head3
head1

കാത്തിരിപ്പ് തീരുന്നു,അടുത്ത തിങ്കളാഴ്ച മുതല്‍ അയര്‍ലണ്ടിലും ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു തുടങ്ങും

ഡബ്ലിന്‍ : അയര്‍ലണ്ടിലും ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് ഇയു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.പദ്ധതി പ്രാബല്യത്തില്‍ വരാത്ത ഏക ഇയു അംഗരാജ്യമായിരുന്നു അയര്‍ലണ്ട്.സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതമെന്ന നിലയിലാണ് ഇക്കഴിഞ്ഞ ഒന്നു മുതല്‍ ഇയു പ്രഖ്യാപിച്ച ഡിസിസി ഇവിടെ നടപ്പാക്കാന്‍ കഴിയാതെ പോയത്.

ഇമെയില്‍ വഴിയോ തപാല്‍ മുഖേനയോ ആകും ഇ.യു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക.ഇത് ഉറപ്പാക്കുന്നതിനും മറ്റുമായി നാഷണല്‍ കോള്‍ സെന്റര്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

ജൂലൈ 19മുതല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര യാത്രകള്‍ നടത്താനാകും. ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റിയ്ക്കും ഇതുപയോഗിക്കാനാവുമോയെന്നതും സര്‍ക്കാര്‍ പരിഗണിച്ചേക്കും.

1.9 മില്യണ്‍ ആളുകള്‍ക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ ഡിസിസി

പൂര്‍ണ്ണമായും വാക്സിനേഷന്‍ ലഭിച്ച 1.9 മില്യണ്‍ ആളുകള്‍ക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു തുടങ്ങുമെന്ന് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുത്തവര്‍ക്ക് ഇമെയില്‍ വഴിയാകും സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

ജിപി വഴിയോ ഫാര്‍മസി മുഖേനയോ വാക്സിനെടുത്തവര്‍ക്ക് തപാലിലൂടെയാകും കത്ത് ലഭിക്കുക. ഓരോ കത്തിലും ഒരു സ്മാര്‍ട്ട്‌ഫോണിലേക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു കോഡ് ഉണ്ടാകും.ജൂലൈ 19 മുതല്‍ ഇന്റര്‍നാഷണല്‍ യാത്രകള്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കാമെന്ന് ഗതാഗതമന്ത്രി ഈമോന്‍ റയാന്‍ പറഞ്ഞു.

കോവിഡ് ബാധയില്‍ നിന്നും സുഖം പ്രാപിച്ചയാള്‍ക്ക് ഉടന്‍ തന്നെ നിലവില്‍ വരുന്ന കോള്‍ സെന്ററുമായി ബന്ധപ്പെട്ട് ഡിസിസി സ്വന്തമാക്കാം.എന്നിരുന്നാലും കോള്‍ സെന്റര്‍ തുറക്കുന്ന തീയതിയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജൂലൈ 19ന് മുമ്പ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇന്‍ഡോര്‍ ഡൈനിംഗ് ; തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍

ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാമോ എന്നത് സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് ഉപപ്രധാന മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. റസ്റ്റോറന്റിലേക്കോ പബ്ബിലേക്കോ പോകുന്നതിന് പതിനായിരക്കണക്കിന് പിസിആര്‍ പരിശോധനകള്‍ നടത്തുകയെന്നത് സാധ്യമാകുമോ നമുക്ക് അതിനുള്ള ശേഷിയുണ്ടോയെന്നോക്കെ പരിശോധിക്കേണ്ടതുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും പ്രതിരോധ കുത്തിവയ്പ്പെടുത്ത ആളുകള്‍ക്ക് ഇ.യു ഡിജിറ്റല്‍ സെര്‍ട്ട് എങ്ങനെ ബാധകമാകും എന്നതും പരിഗണിക്കുന്നുണ്ട്.

ഡിസിസിയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് രണ്ട് സെറ്റ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. രാജ്യം വിടാന്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. പക്ഷേ മടങ്ങിവരാന്‍ അത് ആവശ്യമായേക്കാം.പൂര്‍ണമായി വാക്സിനേഷന്‍ എടുക്കാത്തവരും കോവിഡ് മുക്തി നേടാത്തവരോ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നാണ് അഭിപ്രായമെന്ന് വരദ്കര്‍ പറഞ്ഞു.

വാക്സിന്‍ റസിസ്റ്റന്റ് വേരിയന്റുകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

വാക്സിനെടുത്ത ആളുകളെ ബാധിക്കുന്ന പുതിയ വേരിയന്റാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന സംഗതിയെന്ന് പകര്‍ച്ചവ്യാധി രോഗ വിദഗ്ധന്‍ പ്രൊഫ. സാം മക്കോങ്കി പറഞ്ഞു. കോവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ പുറത്തുവരാന്‍ പോകുന്നതായി ഇദ്ദേഹം വെളിപ്പെടുത്തി.ഇതാകും റീ ഓപ്പണിംഗ് തുറക്കുന്ന പുതിയ ആശങ്കളെന്ന് മക്കോങ്കി പറഞ്ഞു.

വാക്സിന്‍ റസിസ്റ്റന്റായ വേരിയന്റുകളും പ്രത്യക്ഷമായേക്കാം. അവ വാക്സിന്റെ ‘ബോണസ്’ ഇല്ലാതാക്കും.ഇതിനെതിരെ മറ്റൊരു വാക്സിന്‍ ഉണ്ടാക്കുന്നതിന് മൂന്ന് മുതല്‍ ആറ് മാസം വരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.