head3
head1

ആ അല്‍ഭുതം സംഭവിക്കുമോ സ്‌ക്രീന്‍ രഹിത കുടുംബ ദിനം പ്രാവര്‍ത്തികമാകുമോ

ഡബ്ലിന്‍ : വാട്സാപ്പും ഫേസ്ബുക്കും ട്വിറ്ററും ബ്ലോഗുമില്ലാത്ത, ചാറ്റും ‘ചീറ്റു’മില്ലാത്ത ഒരു ദിവസം പ്ലാന്‍ ചെയ്തിരിക്കുകയാണ് സൈബര്‍ സെയ്ഫ് അയര്‍ലന്‍ഡ്. ആളുകള്‍ അതിന് തയ്യാറായാല്‍ അതൊരു പുതിയ ചരിത്രവും പുതുമയുമാകും.ആ അല്‍ഭുതം സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണാം.അടുത്ത ആഴ്ചയാണ് 24 മണിക്കൂര്‍ സൈബര്‍ ബ്രേക്കിന് ചാരിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഒക്ടോബര്‍ 17 വൈകുന്നേരം 5 മണി വരെയാണ് സൈബര്‍ ബ്രേക്ക് നടത്തുന്നത്. ആളുകള്‍ അവരുടെ സ്‌ക്രീനുകളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ഇടവേള എടുക്കണമെന്നാണ് സൈബര്‍ സെയ്ഫ് അയര്‍ലന്‍ഡ് ഉപദേശിക്കുന്നത്.

കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ജീവിതത്തിനിടെ ആരോഗ്യകരമായ ബാലന്‍സ് എങ്ങനെ കണ്ടെത്താമെന്നത് ചര്‍ച്ച ചെയ്യാനാണ് ഈ ഇടവേള നല്‍കുന്നതിലൂടെ ചാരിറ്റി ലക്ഷ്യമിടുന്നത്.ആ ദിവസം സോഷ്യല്‍ മീഡിയയില്‍ ലോഗിന്‍ ചെയ്യുന്നതിനുപകരം, കുടുംബങ്ങള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെങ്കില്‍ സ്വയം തീരുമാനിക്കാം. അതല്ലെങ്കില്‍ അല്‍പ്പം തമാശകളൊക്കെ ഒപ്പിക്കാം.ഇനി തമാശയൊന്നും കൈവശമില്ലെങ്കില്‍ വിഷമിക്കേണ്ട, അത് സൈബര്‍ സേഫ് അയര്‍ലന്‍ഡ് വെബ് സൈറ്റില്‍ നിന്ന് (മുന്‍കൂട്ടി) ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി ഫാമിലി ഫണ്‍ ഗൈഡ് തന്നെ സജ്ജമാക്കിയിട്ടുണ്ട്.

മൊബൈല്‍ സ്‌ക്രീന്‍ കണ്ടുകൊണ്ടിരിക്കുന്നത് പ്രലോഭനമുണ്ടാക്കുമെന്ന് ഭയപ്പെടുത്തുന്നവര്‍ക്ക് അത് നിയന്ത്രിക്കാനുള്ള ‘ടിപ്സും’ സൈബര്‍ സേഫ് അയര്‍ലന്‍ഡ് തരും. കുടുംബങ്ങള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ ‘മൂടിവെയ്ക്കാന്‍ ‘സൈബര്‍ സേഫ് ഷീല്‍ഡുകള്‍’ ഡൗണ്‍ലോഡ് ചെയ്യാം.അത് പ്രിന്റുചെയ്ത് 24 മണിക്കൂര്‍ കാലയളവില്‍ ഏത് സ്‌ക്രീനിലും സ്ഥാപിക്കാം.ഓണ്‍ലൈനില്‍ പോകാനോ ഗെയിമുകള്‍ കളിക്കാനോ ഉള്ള പ്രലോഭനം ഇതിലൂടെ ഒഴിവാക്കാം.

സൈബര്‍ ബ്രേക്ക് ഒരു ധന സമാഹരണ അവസരമായി ഉപയോഗിക്കാനും സൈബര്‍ സേഫ് അയര്‍ലന്‍ഡിന് പദ്ധതിയുണ്ട്. ഇതിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ വിദ്യാഭ്യാസ വിഭവങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്ന് സൈബര്‍ സേഫ് അയര്‍ലന്‍ഡ് പറഞ്ഞു.കോവിഡ് -19 പാന്‍ഡെമിക്കിന്റെ ഫലമായി സ്‌കൂളുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതു മൂലം ഈ വര്‍ഷം സംഘടനയുടെ ധനസമാഹരണ ശേഷി വളരെ കുറഞ്ഞിരുന്നു.

ഓണ്‍ലൈനില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയുമെന്ന സ്വയം ബോധ്യപ്പെടുത്തലിനാണ് ഈ സൈബര്‍ ബ്രേക്ക് വിഭാവനം ചെയ്യുന്നതെന്ന് സെബര്‍ സെയ്ഫ് സി.ഇ.ഒ. അലക്സ് കൂനേ പറഞ്ഞു. കണക്ഷന്റെയും ഡിസ്‌കണക്ഷന്റെയും അനുഭൂതി ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സ്‌ക്രീന്‍ രഹിത കുടുംബ ദിനം ഒരുക്കുന്നതെന്ന് 15 മിനിറ്റ് പാരന്റിംഗ് സീരീസിന്റെ രചയിതാവും സൈക്കോതെറാപ്പിസ്റ്റും രക്ഷാകര്‍തൃ കണ്‍സള്‍ട്ടന്റുമായ ജോവാന ഫോര്‍ച്യൂണ്‍ പറഞ്ഞു.

ചാരിറ്റിയും പെര്‍മനന്റ് ടിഎസ്ബി കമ്മ്യൂണിറ്റി ഫണ്ടുമായി സഹകരിച്ചാണ് സൈബര്‍ ബ്രേക്ക് പ്ലാന്‍ ചെയ്തിരിക്കുന്നത്.

സൈബര്‍ സേഫ് അയര്‍ലന്‍ഡിന്റെ 2019ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 8 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ളവരില്‍ 93% പേര്‍ക്കും സ്വന്തമായി സ്മാര്‍ട്ട് ഉപകരണം ഉണ്ടെന്നും 65% പേര്‍ സോഷ്യല്‍ മീഡിയയിലാണെന്നും 70% ത്തിലധികം പേര്‍ ഓണ്‍ലൈനില്‍ ഗെയിമിംഗ് നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സൈബര്‍ ബ്രേക്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : http://cybersafeireland.org/cyber-break

ഐറിഷ് മലയാളി ന്യൂസ്

Comments are closed.