head1
head3

കോവിഡ് വാക്സിന്‍ വിതരണം; അയര്‍ലണ്ടില്‍ പ്രായമായവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേക മുന്‍ഗണനയെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍ : പ്രായമായവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കി കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനം.ദീര്‍ഘകാല പരിചരണത്തില്‍ കഴിയുന്ന 65 വയസ്സിനു മുകളിലുള്ളവര്‍, നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍,, 70 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും കോവിഡ് -19 വാക്സിന്‍ അയര്‍ലണ്ടില്‍ ആദ്യമായി ലഭിക്കുക.അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മന്ത്രിസഭ അംഗീകരിച്ച മുന്‍ഗണനാപട്ടികയുള്‍പ്പെട്ട കോവിഡ് -19 വാക്‌സിന്‍ വിതരണ പദ്ധതി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊണല്ലിയാണ് പ്രഖ്യാപിച്ചത്.ആരോഗ്യവകുപ്പിന്റെയും നാഷണല്‍ രോഗപ്രതിരോധ ഉപദേശക സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്‍ വിതരണ പദ്ധതി തയ്യാറാക്കിയത്.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, 18-64 വയസ് പ്രായമുള്ളവര്‍, ശാരീരികാവശതകളും പരിചരണത്തിലുമുള്ള ആളുകള്‍, തിരക്കേറിയ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന ലഭിക്കും.ഇറച്ചി ഫാക്ടറികള്‍ പോലെ ഉയര്‍ന്ന അപകടസാധ്യതയുള്ളയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്താമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ആഴ്ച ഡെയ്ലില്‍ പറഞ്ഞിരുന്നു.

വാക്സിന്‍ വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉന്നതതല ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.തെളിവുകള്‍ അടിസ്ഥാനമാക്കിയും സുതാര്യത ഉറപ്പാക്കിയുമായിരിക്കണം പൊതു വിതരണ പദ്ധതിയെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.അയര്‍ലണ്ടില്‍ കോവിഡ് ബാധയുടെ തോത് ഏറ്റവും കുറഞ്ഞ തോതിലെത്തിയതായി ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.

‘കോവിഡ് -19 ഇപ്പോഴും ഒരു മാരകമായ രോഗമാണ്. വളരെയധികം കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും, യൂറോപ്യന്‍ യൂണിയനിലെ കോവിഡ് -19 ന്റെ 14 ദിവസത്തെ ഏറ്റവും കുറഞ്ഞ രോഗബാധാ നിരക്കാണ് ഇപ്പോള്‍ നമുക്കുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.അത് അങ്ങനെ തന്നെ നിലനിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്’ ആരോഗ്യ മന്ത്രി വ്യക്തമാക്കി.ആശുപത്രികളില്‍ കോവിഡ് -19 കേസുകളുടെ എണ്ണം 215 ആയി കുറഞ്ഞതായി ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരു ഫൈസര്‍-ബയോടെക് കോവിഡ് -19 വാക്സിന്‍ വിതരണം തുടങ്ങി, ഇംഗ്ലണ്ടിലെ കോവെന്‍ട്രിയിലെ, 90 വയസ്സുള്ള മുത്തശ്ശിയാണ് ലോകത്തിലെ ആദ്യത്തെ കോവിഡ് -19 വാക്സിന്‍ ലഭിച്ച വ്യക്തിയായത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.