head3
head1

ഇ എസ് ബി പബ്ലിക് ചാര്‍ജിംഗ് പോയിന്റുകളിലെ ചാര്‍ജിംഗ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയമേറുന്നതിന് പിന്നാലെ അത് കൊണ്ടുനടക്കുന്നതിനുള്ള ചെലവും കൂടുകയാണ്. കാരണം ഇ എസ് ബി പബ്ലിക് ചാര്‍ജിംഗ് പോയിന്റുകളിലെ ചാര്‍ജിംഗ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുകയാണ്. മേയ് അഞ്ച് മുതലാണ് ഈ വര്‍ധന പ്രാബല്യത്തില്‍ വരിക. ഇഎസ്ബിയുടെ എല്ലാ പേയ്‌മെന്റ് പ്ലാനുകളിലും നിരക്ക് വര്‍ധിക്കും. 2019 ഒക്ടോബറില്‍ പബ്ലിക് ചാര്‍ജിംഗ് നെറ്റ്വര്‍ക്കിന് നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം ഇഎസ്ബി അതിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. അതുവരെ പബ്ലിക് ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സൗജന്യമായിരുന്നു.

വര്‍ധനവ് ഇങ്ങനെ-

പുതിയ വര്‍ധനവനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗ് നിരക്ക് കിലോവാട്ടിന് 23സിയില്‍ നിന്ന് 35 സെന്റ് (52%) ആയി ഉയരും.

ഫാസ്റ്റ് ചാര്‍ജുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിരക്കില്‍ 53% വര്‍ദ്ധനവുണ്ടാകും. ഇത് 26.8 സെന്റില്‍ നിന്ന് 41 സെന്റിലേക്കാണ് നിരക്ക് ഉയരുക. ഹൈ പവര്‍ ചാര്‍ജിംഗിനുള്ള നിരക്ക് 33സിയില്‍ നിന്ന് 44 സെന്റ് വരെയും (33%) വര്‍ദ്ധിക്കും.

അംഗങ്ങള്‍ക്കുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ 4.60 യൂറോയില്‍ നിന്ന് 4.99 യൂറോയാകും.

പണമടച്ച് ചാര്‍ജ് ചെയ്യുന്നവര്‍ക്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗിന്റെ നിരക്ക് 26.8സിയില്‍ നിന്ന് 39സിയാകും. 45%മാണ് വര്‍ധന.

ഫാസ്റ്റ് ചാര്‍ജര്‍ പേമെന്റ് നിരക്ക് 48% കൂടും. ഇത് 30.5സിയില്‍ നിന്ന് 45സി ആയാണ് ഉയരുക.

ഹൈ പവര്‍ ചാര്‍ജര്‍ ഉപയോക്താക്കള്‍ക്ക് നിലവില്‍ 37സിയാണ് നിരക്ക്. അത് 48സി(29%)യായി വര്‍ദ്ധിക്കും. ഫ്ളീറ്റ് പ്ലാന്‍ നിരക്കുകളും വര്‍ധിക്കും.

ഫാസ്റ്റ്, ഹൈ പവര്‍ ചാര്‍ജ് പോയിന്റിലെ ഓവര്‍ സ്റ്റേയിംഗ് ഫീ 45 മിനിറ്റിന് ശേഷം 8 യൂറോ ആയി ഉയരും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറുകളില്‍ പുതിയ ഓവര്‍സ്റ്റേ ഫീസ് 10 മണിക്കൂറിന് ശേഷമാണ് ബാധകമാവുക.

നിരക്ക് വര്‍ധന അനിവാര്യമെന്ന് ഇ എസ് ബി

ഒരു വര്‍ഷമായി ഊര്‍ജ്ജച്ചെലവിലുണ്ടായ അഭൂതപൂര്‍വവും തുടര്‍ച്ചയായതുമായ വര്‍ധനവാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് കമ്പനി പ്രസ്താവനയില്‍ വിശദീകരിക്കുന്നു. അയര്‍ലണ്ടിലെയും യൂറോപ്പിലെയും വൈദ്യുതിയുടെ മൊത്തവില കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വന്‍ തോതില്‍ കൂടി.

പ്രവര്‍ത്തനച്ചെലവിലെ വര്‍ദ്ധനവ് താങ്ങാനാവുന്നതല്ല. അതിനാല്‍ നെറ്റ്വര്‍ക്കിലെ ചാര്‍ജിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി.നിരക്ക് വര്‍ധന ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇ എസ് ബിയുടെ ഒരു കണക്ക്….

ഡബ്ലിനില്‍ നിന്ന് ഗോള്‍വേയിലേക്കും തിരിച്ചുമുള്ള 400 കിലോമീറ്റര്‍ യാത്രയ്ക്ക്, ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 340 കിലോമീറ്റര്‍ ചാര്‍ജ് ചെയ്യാം. ബാക്കി 60 കിലോമീറ്റര്‍ ഇഎസ്ബി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യാനും കഴിയും. അതിന് 10.36 യൂറോ ചെലവ് വരും. കമ്പനിയുടെ ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ച് പേ ജി പ്ലാനില്‍ ഇവി ചാര്‍ജ്ജ് ചെയ്യുന്നതിന് 26.67 യൂറോ ചെലവാകും. അതേസമയം ഇതേ യാത്രയ്ക്ക് ഡീസല്‍ കാറിന് 37.34 യൂറോ ചെലവാകുമെന്നും കമ്പനി വിശദീകരിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.