head3
head1

ലോക കേരളാ സഭയിലെ യൂസഫലി നാടകങ്ങള്‍

ലോക കേരള സഭയെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നപ്പോള്‍   സഭയെ വെളുപ്പിക്കാന്‍ യൂസുഫ് അലിയെ അടക്കം കൂട്ടു പിടിച്ച് നടത്തിയ നാടകങ്ങള്‍ പൊളിച്ചടക്കി.

മാധ്യമ പ്രവര്‍ത്തകന്‍ അന്‍വര്‍ പാലേരി എഴുതുന്നു.

ചില അപ്രിയ
സത്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന തലക്കെട്ടിനു ചുവട്ടില്‍ ജീവിക്കുന്നത് ലജ്ജാകരമാവുമെന്ന് ഉറപ്പുള്ളത് കൊണ്ട് പറയുകയാണ്-

ലോകകേരള സഭ നടക്കുമ്പോള്‍ എബിന്‍ എന്ന് പേരുള്ള ചെറുപ്പക്കാരന്‍ സദസ്സിലേക്ക് വരുന്നു.
തന്റെ ചേതനയറ്റ അച്ഛന്റെ ഭൗതിക ശരീരം സൗദിയില്‍ നിന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് എബിന്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിക്കുന്നു….

ഉടന്‍ എം.എ യൂസഫ് അലി പ്രസംഗിക്കുന്ന വേദിയില്‍ നിന്ന് ഫോണ്‍ സ്പീക്കറിലിട്ട് സൗദിയിലുള്ള ആളുകളുമായി സംസാരിക്കുന്നു…

മാലോകര്‍ മുഴുവന്‍ കേള്‍ക്കെ എബിന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്യണമെന്നും അതിനുള്ള മുഴുവന്‍ ചിലവുകളും ഏറ്റെടുക്കാമെന്ന് മാലോകര്‍ മുഴുവന്‍ കേള്‍ക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു-

നല്ല കാര്യം.
ഒരു സംശയം ബാക്കി.??

എബിന്‍ എങ്ങനെ പ്രവാസികള്‍ക്ക് മാത്രം പ്രവേശനമുള്ള ലോക കേരളസഭയില്‍ എത്തി..?

അവിടേക്ക് കടന്നുവരുമ്പോള്‍ ആവശ്യം എന്താണെന്ന് ആരും ചോദിച്ചില്ലേ..?

ചോദിച്ചെങ്കില്‍ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണെങ്കില്‍ നോര്‍ക്കയുടെ കീഴില്‍ വേറെ സംവിധാനമുണ്ടെന്ന് ആരും പറഞ്ഞില്ലേ…?

ഒരു മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ കെ.എം.സി.സി ഉള്‍പ്പെടെ ഗള്‍ഫില്‍ നൂറുകണക്കിന് സന്നദ്ധ സംഘടനകളുണ്ട്..

ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ യൂസഫ് അലിയുടെ സേവനമൊന്നും വേണ്ടെന്ന് ഗള്‍ഫില്‍ രണ്ടു പതിറ്റാണ്ടിലധികമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എന്നെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും നന്നായറിയാം.

ഖത്തര്‍ റിയാലിന്റെ കണക്കില്‍ അയ്യായിരം റിയാലില്‍ താഴെയേ ഇതിനു ചിലവ് വരൂ എന്നും അറിയാം. ..

ഇനി ഒരു സന്നദ്ധ സംഘടനയും അതിനു തയാറായില്ലെങ്കില്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കാണ് അതിന്റെ ചുമതല.

ഓരോ എംബസിക്ക് കീഴിലും അപ്പെക്സ് ബോഡികളുണ്ട്.

അതുകൊണ്ടു തന്നെ പണമില്ലാത്തത് കൊണ്ട് ഒരു മൃതദേഹവും നാട്ടിലെത്തിക്കാന്‍ ഇന്നേവരെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ല എന്നാണ് എന്റെ അറിവ്.

സ്വന്തം അനുഭവത്തില്‍ പറയട്ടെ,പല പ്രവാസികളും അവരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ പതിനായിരം ഖത്തര്‍ റിയാലിന് താഴെ വരുന്നതാണെങ്കില്‍ ഒരു ഫോണ്‍ കൊണ്ട് നിമിഷം കൊണ്ട് പരിഹരിച്ച അനുഭവം എനിക്ക് വ്യക്തിപരമായി ഉണ്ട്.

ഇതുപോലെ അഞ്ച് പൈസക്ക് ഗതിയില്ലാത്ത നിരവധി മൃതദേഹങ്ങള്‍ ദിവസവും ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ദിവസവും കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്നുണ്ട്..

അതൊന്നും യൂസഫലിയുടെ സഹായം കൊണ്ടല്ല.

ഒരു മൃതദേഹവും പണമില്ലാത്തത് കൊണ്ട് മോര്‍ച്ചറിയില്‍ കിടക്കുന്നതായും അറിയില്ല..

അതേസമയം,നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുകിടക്കുന്നതാണെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇനി കോടികളുടെ ബാധ്യതകളുള്ള പ്രശനമാണെങ്കില്‍ യുസഫ് അലിയെ പോലുള്ള സമ്പന്നരുടെ സഹായം ഞങ്ങള്‍ പ്രവാസികള്‍ക്ക് ആവശ്യമാണ്.

ഇത്തരം .പല വിഷയങ്ങളിലും മാതൃകാ പരമായ ഇടപെടലുകള്‍ നടത്തി തൂക്കുകയറില്‍ നിന്ന് വരെ അദ്ദേഹം പലരെയും രക്ഷിച്ചിട്ടുമുണ്ട്.

ഇവിടെ,സൗദിയില്‍ നിന്നും ഒരു മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുച്ഛമായ തുകയാണ് ആവശ്യം.

മകന്‍ എബിന്‍ കൃത്യമായി ലോകകേരള സഭയില്‍ വരുന്നു-

മാധ്യമ ഭാഷയില്‍ കണ്ണീരോടെ മകന്‍ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് വിതുമ്പലോടെ പറയുന്നു-ഉടന്‍ യുസഫ് അലി ഇടപെടുന്നു,ഫോണ്‍ സ്പീക്കറിലിടുന്നു,മാധ്യമങ്ങള്‍ ചിത്രം പകര്‍ത്തുന്നു.വലിയ വാര്‍ത്തയാകുന്നു-

ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തിക്കുന്നതു വരെയുള്ള ആംബുലന്‍സ് സംവിധാനം വരെ കേരള സര്‍ക്കാരിന് കീഴില്‍ സൗജന്യമായി നോര്‍ക്ക ചെയ്യും എന്ന ഉറപ്പ് ഞാനുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്….

അപ്പോള്‍ പിന്നെ എബിനും ലോകകേരള സഭയും യുസഫ് അലിയും?

യുസഫ് അലി പ്രസംഗിക്കുമ്പോള്‍ തന്നെയുള്ള എബിന്റെ രംഗപ്രവേശവും മാധ്യമ വാര്‍ത്തയും…?

മാധ്യമങ്ങള്‍ ലോല വികാരങ്ങള്‍ക്ക് പിന്നാലെ പോയി കദന കഥകള്‍ ചമക്കുന്നതിന് മുമ്പ് ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതല്ലേ…?

എന്റെ സംശയമാണ്.തെറ്റുണ്ടെങ്കില്‍ തിരുത്താം…

ഗള്‍ഫിലെ സന്നദ്ധ സംഘടനകള്‍-പ്രത്യേകിച്ച് സൗദിയിലെ ജീവകാരുണ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും നോര്‍ക്കയും ഒരു വകയ്ക്ക് കൊള്ളില്ലെന്ന് ഞാനും വിശ്വസിക്കാം.

ഇനി യൂസഫ് അലിയാണ്-
വിമര്ശിക്കരുത് എന്നാണെങ്കില്‍ അതിന് എന്നെ കിട്ടില്ലെന്ന് മാത്രം അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ആണയിടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.