ഡബ്ലിന്‍ :തൊഴിലില്ലായ്മ കുതിക്കുന്നതിനിടയിലും ഈ വര്‍ഷം സമ്പദ്വ്യവസ്ഥ 3.4 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സാമൂഹിക ഗവേഷണ സ്ഥാപനത്തിന്റെ(ഇ.എസ്.ആര്‍.ഐ.) പ്രവചനം.ഫാര്‍മസ്യൂട്ടിക്കല്‍, ഐടി കമ്പനികളുടെ കയറ്റുമതി ശക്തമായി തുടരുകയാണെങ്കിലും കോവിഡ് -19 ന്റെ ആഘാതം ആഭ്യന്തര സമ്പദ്വ്യവസ്ഥയെ കുറച്ചുകാലത്തേക്ക് ബാധിക്കുമെന്നും ഇ.എസ്.ആര്‍.ഐയുടെ പുതിയ ത്രൈമാസ സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു.ജിഡിപിയില്‍ 2.4 ശതമാനം ഇടിവുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയ പശ്ചാത്തലത്തിലുള്ള ഈ പ്രവചനത്തെ അത്ഭുതകരമെന്നാണ് ഇ.എസ്.ആര്‍.ഐ വിവരിക്കുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി സര്‍വീസസ് എന്നിവയുടെ കയറ്റുമതിയില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച തുടരുകയാണ്. ഉപഭോക്താക്കളുടെ ചെലവും വീണ്ടും ഉയരുകയാണ്.എന്നാല്‍ ഇത് അസമമായ ചിത്രമാണെന്ന് ഇ.എസ്.ആര്‍.ഐ പറയുന്നു.തൊഴിലില്ലായ്മയുടെ തോത് ഈ വര്‍ഷം 20% ആയിരിക്കും.ബ്രക്‌സിറ്റിനന്തര വ്യാപാര ഇടപാടിനു ശേഷം, അടുത്ത വര്‍ഷം ഇത് ശരാശരി 14.5% മായി കുറയുമെന്നും സ്ഥാപനം വിശദീകരിക്കുന്നു.
ഹോസ്പിറ്റാലിറ്റി ആര്‍ട്ട്, റീട്ടെയില്‍ വില്‍പ്പന തുടങ്ങിയ മേഖലകള്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ തിരികെ വരുന്നതോടെ തൊഴിലില്ലായ്മ കുറയുമെന്നാണ് സ്ഥാപനം കണക്കുകൂട്ടുന്നത്.ഫാര്‍മസ്യൂട്ടിക്കല്‍സും കെമിക്കല്‍സും കൂടി അയര്‍ലണ്ടിലെ ചരക്ക് കയറ്റുമതിയുടെ മൂല്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം വരും.ഈ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18% ഉയര്‍ന്നിട്ടുണ്ട്.വിദേശത്തു നിന്നുള്ള കമ്പ്യൂട്ടര്‍ സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡും ശക്തമാണ്. സേവന കയറ്റുമതിയുടെ മൂല്യത്തിന്റെ പകുതിയോളം കമ്പ്യൂട്ടര്‍ സേവനങ്ങളാണ്.ജിഡിപിയില്‍ കയറ്റുമതിയുടെ മൂല്യം വലിയ സ്വാധീനം ചെലുത്തുമെന്നും ഇ.എസ്.ആര്‍.ഐ വ്യക്തമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെയും തൊഴിലില്ലായ്മയുടെയും ഫലമായി ഉപഭോക്താക്കളുടെ ആവശ്യകത കുത്തനെ ഇടിഞ്ഞപ്പോഴും (20% വരെ), ജിഡിപി കണക്കാക്കിയതുപോലെ തന്നെ സമ്പദ്വ്യവസ്ഥ തുടരുകയാണ്.വേനല്‍ക്കാലത്ത് ഉപഭോക്തൃ ചെലവുകളില്‍ വലിയൊരു കുതിച്ചുചാട്ടത്തിനും ഇത് സഹായിച്ചു.
ബൈഡന്‍ ഭരണകൂടത്തിന്റെ നികുതി നയത്തിനെതിരെ ജാഗ്രതൈ …
അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ ചെറിയൊരു വിഭാഗം വ്യവസായങ്ങളിലെ ചെറിയൊരു ശതമാനം കമ്പനികളുടെ ഭാഗ്യത്തിന് വിധേയമാണെന്ന് ഇ .എസ്.ആര്‍.ഐ ചൂണ്ടിക്കാട്ടുന്നു.കോര്‍പ്പറേഷന്‍ ടാക്സ് ടേക്കിനും ഇത് ബാധകമാണ്. ഇത് നമ്മുടെ നികുതിയുടെ അഞ്ചിലൊന്ന് വരും.
പത്ത് കമ്പനികള്‍ മാത്രമാണ് 40 ശതമാനം ടേക്കുകളും നല്‍കുന്നതെന്നും അവയില്‍ 77 ശതമാനവും വിദേശ ബഹുരാഷ്ട്ര കമ്പനികളാണെന്നും ഈ വര്‍ഷം ആദ്യം റവന്യൂ നടത്തിയ വിശകലനത്തില്‍ സ്ഥിരീകരിച്ചിരുന്നു.ഈ സാഹചര്യത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നികുതി നയത്തിനെതിരെ ജാഗ്രത വേണമെന്ന് സ്ഥാപനം ഓര്‍മ്മപ്പെടുത്തുന്നു.യുഎസിലെ ബൈഡന്‍ ഭരണകൂടം അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇത് ഇവിടെ നികുതി വരുമാനം കുറയ്ക്കുമെന്നും ഇസ്ആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലണ്ടിലെ യുഎസ് ബഹുരാഷ്ട്ര കമ്പനികളുടെ നികുതി സമ്പ്രദായങ്ങളെക്കുറിച്ച് വിശദമായി എഴുതിയ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബ്രാഡ് സെറ്റ്സര്‍, ബ്ലൂംബെര്‍ഗ് ബൈഡന്‍ ട്രാന്‍സിഷന്‍ ടീമില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ട്രംപ് ഭരണകൂടത്തേക്കാള്‍ കൂടുതല്‍ ആഗോളവല്‍ക്കരിച്ച സമീപനമായിരിക്കും ബൈഡന്‍ സ്വീകരിക്കുകയെന്ന് ഇ .എസ്. ഐ. ആര്‍ പ്രതീക്ഷിക്കുന്നു.
അടുത്ത വര്‍ഷം സമ്പദ്വ്യവസ്ഥ 4.9% വളര്‍ച്ച നേടുമെന്ന് ഇ .എസ്. ഐ. ആര്‍ പ്രവചിക്കുന്നു.2021 ന്റെ ആദ്യ പകുതിയില്‍ ആറ് ആഴ്ച ലെവല്‍ 5 ലോക്ക് ഡൗണ്‍ ഉണ്ടായേക്കുമെന്ന് സ്ഥാപനം കണക്കുകൂട്ടുന്നു.അടുത്ത വര്‍ഷം രണ്ടാം പകുതി വരെ സാധാരണ ജനങ്ങള്‍ക്കിടയിലേയ്ക്ക് കോവിഡ് വാക്സിന്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നില്ല.ഇക്കാരണത്താലാണ് തൊഴിലില്ലായ്മ ഉയര്‍ന്ന തോതില്‍ തുടരുമെന്ന് സ്ഥാപനം പറയുന്നത്. എന്നിരുന്നാലും തൊഴിലില്ലായ്മയുടെ ശരാശരി 14.5%മായിരിക്കും. ബ്രക്‌സിറ്റിനന്തര വ്യാപാര കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അങ്ങനെയല്ലെങ്കില്‍, വളര്‍ച്ച 1.5% ആയി കണക്കാക്കാമെന്നും ഇഎസ്ആര്‍ഐ പറയുന്നു.ഉപഭോക്താക്കള്‍ വാങ്ങുന്നസാധനങ്ങളുടെ വില ഉയരുമെന്നും അവലോകനം വ്യക്തമാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.