head3
head1

ഇന്ത്യന്‍ ടിഫിന്‍ സര്‍വ്വീസിനെ ഐറിഷ്‌വല്‍ക്കരിച്ച് ഒ’ദേശി മീല്‍സ്; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃക കാട്ടി ഡബ്ലിന്‍ സ്വദേശി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനരഹിതരുടെ വിശപ്പടക്കാന്‍ മാതൃക കാട്ടുകയാണ് ഒ’ ദേശി മീല്‍സ് സംരംഭത്തിന്റെ ഉടമസ്ഥനായ ഡബ്ലിന്‍ സ്വദേശി അനുഭവ് ദത്ത. അയര്‍ലണ്ടില്‍ ഇന്ത്യന്‍ മോഡല്‍ ടിഫിന്‍ ഡെലിവറി സര്‍വ്വീസാരംഭിച്ച് ചരിത്രം കുറിച്ചതും ഇദ്ദേഹമാണ്.

തെരുവില്‍ കഴിയുന്നവരെ സഹായിക്കുന്നതിന് പണം കണ്ടെത്തുന്നതിനായി തുടങ്ങിയ ഈ സംരംഭം ഇന്നൊരു കാറ്ററിംഗ് യൂണിറ്റായി തുടരുകയാണ്. കോവിഡായിരുന്നു ടിഫിന്‍ സര്‍വ്വീസിന്റെ രൂപമാറ്റത്തിന് കാരണമായത്.

തന്റെ സ്ഥാപനത്തിന്റെ ലാഭത്തിന്റെ 50% കൊല്‍ക്കത്തയിലെ ബ്ലൈന്‍ഡ് ബോയ്‌സ് അക്കാദമിയിലേക്ക് സംഭാവന നല്‍കുകയാണ് ഇദ്ദേഹം. ബാക്കി തെരുവില്‍ കഴിയുന്നവര്‍ക്കായുള്ള തന്റെ ക്രിസ്മസ് പ്രോജക്റ്റിനും മഴ ദിവസങ്ങളിലെ പ്രവര്‍ത്തന ചെലവുകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ക്രിസ്മസ് പ്രോജക്ട് തെരുവിലുള്ളവര്‍ക്കുള്ള വലിയൊരു ജീവകാരുണ്യമാണ്. ബീനീസ്, ഗ്ലാസുകള്‍, മോയ്‌സ്ചറൈസറുകള്‍, ഡെന്റല്‍ കിറ്റുകള്‍, സോക്‌സ് തുടങ്ങിയ യൂട്ടിലിറ്റി സാധനങ്ങള്‍ മുതല്‍ പിസ്സ വരെ അടങ്ങിയ ക്രിസ്മസ് സമ്മാനമാണത്. തെരുവില്‍ അലയുന്ന മുഴുവനാളുകള്‍ക്കും അതെത്തിക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.

ഏഴു വര്‍ഷമായി തുടരുന്ന പുണ്യം

ഏഴ് വര്‍ഷം മുമ്പ് ഒരു ക്രിസ്മസിനാണ് തന്റെ മനസ്സില്‍ ഇത്തരമൊരു ആശയം തോന്നിയതെന്ന് അനുഭവ് ദത്ത പറഞ്ഞു. 2015 -ലായിരുന്നു അത്. ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഉറങ്ങുന്നവര്‍ക്കെല്ലാം ക്രിസ്മസ് ദിനത്തിലും തലേന്നും അനുഭവ് പിസ്സ നല്‍കി. തുടര്‍ന്ന് 2016ലും അത് തുടര്‍ന്നു.

”ക്രിസ്മസ് ദിനങ്ങളില്‍ സ്ഥാപനങ്ങളൊന്നും തുറക്കാത്തതിനാല്‍ തെരുവുകളില്‍ കഴിയുന്നവര്‍ മിക്കവാറും പട്ടിണിയിലായിരിക്കും. എന്നാല്‍ അവര്‍ക്ക് പിസ്സ മാത്രം നല്‍കുന്നത് കൊണ്ടു കാര്യമില്ലെന്ന് തോന്നി. തുടര്‍ന്ന് 2017 മുതല്‍ ഇന്നത്തേതു പോലെ ക്രിസ്മസ് സമ്മാനമാക്കി. അത് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. എന്നാലും പദ്ധതി നിര്‍ത്താന്‍ തോന്നിയില്ല. കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനായി സുഹൃത്ത് സിദ്ധാര്‍ത്ഥ് പട്ടേലുമായി കൂട്ടുചേര്‍ന്ന് ഒ’ ദേശി മീല്‍സ് ആരംഭിച്ചു. ഒപ്പം ഒ’ദേശിയോടുള്ള പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ഒ’ കോണറും, ഒ’ ബ്രീനും പോലെയൊരു കണക്ഷന്‍… വേണമെങ്കില്‍ ഓ,,,, ദേശി എന്നും വായിക്കാം… അങ്ങനെ അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യയുടെ യഥാര്‍ത്ഥ രുചി ടിഫിനിലൂടെ കൊണ്ടുവന്നു” അനുഭവ് പറഞ്ഞു.

കോവിഡ് വന്നതോടെ 2019 മുതല്‍ ഇവന്റ് കാറ്ററിങ്ങിലായി. ഇപ്പോള്‍ നല്ല തിരക്കുണ്ട്. ഐഡിസി ദുര്‍ഗാ പൂജയ്ക്കായി ഏകദേശം 750 പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കി നല്‍കിയത്.ഫേയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ഒ’ ദേശി മീല്‍സ് ലഭ്യമാണ്. വെബ്സൈറ്റിലും ഓര്‍ഡര്‍ ചെയ്യാം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.