head1
head3

അയര്‍ലണ്ടിലെ ഭവന നിര്‍മ്മാണ മേഖലയില്‍ തകർച്ച: രേഖപ്പെടുത്തിയത് 14% ഇടിവ്… ഏറ്റവും മോശമായി ബാധിച്ചത് ഡബ്ലിനിലും കോര്‍ക്കിലും

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിക്കിടെ അയര്‍ലണ്ടിലെ ഭവന നിര്‍മ്മാണ മേഖലയില്‍ വന്‍ ഇടിവ്.

ഭവന നിര്‍മ്മാണത്തില്‍ 14% കുറവ് രേഖപ്പെടുത്തിയെന്ന് ബാങ്കിംഗ് ലോബി ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്‌സ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ (ബിപിഎഫ്‌ഐ) കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 18,000 വീടുകളുടെ നിര്‍മ്മാണം മാത്രമേ പൂര്‍ത്തിയായുള്ളൂ. ഇത് 2018ലെ കണക്കുകള്‍ക്ക് സമാനമാണ്.

എന്നാല്‍, 2019ല്‍ ഇതേസമയം 21000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭവന നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും തകര്‍ന്നടിയും എന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് നിലവിലെ കണക്കുകള്‍ അല്പമെങ്കിലും ആശ്വാസകരമാണെന്നാണ് ബിപിഎഫ്‌ഐ യുടെ ഭവന മാര്‍ക്കറ്റ് മോണിറ്റര്‍ സര്‍വേയുടെ വിശകലനം.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കുകള്‍ പ്രകാരം 2020 ഏപ്രിലില്‍ വര്‍ഷം തോറുമുള്ള ഭവന പൂര്‍ത്തീകരണം 72.7 ശതമാനമായാണ് കുറഞ്ഞത്. ജൂണില്‍ മാത്രം ഒറ്റയടിക്ക് 5.9 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വീടുകളുടെ നിര്‍മ്മാണം ഇനിയും ഗണ്യമായ കുറഞ്ഞേക്കുമെന്ന് സിഎസ്ഒ യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വീട് നിര്‍മ്മാണത്തിലെ ഇടിവ് ഡബ്ലിനെയും കോര്‍ക്കിനെയുമാണ് ഏറ്റവും മോശമായി ബാധിച്ചത്.

അതേസമയം, മോര്‍ട്ട്‌ഗേജുകളുടെ ബാദ്ധ്യതയും കുത്തനെ കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

3.46 ബില്യണ്‍ യൂറോയുടെ 15,350 മോര്‍ട്ട്‌ഗേജുകളാണ് 2020 ന്റെ ആദ്യ പകുതിയില്‍ ഉണ്ടായിരുന്നത്. ഇത്, 2019 നെ അപേക്ഷിച്ച് 16% മുതല്‍ 18% വരെ കുറവാണ്.

2020 ജൂലൈ വരെ 4.8 ബില്യണ്‍ യൂറോയുടെ 20,251 മോര്‍ട്ട്‌ഗേജുകള്‍ക്കാണ് അയര്‍ലണ്ടില്‍ അംഗീകാരം നല്‍കിയത്.

എന്നാല്‍, 2019 ലെ ഇതേ കാലയളവില്‍ ഇത് 6.6 ബില്യണ്‍ യൂറോയായിരുന്നു. ഇത്തവണ 30% കുറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മോര്‍ട്ടഗേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ജൂലൈ അവസാനം വരെ 4.1 ശതമാനവും അതിന്റെ മൂല്യം 3.7ശതമാനവും കുറഞ്ഞതായി ബിപിഎഫ്‌ഐ പറയുന്നു.

അതേസമയം, ജൂലൈ വരെയുള്ള കാലയളവില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുടെ വില ദേശീയതലത്തില്‍ 0.5 ശതമാനം കുറഞ്ഞെന്നാണ് സിഎസ്ഒ യുടെ കണക്ക്.

2019 ജൂലൈ വരെയുള്ള കാലയളവില്‍ 2.2 ശതമാനമായിരുന്നു വര്‍ധന.

ഡബ്ലിനില്‍, ജൂലൈ വരെ വീടുകളുടെ എണ്ണത്തില്‍ 1.3% കുറവും വീടുകളുടെ വിലയില്‍ 1.2 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അപ്പാര്‍ട്ടുമെന്റുകളുടെ എണ്ണം 0.4% വര്‍ധിച്ചു.

കോവിഡ് പ്രതിസന്ധിയില്‍ ഡബ്ലിന്‍ സിറ്റിയിലെ ഭവനമേഖലയില്‍ 2.7% ഇടിവ് രേഖപ്പെടുത്തയിപ്പോള്‍ ഡണ്‍ ലൊഗൈര്‍ റാത്തൗണില്‍ 1.2% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ വീടുകളുടെ വില 0.2ശതമാനവും അപ്പാര്‍ട്ട്‌മെന്റിന്റെ വില 0.3 ശതമാനവും ഉയര്‍ന്നു.

അതേസമയം, അയര്‍ലണ്ടിന്റെ തെക്ക്- പടിഞ്ഞാറ് മേഖലയിലെ വീടുകളുടെ വില 4.3% വര്‍ധിച്ചു.

എന്നാല്‍, അയര്‍ലണ്ടിന്റെ തെക്ക്- കിഴക്ക് മേഖലകളില്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിഎസ്ഒ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.