head3
head1

അയര്‍ലണ്ടിന്റെ ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി കണക്കുകള്‍

ഡബ്ലിന്‍ : ഉല്‍പ്പാദന മേഖലയിലെ സ്തംഭനവും കയറ്റുമതിയിലെ കുറവും മൂലം അയര്‍ലണ്ടിന്റെ ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി കണക്കുകള്‍.കഴിഞ്ഞ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഒക്ടോബറിലെ മാനുഫാക്ചറിംഗ് ഗ്രോത്തെന്ന് എഐബി മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്സ് (പിഎംഐ) പറയുന്നു.എഐബി മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്സ് (പി എം ഐ) സെപ്തംബറിലെ 51.8ല്‍ നിന്ന് ഒക്ടോബറില്‍ 50.9 ആയാണ് കുറഞ്ഞത്.

എന്നിരുന്നാലും സമ്പദ്വ്യവസ്ഥയിലെ മോഡിഫൈയ്ഡ് ഡൊമസ്റ്റിക് ഡിമാന്റ് (എംഡിഡി) ശക്തമായി വളര്‍ന്നതായി പി എം ഐ പറയുന്നു. 2025ന്റെ ആദ്യ പകുതിയില്‍ വര്‍ഷം 3.8%മാണ് വര്‍ദ്ധിച്ചത്.വ്യക്തിഗത ഉപഭോഗം, സര്‍ക്കാര്‍ ചെലവ്, നിക്ഷേപം എന്നിവയിലെ വളര്‍ച്ചയാണ് ഇതിന് കാരണമായത്.യൂറോപ്യന്‍ യൂണിയനിലാകെ യു എസ് താരിഫ് വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതമൊഴിവായത് പരിഗണിച്ച് ഈ വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം മുമ്പത്തെ 2% ല്‍ നിന്ന് 3.3% ആയി ധനകാര്യ വകുപ്പ് ഉയര്‍ത്തിയിരുന്നു.

ഒക്ടോബറില്‍ ഉല്‍പ്പാദനത്തിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണെങ്കിലും പുതിയ ബിസിനസ്സ് വളര്‍ച്ച നേരിയ തോതില്‍ മാത്രമാണ്. നിര്‍മ്മാതാക്കള്‍ തമ്മിലുള്ള കടുത്ത മത്സരവും യൂറോപ്യന്‍ വിപണികളില്‍ നിന്നുള്ള ദുര്‍ബലമായ ഡിമാന്റുമാണ് പ്രധാന വെല്ലുവിളികളെന്ന് പി എം ഐ ചൂണ്ടിക്കാട്ടുന്നു

തൊഴില്‍ വളര്‍ച്ച പതിനൊന്നാം മാസവും മന്ദഗതിയിലാണെന്ന് പി എം ഐ പറയുന്നു.നൈപുണി ക്ഷാമം നിയമനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.ഉയര്‍ന്ന വേതനവും ഊര്‍ജ്ജ ചെലവും തുടരുകയാണ്.അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവ് കാരണം ഇന്‍പുട്ട് കോസ്റ്റ് ഇന്‍ഫ്ളേഷന്‍ 17 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും റിപ്പോര്‍ട്ട് തുടരുന്നു.ഔട്ട്പുട്ട് പ്രൈസുകള്‍ നേരിയ തോതില്‍ മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂവെന്നും പി എം ഐ പറയുന്നു.

വരുംവര്‍ഷത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ശുഭാപ്തിവിശ്വാസത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടങ്ങളാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെങ്കിലും നിര്‍മ്മാതാക്കളില്‍ 45% പേരും ഉല്‍പാദനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 9% പേര്‍ മാത്രമേ കുറവ് പ്രതീക്ഷിക്കുന്നുള്ളു.എന്നിരുന്നാലും ഇവരിലെ ആത്മവിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടായി. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗും പുതിയ വിദേശ വിപണി പ്രവേശനവുമാണ് പുതിയ സാധ്യതകളെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.