head3
head1

നിര്‍ണ്ണായകവിധിയുമായി അയര്‍ലണ്ടിലെ സുപ്രീം കോടതി : ഡെലിവറി ഡ്രൈവര്‍മാരെ സ്ഥിര ജീവനക്കാരായി പരിഗണിക്കണം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡെലിവറി ഡ്രൈവര്‍മാരെ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ സ്ഥിരംജീവനക്കാരായി കണക്കാക്കണമെന്ന സുപ്രീം കോടതി വിധി ആയിരകണക്കിന് പേര്‍ക്ക് ഗുണകരമായേക്കും.

ഡെലിവറി ഡ്രൈവര്‍മാര്‍ കരാറുകാരല്ല , അവര്‍ ജീവനക്കാര്‍ തന്നെയാണ് എന്നാണ് ഡൊമിനോസ് പിസ എന്ന ബ്രാന്‍ഡ് നെയിമില്‍ വ്യാപാരം നടത്തുന്ന കര്‍ഷന്‍ (മിഡ്ലാന്‍ഡ്സ്) ലിമിറ്റഡും , കമ്പനിയില്‍ ഡെലിവറി ഡ്രൈവര്‍മാരായി ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നവരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി അന്തിമ വിധിയില്‍ നിരീക്ഷിച്ചത്.

നികുതി അടയ്ക്കുന്ന ജീവനക്കാരാണ് തങ്ങളെന്ന് ഡ്രൈവര്‍മാര്‍ വാദിച്ചപ്പോള്‍ ‘സേവനത്തിനുള്ള കരാറുകള്‍’ പ്രകാരം അവര്‍ വെറും കോണ്‍ട്രാക്റ്റുകാര്‍ മാത്രമാണെന്നായിരുന്നു ഡൊമിനോസ് അവകാശപ്പെട്ടത്.

ഡെലിവറി ഡ്രൈവര്‍മാരെ പേയ്‌മെന്റ് തൊഴിലാളികളായി കണക്കാക്കണമെന്ന ടാക്‌സ് അപ്പീല്‍ കമ്മീഷണറുടെ 2018-ലെ തീരുമാനത്തിനെതിരെ ഡൊമിനോസ് അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ കോടതി 2-1 ഭൂരിപക്ഷത്തില്‍ ആ തീരുമാനം റദ്ദാക്കി.ഇതേ തുടര്‍ന്ന് റവന്യൂ കമ്മീഷണര്‍മാര്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ അപ്പീല്‍ തേടുകയും അനുവദിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഏകകണ്ഠമായ തീരുമാനത്തില്‍ ഏഴംഗ സുപ്രീം കോടതി അപ്പീല്‍ കോടതി വിധി റദ്ദാക്കിയതോടെയാണ് ഡൊമിനോസ് അടക്കം മുഴുവന്‍ ഡെലിവറി സ്ഥാപനങ്ങളിലും കരാര്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഗുണകരമായ അവസ്ഥ സംജാതമായിരിക്കുന്നത്.

തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജോലിക്കാരനുവേണ്ടിയാണോ . അതോ തൊഴില്‍ദാതാവിന് വേണ്ടിയാണോ ജോലി ചെയ്യുന്നത് എന്നത് ഓരോ ഓരോ കരാറിലും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.മേല്‍പ്പറഞ്ഞ ആവശ്യകതകള്‍ ക്രമീകരിക്കാനോ അനുബന്ധമായി നല്‍കാനോ കോടതി ആവശ്യപ്പെടുന്ന എന്തെങ്കിലും പ്രത്യേക നിയമങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടോ എന്നും നിര്‍ണ്ണയിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ ഈ വിധിയോട് കൂടി പിസാ ഡെലിവറി തൊഴിലാളികള്‍ക്ക് മാത്രമല്ല ,രാജ്യത്ത് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുഴുവനാളുകള്‍ക്കും ,നിലവിലുള്ള തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന വേതന സേവന വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടി വരും.

ആയിരക്കണക്കിന് കരാറുകാരും കാഷ്വല്‍ തൊഴിലാളികളും ജോലി ചെയ്യുന്ന ഐറിഷ് സമ്പദ്വ്യവസ്ഥയിലുടനീളമുള്ള ബിസിനസുകള്‍ക്കും കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കര്‍ഷന്‍ v റവന്യൂ കമ്മീഷണര്‍ കേസിലെ സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിര്‍ണ്ണായകമാകുമെന്ന് തൊഴില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</

Comments are closed.