ബ്രസല്‍സ് : ഇസിബി പലിശ നിരക്ക് ഉയര്‍ത്തിയതോടെ കുറഞ്ഞ ചെലവില്‍ മോര്‍ട്ട്ഗേജ് എന്നത് സ്വപ്നം മാത്രമാകുമെന്ന് നിരീക്ഷണം. പലിശനിരക്കുയര്‍ത്തിയതോടെ മോര്‍ട്ട്ഗേജ് വലിയൊരു ഭാരമായി ജീവിതകാലത്തുടനീളം തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ പലിശനിരക്ക് വര്‍ധിപ്പിച്ചതുകൊണ്ട് ഇസിബി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനവില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. റഷ്യന്‍ യുദ്ധം അവശേഷിപ്പിക്കുന്ന പ്രശ്നങ്ങള്‍ മൂലം ഊര്‍ജ്ജച്ചെലവ് വര്‍ധിച്ചുകൊണ്ടേയിരിക്കും. അതിനിടെ 11 വര്‍ഷത്തിനുള്ളിലെ ആദ്യത്തെ പലിശ നിരക്ക് വര്‍ധനയും യുദ്ധവും പണപ്പെരുപ്പവും വിലക്കയറ്റവുമെല്ലാമായി യൂറോപ്പാകെ സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് നീങ്ങുമെന്ന ആശങ്കയും വളരെ ശക്തമാണ്.
അതിനു പുറമേ വര്‍ധിച്ച ജീവിതച്ചെലവുകള്‍ കൂടി കണക്കാക്കുമ്പോള്‍ ഇത്തരം സാധാരണ കുടുംബങ്ങളുടെ ജീവിതം കൂടതല്‍ ഞെരുക്കത്തിലാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പലിശനിരക്കില്‍ 0.25 ശതമാനം വര്‍ധനവാണ് ഇസിബി വരുത്തിയത്. സെപ്തംബറില്‍ ഈ നിരക്ക് ഇരട്ടിയായും വര്‍ദ്ധിപ്പിക്കും. വര്‍ഷാവസാനത്തോടെ വര്‍ധന 0.75%മാകുമെന്നും കരുതുന്നുണ്ട്.
കഷ്ടപ്പെടും കുടുംബങ്ങള്‍…
പലിശനിരക്ക് വര്‍ധനവോടെ 250,000 ട്രാക്കര്‍ മോര്‍ട്ട്ഗേജുള്ള ഒരു കുടുംബത്തിന് പ്രതിവര്‍ഷം 1,200 യൂറോ അധികമായി നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഊര്‍ജ്ജം, മോട്ടോര്‍ ഇന്ധനം, ഭക്ഷണം എന്നിവയുടെ ചെലവിനത്തില്‍ വര്‍ഷം 4,000 യൂറോയുടെ അമിതച്ചെലവും ഓരോ കുടുംബത്തിനുമുണ്ടാവുമെന്നും കരുതുന്നു.
മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാരില്‍ പകുതിയോളം പേരും നിശ്ചിത നിരക്കുകളിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ അവരുടെ നിശ്ചിത കാലാവധി അവസാനിക്കുന്നതോടെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കൂടും. വേരിയബിള്‍-റേറ്റ് മോര്‍ട്ട്ഗേജുകളുള്ള ഏകദേശം 2,00,000 കുടുംബങ്ങള്‍ക്ക് ഭവനവായ്പാച്ചെലവുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അയര്‍ലണ്ടിലെ ഐറിഷ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ യൂറോസോണിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. എങ്കിലും ഇവിടുത്തെ ബാങ്കുകള്‍ക്കും നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും.
അമിതഭാരമാകും നിരക്ക് വര്‍ധന; ചില വീട്ടുകണക്കുകള്‍
അയര്‍ലണ്ടില്‍ ഏതാണ്ട് അഞ്ച് ലക്ഷം കുടുംബങ്ങള്‍ ട്രാക്കറുകളിലോ വേരിയബിള്‍ മോര്‍ട്ട് ഗേജുകളിലോ ആണെന്നാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം ഈ നിരക്ക് വര്‍ധന ഗുരുതരമായി ബാധിക്കും.
ഇപ്പോഴത്തെ നിലയില്‍ വീടുകളിലേക്കുള്ള ഗ്രോസറി ബില്ലുകളില്‍ മാത്രം 453 യൂറോയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇലക്ടിസിറ്റി നിരക്ക് വര്‍ധനവിലൂടെ ഓരോ കുടുംബത്തിനും 670 യൂറോയുടെ അമിതച്ചെലവാണ് ഇതിനകം വന്നിട്ടുള്ളത്. ഹീറ്റിംഗ് ചെലവിനത്തില്‍ 650 യൂറോയുടെ വര്‍ധനവുമുണ്ടായി. കുടുംബ വാഹനത്തിന്റെ ഡീസലിന്റെയും പെട്രോളിന്റെയും ചെലവില്‍ പ്രതിവര്‍ഷം 777 യൂറോയുടെ വര്‍ധനവുമുണ്ടായിട്ടുണ്ട്. ഇവയെല്ലാം കൂടി ഒരു സാധാരണ ട്രാക്കര്‍ മോര്‍ട്ട്ഗേജുള്ള കുടുംബങ്ങളുടെ മൊത്തം ചെലവ് ഏതാണ്ട് 4000 യൂറോയാകുമെന്നാണ് കരുതുന്നത്.
അതേസമയം, ജീവിതച്ചെലവ് വര്‍ധന കുറയുന്നതിന്റെ ഒരു സൂചനയും ഒരിടത്തുമില്ല. യൂറോസ്റ്റാറ്റ് കണക്കുകള്‍ പ്രകാരം വിലക്കയറ്റം 9.6 ശതമാനമാണ്. അതിനിയും കൂടുന്നതിനേക്കുറിച്ച് സാധാരണ കുടുംബങ്ങള്‍ക്ക് ആലോചിക്കാന്‍ പോലുമാകില്ല.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.