head1
head3

ഡബ്ലിന്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലെ കാലതാമസം, മാപ്പ് ചോദിച്ച് ഡിഎഎ

ഡബ്ലിന്‍ : സുരക്ഷാ പരിശോധനയിലെ കാലതാമസം മൂലം വലയുന്ന യാത്രക്കാരോട് ക്ഷമാപണവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്. നീണ്ട ക്യൂ കാരണം കണക്ഷന്‍ വിമാനങ്ങള്‍ നഷ്ടമായവരോടും ഡിഎഎ മാപ്പു ചോദിച്ചു.

ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ കഷ്ടപ്പെടുകയാണെന്ന് ഡിഎഎ ചീഫ് എക്‌സിക്യൂട്ടീവ് ഡാല്‍ട്ടണ്‍ ഫിലിപ്സ് പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ എണ്ണം യാത്രക്കാരെത്തിയതും പ്രശ്നമായെന്ന് ഇദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനത്തിലേറെ വര്‍ധനവുണ്ട്. പ്രതിദിനം 15,000ല്‍ അധികം യാത്രക്കാരാണെത്തുന്നത്.

ആവശ്യത്തിന് ജീവനക്കാരില്ല. ഇവരുടെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയാകുന്നതേയുള്ളു. ഇതൊക്കെ കാരണങ്ങളാണെങ്കിലും യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നിരുപാധികം ക്ഷമ ചോദിക്കുകയാണ്-ഡിഎഎ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

സുരക്ഷാ വിഭാഗത്തില്‍ 600 ഓഫീസര്‍മാര്‍മാരാണുള്ളത്. ഈ സമയത്ത് 900 ആണ് ആവശ്യമായുള്ളത്. 300 പേരെ റിക്രൂട്ട് ചെയ്യേണ്ടതുണ്ട്. സുരക്ഷാ ടീമിന് എന്‍ട്രി ലെവലില്‍ മണിക്കൂറിന് 14.14 യൂറോയാണ് നല്‍കുന്നത്. ദേശീയ മിനിമം വേതനത്തേക്കാള്‍ 35% കൂടുതലാണിത്. തൊഴില്‍ സുരക്ഷിതത്വമുള്ള പെന്‍ഷനുള്ള ജോലിയാണ്. കൂടാതെ മറ്റ് അധിക ആനുകൂല്യങ്ങളുമുണ്ട്. എന്നിരുന്നാലും ആളെ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കാത്തിരിപ്പൊഴിവാക്കാന്‍ സുരക്ഷാ പരിശോധനകള്‍ക്കായി മുക്കാല്‍ മണിക്കൂര്‍ നേരത്തെ എത്തണമെന്ന് റയന്‍എയര്‍, യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.