വൈറ്റ് ഹൗസില്‍ നിന്നും ‘ഇറക്കിവിട്ടു’ ഉക്രൈയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയ്ക്ക് നിരാശയോടെ മടക്കം
ഇങ്ങനെ ഒരു ചര്‍ച്ച ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല ,കാണണം ഈ വീഡിയോ !
വാഷിംഗ്ടണ്‍ : ലോകം ഇങ്ങനെ ഒരു അന്താരാഷ്ട്ര ചര്‍ച്ച കണ്ടിരിക്കില്ല.പ്രേക്ഷകരെ പോലും ഭീതിപ്പെടുത്തുന്നതായിരുന്നു ആ ചര്‍ച്ചകള്‍.ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കെ ,മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അമേരിക്കന്‍ നേതാക്കളും,ഉക്രൈന്‍ പ്രസിഡണ്ടും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു ഇന്നലെ.
സമാധാന ചര്‍ച്ചകള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായുള്ള പ്രകൃതിധാതു കരാറൊപ്പിടുന്നതിനുമായി വൈറ്റ് ഹൗസിലെത്തിയ ഉക്രൈയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി നിരാശയോടെയാണ് മടങ്ങിയത്. കരാറും ഒപ്പിട്ടില്ല,ഒപ്പം ഇരു നേതാക്കളും സംയുക്തമായി നടപ്പാക്കാന്‍ നിശ്ചയിച്ച ഓവല്‍ ഓഫീസിലെ യോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തി. സംയുക്ത വാര്‍ത്താ സമ്മേളനവും ട്രമ്പ് റദ്ദാക്കി. മാത്രമല്ല ഉക്രൈയിന്‍ പ്രതിനിധികളോട് ഓവല്‍ ഓഫീസില്‍ നിന്നും പോകാനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഇവരെ ഇറക്കിവിടാന്‍ നിര്‍ദ്ദേശം നല്‍കിയത്. അമേരിക്കയുടെ റഷ്യന്‍ പക്ഷപാതിത്വം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതാണ് സെലന്‍സ്‌കിയെ വിളിച്ചുവരുത്തി ‘ഇറക്കിവിട്ട’ അമേരിക്കന്‍ നടപടി.ഉക്രൈയിനെ സഹായിക്കുന്നത് തുടരണമോയെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ച നടന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എല്ലാം അവസാനിച്ച പോലെ...
വിവാദത്തിന് ശേഷവും പിന്നീടും ഉക്രൈന്‍ കേന്ദ്രങ്ങള്‍ വൈറ്റ് ഹൗസുമായി പല തവണ ബന്ധപ്പെട്ടെന്നും എന്നാല്‍ സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയില്ലെന്നും വൈറ്റ് ഹൗസ് കേന്ദ്രങ്ങള്‍ പറയുന്നു.ട്രംപും പുടിനും തമ്മില്‍ ഫോണ്‍ കോളുകളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സെലെന്‍സ്‌കി വൈറ്റ് ഹൗസ് വിട്ടതിനുശേഷം വിവിധ യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ഉന്നത ട്രംപ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു.
യു എസും ഉക്രൈയിനും തമ്മിലുള്ള കടുത്ത ഭിന്നതകള്‍ തുറന്നുകാട്ടുന്നതായിരുന്നു വാന്‍സ് -ട്രമ്പ് -സെലന്‍സ്‌കി കൂടിക്കാഴ്ച.റഷ്യ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ഉക്രൈയിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് അപൂര്‍വ ധാതു കരാറില്‍ ഒപ്പുവെക്കാനുള്ള പദ്ധതിയ്ക്ക് ഉക്രൈയിന്‍ രൂപം നല്‍കിയത്. ഈ കരാറിനൊപ്പം അമേരിക്കയുടെ കടുത്ത സുരക്ഷയും ഉറപ്പാക്കാനാകുമെന്നായിരുന്നു സെലന്‍സ്‌കി കരുതിയത്. എന്നാല്‍ ചര്‍ച്ച തര്‍ക്കത്തിന് വഴിമാറി.റഷ്യയുമായി കരാറിലൊപ്പിടുക,അല്ലെങ്കില്‍ ഞങ്ങള്‍ പുറത്തുപോകുമെന്ന് അമേരിക്കന്‍ നേതാക്കള്‍ ഭീഷണി മുഴക്കുന്നതുവരെ കാര്യങ്ങളെത്തി. സെലന്‍സ്‌കി അമേരിക്കയെ അപമാനിച്ചുവെന്ന് വൈസ് പ്രസിഡന്റിന്റെ കുറ്റപ്പെടുത്തലുമുണ്ടായി.
സമാധാന ചര്‍ച്ചകള്‍ ഏറ്റമുട്ടലിലേയ്ക്ക്
ബൈഡന്‍ ഭരണകൂടത്തിന്റെ നടപടികളാണ് സ്ഥിതി വഷളാക്കിയതെന്ന പരാമര്‍ശം വാന്‍സിന്റെ ഭാഗത്തുനിന്നുമുണ്ടായി.ഇനി നയതന്ത്രമാണ് വേണ്ടതെന്നും വാന്‍സ് പറഞ്ഞു.തുടര്‍ന്നാണ് യോഗം പിരിമുറുക്കത്തിലക്കിയതെന്നാണ് സൂചന.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘന കരാറുകളുടെ പട്ടിക സെലന്‍സ്‌കി ചര്‍ച്ചയില്‍ നിരത്തി. എന്ത് നയതന്ത്രത്തെക്കുറിച്ചാണ് പറയുന്നതെന്ന് സെലെന്‍സ്‌കി ചോദിച്ചു.
വാന്‍സിന്റെ വാദങ്ങള്‍
അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ വിസ്തരിക്കാന്‍ ശ്രമിക്കുകയാണ് സെലെന്‍സ്‌കിയെന്ന് വാന്‍സ് തിരിച്ചടിച്ചു.ഇത് തികഞ്ഞ അനാദരവാണെന്നും വാന്‍സ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് യു എസ് പ്രസിഡന്റിനോട് എപ്പോഴെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോയെന്നും വാന്‍സ് പറഞ്ഞു. ആദ്യം അതാണ് ചെയ്യേണ്ടത്.’അമേരിക്കന്‍ ഓവല്‍ ഓഫീസില്‍ വന്ന് നിങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തെ ആക്രമിക്കുന്നത് മാന്യതയല്ല ‘വാന്‍സ് പറഞ്ഞു.
വാക്കുകളില്‍ പിടിച്ചു തൂങ്ങി വിവാദം
യുദ്ധത്തില്‍ നിന്ന് യു എസ് വേര്‍പിരിഞ്ഞിരിക്കുകയാണെന്ന് സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നിങ്ങള്‍ക്കത് തോന്നില്ല,പക്ഷേ ഭാവിയില്‍ അത് മനസ്സിലാകും. സെലന്‍സ്‌കിയുടെ ഈ പരാമര്‍ശവും ഏറെ കോലാഹലമുണ്ടാക്കി. ‘ഞങ്ങള്‍ക്ക് എങ്ങനെ തോന്നുമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാനാകുമെന്ന് ‘ ട്രമ്പ് തിരിച്ചടിച്ചു. ഞങ്ങളുടെ കാര്യം നിങ്ങള്‍ പറയേണ്ട,നിങ്ങളുടെ തോന്നലല്ല ഞങ്ങളുടേത്.ഇവിടെ ഒരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞങ്ങള്‍ക്ക് ഇത് നല്ലതായാണ് തോന്നുന്നത്.
ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളും മൂന്നാം ലോകമഹായുദ്ധമെന്ന വലിയ കാര്‍ഡുമായാണ് നിങ്ങള്‍ കളിക്കുന്നതെന്ന മുന്നറിയിപ്പും സെലന്‍സ്‌കി നല്‍കി.
നന്ദി പറയാത്തതെന്ത്…
ഈ കൂടിക്കാഴ്ചയില്‍ എപ്പോഴെങ്കിലും നന്ദി എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വാന്‍സ് വീണ്ടും ചോദിച്ചു.വാഗ്വാദത്തിനിടെ ട്രംപും വാന്‍സും പലപ്പോഴും ശബ്ദം ഉയര്‍ത്തി സംസാരിച്ചു. എന്നാല്‍ സെലെന്‍സ്‌കി ഒരേ സ്വരത്തിലാണ് സംസാരിച്ചത്.നിങ്ങളുടെ രാജ്യം വലിയ പ്രശ്നത്തിലാണ്. പരിഹരിക്കാന്‍ നല്ല അവസരമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നതെന്ന് ട്രമ്പ് പറഞ്ഞു.യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്റെ രാജ്യം ശക്തമായി നിലകൊള്ളുകയാണെന്നും ഉക്രൈയിന്‍കാര്‍ നന്ദിയുള്ളവരാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
വാക്കിലുറച്ച് സെലന്‍സ്‌കി
യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷേ വെടിനിര്‍ത്തല്‍ കരാറിനൊപ്പം സുരക്ഷാ ഉറപ്പുകളും വേണമെന്നും സെലെന്‍സ്‌കി പറഞ്ഞു.സുരക്ഷാ ഉറപ്പുകള്‍ ഉള്‍പ്പെടുത്താതെ ട്രംപ് വെടിനിര്‍ത്തല്‍ കരാറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സെലന്‍സ്‌കി ആരോപിച്ചു.
വെടിനിര്‍ത്തല്‍ ഒരിക്കലും നടപ്പാകില്ല-സെലെന്‍സ്‌കി പറഞ്ഞു, 25 തവണ പുടിന്‍ കരാറുകള്‍ ലംഘിച്ചു.പുടിന്‍ ഒരിക്കലും എന്നോട് തെറ്റ് ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
സെലെന്‍സ്‌കി എല്ലാം നശിപ്പിച്ചെന്ന് വൈറ്റ് ഹൗസ്
ഓവല്‍ ഓഫീസ് ഒരു’ചവിട്ടുപടി ആയിരുന്നുവെന്നും പക്ഷേ സെലെന്‍സ്‌കി അത് നശിപ്പിച്ചെന്നും വൈറ്റ് ഹൗസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ധാതുക്കളുടെ കരാര്‍ ശാശ്വത സമാധാനത്തിലേക്കുള്ള ആദ്യപടി ആകുമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ സമ്മര്‍ദ്ദത്തിനാണ് സെലന്‍സ്‌കി ശ്രമിച്ചതെന്നും ഈ കേന്ദ്രം കുറ്റപ്പെടുത്തി.
കൂടിക്കാഴ്ച വളരെ മോശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രംപ് സോഷ്യല്‍ മീഡിയയില്‍ സെലെന്‍സ്‌കിയെ വിമര്‍ശിക്കുന്നത് തുടര്‍ന്നു. സമാധാനത്തിന് തയ്യാറല്ല സെലന്‍സ്‌കിയെന്നും ട്രമ്പ് ആരോപിച്ചു.പ്രിയപ്പെട്ട ഓവല്‍ ഓഫീസില്‍ വന്ന് സെലന്‍സ്‌കി അമേരിക്കയെ അനാദരിച്ചു. സമാധാനത്തിന് തയ്യാറാകുന്ന വേളയില്‍ അദ്ദേഹത്തിന് തിരിച്ചുവരാമെന്നും ട്രമ്പ് പറഞ്ഞു.
ഒടുവില്‍ സെലന്‍സ്‌കി പറഞ്ഞു… അമേരിക്കയ്ക്ക് നന്ദി
വൈറ്റ് ഹൗസ് വിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതിന് ശേഷം സെലെന്‍സ്‌കി എക്‌സില്‍ അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് പോസ്റ്റിട്ടു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഈ സന്ദര്‍ശനത്തിന് നന്ദി. കോണ്‍ഗ്രസ്, അമേരിക്കന്‍ ജനത എന്നിവയ്ക്ക് നന്ദി. ഉക്രെയ്‌നിന് നീതിയുക്തവും ശാശ്വതവുമായ സമാധാനമാണ് വേണ്ടത്.ഞങ്ങള്‍ തീര്‍ച്ചയായും അതിനായി പ്രവര്‍ത്തിക്കും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വാഷിംഗ്ടണിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കാന്‍ സെലെന്‍സ്‌കി തീരുമാനിച്ചിരുന്നു, എന്നാല്‍ പരിപാടി സെലെന്‍സ്‌കി റദ്ദാക്കി.
പരിഹാരത്തിനായി പുടിന്‍ പുടിന്‍ എന്ന് മാത്രം പറയേണ്ട…
ചര്‍ച്ചയില്‍ പുടിന്‍, പുടിന്‍ എന്ന് മാത്രമാണ് സെലന്‍സ്‌കി പറയുന്നത്. എല്ലാ വശങ്ങളും നെഗറ്റീവും പോസിറ്റീവും പറയണം. ഇനി ഒരു യുദ്ധം വേണ്ട. അതിനായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച് പ്രവര്‍ത്തിക്കണം. ചര്‍ച്ച പുനരാരംഭിക്കാന്‍ ഉക്രൈയിന്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് മറുപടിയായി ട്രമ്പ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.