head3
head1

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ഡബ്ലിന്‍ ബേ സൗത്ത്; കളം മുറുകുന്നു 12 സ്ഥാനാര്‍ഥികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഡബ്ലിന്‍ ബേ സൗത്ത് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഇന്ത്യക്കാരായ വോട്ടര്‍മാര്‍ക്കും സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിനും വിജയത്തിനും പ്രത്യേക പ്രാധാന്യമാണുള്ളത്.ജൂലൈ എട്ടിനാണ് ഉപതിരഞ്ഞെടുപ്പ്.വാടകക്കാരേറെയുള്ള,ഹൗസിംഗ് പ്രധാന പ്രശ്നമായി നിലകൊള്ളുന്ന മണ്ഡലമാണ് ഡബ്ലിന്‍ ബേ സൗത്ത്.

അങ്കത്തട്ടില്‍ 12 സ്ഥാനാര്‍ഥികളുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ഫിനഗേലിന്റെ ശക്തികേന്ദ്രമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന ഡബ്ലിന്‍ ബേ സൗത്ത് രാജ്യത്തെ ഏറ്റവും ലിബറല്‍ മണ്ഡലങ്ങളില്‍ ഒന്നാണ്.

ഗ്രീന്‍ പാര്‍ട്ടി നേതാവ് ഇമോണ്‍ റയാനടക്കമുള്ള ടി ഡിമാര്‍ നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവരാണ്.. സിന്‍ ഫെയ്നിലെ ക്രിസ് ആന്‍ഡ്രൂസ്, ഫിനഫാളിന്റെ ജിം ഓ കലഗന്‍ എന്നിവരും ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഫിനഗേലിന്റെ ഓവന്‍ മര്‍ഫി ടി ഡി സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്..
ടെറിനൂര്‍ മുതല്‍ സാന്‍ഡിമൗണ്ട് വരെ നീളുന്ന നിയോജകമണ്ഡലത്തില്‍ റാത്ഗാര്‍, റാത്ത്‌മൈന്‍സ്, ഡോണിബ്രൂക്ക്, റിംഗ്‌സെന്‍ഡ്, സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റല്‍ ഏരിയ , സൗത്ത് ഈസ്റ്റ് ഇന്നര്‍ സിറ്റി എന്നിവ ഉള്‍പ്പെടുന്നു.

അങ്കത്തട്ടില്‍ ഇവര്‍

ഫിന ഗേലിന്റെ ജയിംസ് ജിയോഗെഗന്‍ , ഫിന ഫാളിന്റെ ഡിയര്‍ഡ്രെ കോണ്‍റോയ്, ഗ്രീന്‍ പാര്‍ട്ടിയുടെ ക്ലെയര്‍ ബൈറന്‍, സിന്‍ ഫൈനിന്റെ ലിന്‍ ബോയ്‌ലന്‍, ലേബറിന്റെ ഇവാന ബേസിക്, സോഷ്യല്‍ ഡെമോക്രാറ്റിന്റെ സാറാ ഡര്‍കാന്‍, പിബിപി / സോളിഡാരിറ്റിയുടെ ബ്രിജിഡ് പര്‍സെല്‍, ആന്റുവിന്റെ മൈരാഡ് ടൊയ്ബിന്‍, നാഷണല്‍ പാര്‍ട്ടിയുടെ ജസ്റ്റിന്‍ ബാരറ്റ്, റെനുവയുടെ ജാക്വി ഗില്‍ബോര്‍ണ്‍, സ്വതന്ത്രരായി പീറ്റര്‍ ഡൂലി, മാനിക്സ് ഫ്ളിന്‍ എന്നിവരാണ് അങ്കത്തട്ടിലുള്ളത്.

ഭവന പ്രതിസന്ധി തന്നെ മുഖ്യപ്രചാരണായുധം

ഭവന ഉടമസ്ഥതയും വാടകയുമാണ് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് സിന്‍ ഫെന്‍ പറയുന്നു. ഭവന പ്രശ്നത്തിലൂന്നിയാണ് ഇവിടെ പ്രചാരണവും. ധാരാളം ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്ള ഡബ്ലിന്‍ ബേ സൗത്തില്‍ വീടുകളും ബംഗ്ലാവുകളും താരതമ്യേന വളരെ കുറവാണ്.താമസക്കാരില്‍ 44.3 ശതമാനവും വാടകയ്‌ക്കെടുത്ത വീടുകളില്‍ കഴിയുന്നവരാണ്.

പോര്‍ട്ടോബെല്ലോ, റാനെലാ, റത്മൈന്‍സ്, ബോള്‍സ്ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് വാടകക്കാര്‍ ഏറ്റവും കൂടുതല്‍. ഉയര്‍ന്ന വാടകയും വര്‍ധിക്കുന്ന ജീവിതച്ചെലവുകളും കണക്കിലെടുത്ത് അഫോര്‍ഡബിള്‍- സോഷ്യല്‍ ഹൗസിംഗ് പദ്ധതികള്‍ പ്രധാന പ്രചാരണമാകുന്നതിന് സാധ്യതയേറെയാണ്.ദീര്‍ഘനാളായി വാഗ്ദാനം ചെയ്തിട്ടുള്ള മെട്രോ പദ്ധതിക്കൊപ്പം ബസ്, സൈക്കിള്‍ പാതകളെക്കുറിച്ചുള്ള ആശങ്കകളും പ്രാദേശിക വിവാദങ്ങളാണ്.

വൈവിധ്യങ്ങളുടെ മണ്ഡലം

ഐറിഷ് ഇതര പൗരന്മാരുള്ള രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന മേഖലകളില്‍പ്പെട്ട മണ്ഡലമാണിത്. നിയോജകമണ്ഡലത്തിലെ ജനസംഖ്യയുടെ 75 ശതമാനവും 2016 ലെ സെന്‍സസ് അനുസരിച്ച് ഐറിഷ് ആണ്. ദേശീയ ശരാശരിയേക്കാള്‍ (87 ശതമാനം) കുറവാണിത്.

നിയോജകമണ്ഡലത്തില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വിദേശീയരാണ്. ദേശീയത ബ്രിട്ടീഷ് (2.2%), പോളിഷ് (1.1%), ലിത്വാനിയന്‍ (0.3 %), യൂറോപ്യന്‍ യൂണിയന്‍ രാജ്യക്കാര്‍ (8.1%) ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ (8.6 %) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.സെന്റ് വിന്‍സെന്റ്‌സ് അടക്കമുള്ള ഹോസ്പിറ്റലുകള്‍,വിപ്രോ,ഗൂഗിള്‍ അടക്കമുള്ള ഐ ടി കമ്പനികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വലിയൊരു സാന്നിധ്യം മണ്ഡലത്തിലുടനീളമുണ്ട്.ഇന്ത്യന്‍ എംബസിയും ഈ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്.

സോഷ്യല്‍ ഹൗസിംഗ് നിലവില്‍ നിയോജകമണ്ഡലത്തിന്റെ ഉള്‍പ്പട്ടണങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു. റിങ്‌സെന്‍ഡിലെ മുന്‍ ഗ്ലാസ് ബോട്ടില്‍ സൈറ്റില്‍ 3,500 വീടുകളുടെ നിര്‍മ്മാണ പദ്ധതിയുണ്ട്..അവയില്‍ 500 എണ്ണം അഫോര്‍ഡബിളാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കാണ്. ,ഇത്തവണ സ്ഥിതി വ്യത്യസ്തമാവണമെങ്കില്‍ അട്ടിമറി ഉണ്ടാക്കാനുള്ള സാധ്യത ഏറ്റവും കൂടുതല്‍ സാധ്യത രണ്ടാം സ്ഥാനത്തെത്തിയസിന്‍ ഫെയ്നിനാണ്. ഫിനഗേലിന് നിലവിലെ സീറ്റ് നിലനിര്‍ത്താനുള്ള സാധ്യത തീരെയില്ലാത്ത അവസ്ഥയാണ് മണ്ഡലത്തില്‍ നിലവിലുള്ളത്.ഫലമറിയാന്‍ ജൂലൈ 9 വരെ കാത്തിരിക്കേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

 

Comments are closed.