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ കോവിഡ് വേരിയന്റുകളില്‍ നിന്നുള്ള കൂടുതല്‍ നിയന്ത്രണങ്ങളും യുകെയും ഇയുവും തമ്മിലുള്ള വ്യാപാര പിരിമുറുക്കവുമൊക്കെ ഉയര്‍ത്തുന്ന അപകടസാധ്യതകളും റിപ്പോര്‍ട്ട് അടിവരയിടുന്നു.

രാജ്യം വീണ്ടെടുപ്പിന്റെ പാതയില്‍

കോവിഡ് കെടുതികളില്‍ നിന്നും സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കാന്‍ ഇതിനകം തന്നെ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര സമ്പദ്വ്യവസ്ഥയില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് അടുത്ത വര്‍ഷം ഇഎസ്ആര്‍ഐ പ്രവചിക്കുന്നത്.

രാജ്യത്തിന്റെ തൊഴില്‍ വിപണിയും ശക്തമായ വീണ്ടെടുപ്പിന്റെ പാതയിലാണ്. അതിലൂടെ തൊഴിലില്ലായ്മ നല്ല നിലയില്‍ കുറയ്ക്കാനായിട്ടുണ്ട്.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ശരാശരി തൊഴിലില്ലായ്മ നിരക്ക് 26%മായിരുന്നു. ഇത് 2021 അവസാന മൂന്ന് മാസങ്ങളില്‍ ശരാശരി 7% ആയി കുറയ്ക്കാനായി. അടുത്ത വര്‍ഷം തൊഴിലില്ലായ്മ 5% ആയി കുറയുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പം, ഒമിക്രോണ്‍ ഭീഷണി…

എന്നിരുന്നാലും, ഉയരുന്ന പണപ്പെരുപ്പം ആശങ്കയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അടുത്ത വര്‍ഷം പണപ്പെരുപ്പം ശരാശരി നാല് ശതമാനയിരിക്കും. എന്നാല്‍ മാര്‍ച്ചില്‍ അത് ആറ് ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നികുതിദായകര്‍ക്കും സാമൂഹിക ക്ഷേമ സ്വീകര്‍ത്താക്കള്‍ക്കും സമീപകാല ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇത് ഇല്ലാതാക്കുമോയെന്ന ഉല്‍ക്കണ്ഠയും ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കുവെയ്ക്കുന്നു.

പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന രാജ്യത്തെ പല ഘടകങ്ങളും താല്‍ക്കാലികമാണ്. എന്നിരുന്നാലും രാജ്യാന്തര ഊര്‍ജ വിലയുടെ അനിശ്ചിതത്വം ഭീഷണി തന്നെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022ന്റെ ആദ്യ പാദത്തില്‍ പണപ്പെരുപ്പം തുടരുമെന്നും ഇഎസ്ആര്‍ഐ പ്രവചിക്കുന്നു. സമ്പദ്വ്യവസ്ഥ തുറന്നിരിക്കുന്നിടത്തോളം കാലം സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനാകും. കൂടാതെ പണപ്പെരുപ്പ നിരക്ക് 2022 അവസാനം രണ്ട് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇഎസ്ആര്‍ഐ റിസേര്‍ച്ച് പ്രൊഫ. കീരെന്‍ മക് ക്വിന്‍ പറഞ്ഞു.

പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന നിരക്ക് ഗാര്‍ഹിക വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.