ഡബ്ലിന്‍ : വൈദ്യുതി ബില്ലില്‍ 100 യൂറോയുടെ ക്രഡിറ്റ് അനുവദിക്കുന്ന പദ്ധതി ആശ്വാസകരമാണെങ്കിലും പ്രാവര്‍ത്തികമാക്കുന്നതിനെടുക്കുന്ന കാലതാമസം വിമര്‍ശിക്കപ്പെടുന്നു. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. സ്‌കീം നടപ്പാക്കുന്നതിന് പുതിയ നിയമനിര്‍മ്മാണം ആവശ്യമാണ്. അതിനാല്‍ ഫെബ്രുവരിയോടെ മാത്രമേ സ്‌കീം നടപ്പാക്കാനാകൂ. ഇതിന്റെ പണം ലഭിക്കണമെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
ഡെയ്ല്‍ സിറ്റിംഗ് നീട്ടണം
ഈ കാലതാമസം അനുവദനീയമല്ലെന്ന് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു. ക്രെഡിറ്റ് സ്‌കീം കഴിയുന്നത്ര വേഗത്തില്‍ ആളുകളിലെത്തുന്നത് ഉറപ്പാക്കാന്‍ അടുത്ത ആഴ്ച ഡെയ്ല്‍ സിറ്റിംഗ് നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
100 യൂറോ ക്രെഡിറ്റ് കുറവാണെങ്കിലും സ്വാഗതാര്‍ഹവും ആശ്വാസകരമാണെന്നും അവര്‍ പറഞ്ഞു. എന്നിരുന്നാലും, ഇത് സ്വീകരിക്കാന്‍ ആളുകള്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടിവരുന്നത് അസ്വീകാര്യമാണ്- മേരി ലൂ പറഞ്ഞു.
നിയമ നിര്‍മ്മാണത്തിനായി രണ്ട് ദിവസം കൂടി സിറ്റിംഗ് നടത്തണമെന്ന് സോളിഡാരിറ്റി ടിഡി മിക്ക് ബാരിയും ആവശ്യപ്പെട്ടു. നിയമനിര്‍മ്മാണത്തിനായി പുതുവര്‍ഷം വരെ കാത്തിരിക്കേണ്ടതില്ലെന്നും ബാരി പറഞ്ഞു.
സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ലേബര്‍
ഉയര്‍ന്ന ബില്ലുകള്‍ മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ഇടപെടല്‍ ഉണ്ടാകാത്തത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ അഭാവം മൂലമാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ ധനകാര്യ വക്താവ് ഗെഡ് നാഷ് ആരോപിച്ചു.
50,000 യൂറോയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 200 യൂറോ കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കാമായിരുന്നുവെന്ന് ഗെഡ് നാഷ് ചൂണ്ടിക്കാട്ടി. ആവശ്യമുള്ളവര്‍ക്ക് പണം നല്‍കാനും ഇതിലൂടെ കഴിയുമായിരുന്നുവെന്നും നാഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ വിലക്കയറ്റത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ 100 യൂറോ ക്രെഡിറ്റ് പ്ലാന്‍ തികച്ചും ദയനീയമാണെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് കുറ്റപ്പെടുത്തി.
സ്‌കീം നടപ്പാക്കാന്‍ സമയം വേണമെന്ന് ധന സഹമന്ത്രി
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ തണുപ്പ് കണക്കിലെടുത്താണ് പണം നല്‍കുന്നതെന്ന് ധനകാര്യ സഹമന്ത്രി സീന്‍ ഫ്ളെമിംഗ് പറഞ്ഞു.
ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഉള്ളവരുടെയും കോയിന്‍ മീറ്റര്‍ സംവിധാനങ്ങളുപയോഗിക്കുന്നവരുടെയും ഭൂവുടമയുടെ പേരില്‍ അക്കൗണ്ടുകളുള്ളവരുടെയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സമയമെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം നിയമനിര്‍മ്മാണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG


Comments are closed.