head1
head3

കണ്‍സള്‍ട്ടന്റ് പദവി വേണം ;അയര്‍ലണ്ടിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു

ഡബ്ലിന്‍ : കണ്‍സള്‍ട്ടന്റ് പദവി ആവശ്യപ്പെട്ട് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.നവംബര്‍ 30 നകം പരിഷ്‌കരിച്ച കണ്‍സള്‍ട്ടന്റ് കരാറുകള്‍ അംഗീകരിച്ചില്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റുകള്‍ പണിമുടക്കുള്‍പ്പടെയുള്ള സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്നാണ് ഐറിഷ് മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.ഒ) മുന്നറിയിപ്പ് .

കരാറുകളെ സംബന്ധിച്ച് ഇനിയും ആരോഗ്യ വകുപ്പില്‍ നിന്ന് ഔപചാരിക നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് നിരാശാജനകമാണെന്ന് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍, ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു.ഈ വിഷയത്തില്‍ അടിയന്തിരമായി യോഗം ചേര്‍ന്ന് തീരുമാനമമെടുക്കണമെന്ന് ആരോഗ്യവകുപ്പിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരികയാണെന്നും കത്തില്‍ വെളിപ്പെടുത്തുന്നു.

പൊതുജനാരോഗ്യ വിദഗ്ധര്‍ 18 വര്‍ഷമായി കണ്‍സള്‍ട്ടന്റ് പദവിയിയ്ക്കായി പോരാടുകയാണ്.ഇതിനുള്ള തടസ്സങ്ങളിലൊന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊണല്ലി പുതിയ നിയമനിര്‍മ്മാണത്തിന്റെഭാഗമായി പുതിയ കരാറുകള്‍ പുറപ്പെടുവിക്കാന്‍ അനുവദിച്ചതോടെ പരിഹരിച്ചു.2019 ലെ ശമ്പള, കരാറിന്റെ ഭാഗമായി കണ്‍സള്‍ട്ടന്റ് പദവിയും കരാറുകളും വാഗ്ദാനം ചെയ്തിരുന്നു.

2019ല്‍ പണിമുടക്ക് ഒഴിവാക്കുന്നതിന് ഐഎംഒ, ആരോഗ്യവകുപ്പ്, എച്ച്എസ്ഇ എന്നിവയുമായി ഇതു സംബന്ധിച്ച ധാരണയുമുണ്ടാക്കിയിരുന്നു. 2020 ജൂലൈയില്‍ ഇത് പൂര്‍ണ്ണമായും നടപ്പാക്കേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായില്ല.എന്നിരുന്നാലും, പൊതുജനാരോഗ്യ വിദഗ്ധര്‍ അധിക ജോലികള്‍ ഏറ്റെടുത്തു.ഇതിന് അവര്‍ക്ക് വാഗ്ദാനം ചെയ്ത അധിക വേതനവും ലഭിച്ചില്ല.

പബ്ലിക് ഹെല്‍ത്ത് ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം ശരാശരി 113,000 യൂറോയാണ് സമ്പാദിക്കുന്നത്. അതേസമയം, കണ്‍സള്‍ട്ടന്റുമാര്‍ക്ക് 195,000 മുതല്‍ 199,000 യൂറോ വരെയാണ് ലഭിക്കുന്നത്.അടിയന്തിര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യുമെന്നും ഈ ആഴ്ചയില്‍ത്തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പുമായി നടത്തിയ അവസാന ചര്‍ച്ച യോഗത്തില്‍ ഉറപ്പ് ലഭിച്ചതാണ്.ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഐഎംഒ ഭാരവാഹികള്‍ അടുത്തയാഴ്ച ആരോഗ്യ വകുപ്പ് മേധാവികളെ കാണുന്നുണ്ട്.ഗൗരവകരമായ ചര്‍ച്ചകള്‍ നവംബര്‍ 4 ന് ആരംഭിക്കാനാവുമെന്നാണ് ഐഎംഒ കരുതുന്നത്.അതുണ്ടാകാത്ത പക്ഷം സമരത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം.

വര്‍ക്ക് ഫോഴ്സും ബിസിനസ്സ് പ്ലാനും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാവസായിക നടപടികള്‍ക്കുള്ള ബാലറ്റ് ആരംഭിക്കുമെന്ന് ഐഎംഒ ആരോഗ്യവകുപ്പിനെ ഓര്‍മ്മപ്പെടുത്തി.ആരോഗ്യ വകുപ്പ് പുതിയ കരാറിനായി പബ്ലിക് എക്സപെന്‍ഡിക്ചര്‍ വകുപ്പിന് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് മുന്നറിയിപ്പുമായി ഐഎംഒ രംഗത്തുവന്നത്.

ഈ പുതിയ കരാറുകള്‍ നല്‍കുകയും അവ ഡിപിഇആര്‍ സൈന്‍ ഓഫ് ചെയ്യുകയും വേണം. എന്നാല്‍ ഇതുവരെ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിപിആര്‍ വകുപ്പ് വക്താവ് വെളിപ്പെടുത്തിയത്.

പൊതുപ്രവര്‍ത്തകരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പബ്ലിക് എക്സ്പെന്‍ഡിക്ചര്‍ വകുപ്പ് മന്ത്രിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്.എന്നാല്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് പി.ഇ.ആര്‍ മന്ത്രിയുടെ പരിഗണനയ്ക്കായി നല്‍കേണ്ടതുണ്ട്.ഇക്കാര്യത്തില്‍ആരോഗ്യ വകുപ്പ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.ഇക്കാര്യത്തില്‍ പുരോഗതിയില്ലാത്തതില്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ വളരെ നിരാശരാണെന്ന് പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് റെജീന കീര്‍നാന്‍ പറഞ്ഞു.

മറ്റ് സ്പെഷ്യലിസ്റ്റുകളോട് കാണിക്കുന്ന അതേ ബഹുമാനം ലഭിക്കാന്‍ 18 വര്‍ഷത്തിനുശേഷമായി കാത്തിരിക്കുന്നവരാണ് ജിപിമാരെന്ന് ഓര്‍ക്കേണ്ടതുണ്ട്. കരാര്‍ പരിഷ്‌കരിക്കുമെന്ന് ആവര്‍ത്തിച്ചുറപ്പ് നല്‍കുമ്പോഴും പൊതുജനാരോഗ്യ വിദഗ്ധരുടെ കണ്‍സള്‍ട്ടന്റ് പദവി ഒരു മുന്‍ഗണനാ പ്രശ്നമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ യാതോരു തുടര്‍നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുമില്ല. പൊതുജനാരോഗ്യ വിദഗ്ധര്‍ക്ക് കണ്‍സള്‍ട്ടന്റ് പദവി നല്‍കുന്നതിന് മന്ത്രിയും വകുപ്പും പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍.പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.