head1
head3

കോര്‍ക്കിന്റെ സ്വപ്ന ഗതാഗത പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ അംഗീകാരം

കോര്‍ക്ക്: കോര്‍ക്കിന്റെ സ്വപ്ന പദ്ധതിയെന്ന് നവിശേഷിപ്പിക്കുന്ന ബസ്, സൈക്ലിംഗ് ശൃംഖലയുടെ നവീകരണ പദ്ധതി ബസ്‌കണക്ട്സ് കോര്‍ക്കിന് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഇതോടെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എന്‍ ടി എ)ക്ക് പദ്ധതിക്കായി പ്ലാനിംഗ് കമ്മീഷന് അപേക്ഷ നല്‍കാനുള്ള വഴിയൊരുങ്ങി.

അടുത്ത വര്‍ഷം ആദ്യം അപേക്ഷ നല്‍കുമെന്നാണ് കരുതുന്നത്.കോര്‍ക്കിന് വേഗതയേറിയതും ഹരിതവും വിശ്വസനീയവുമായ പൊതുഗതാഗതം വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി. വിപുലമായ പൊതുജനാഭിപ്രായ ചര്‍ച്ചകള്‍ക്ക് ശേഷം വികസിപ്പിച്ചെടുത്തതാണ് 2.3 ബില്യണ്‍ യൂറോ മുതല്‍ 3.5 ബില്യണ്‍ യൂറോ വരെ ചെലവ് പ്രതീക്ഷിക്കുന്ന കോര്‍ക്കിന്റെ ഈ വമ്പന്‍ പദ്ധതി.90 കിലോമീറ്റര്‍ പുതിയ ബസ് ലെയ്‌നുകളും 95 കിലോമീറ്റര്‍ പ്രത്യേക സൈക്കിള്‍ ട്രാക്കുകളും പദ്ധതിയിലുണ്ടാകും.

11 സസ്റ്റെയ്നബിള്‍ ട്രാന്‍സ്പോര്‍ട്ട് കോറിഡോറുകളും പുതിയ ബസ് ഷെല്‍ട്ടറുകളും സീറോ-എമിഷന്‍ ഫ്ളീറ്റുകളും പദ്ധതിയുടെ ഭാഗമാണ്.കാഷ്ലെസ് ടിക്കറ്റിംഗ് സംവിധാനവും ബസുകളില്‍ ലഭ്യമാകും.നഗരത്തിലുടനീളം 50% ത്തിലധികം കൂടുതല്‍ ബസ് സര്‍വീസുകള്‍ പദ്ധതിയുടെ ഭാഗമായി വരും.കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ഭാഗത്തേയ്ക്ക് 24 മണിക്കൂര്‍ സര്‍വ്വീസുള്ള രണ്ട് പുതിയ റൂട്ടുകളും വരും.30 മിനിറ്റിനുള്ളില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലൂടെ 13,000 പേര്‍ക്ക് സിറ്റി സെന്ററില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് പദ്ധതി.

കോര്‍ക്കില്‍ വന്‍ പൊതുഗതാഗതവിപ്ലവം കൊണ്ടുവരുന്നതാകും ഈ പദ്ധതിയെന്ന് ഗതാഗത മന്ത്രി ദാരാ ഒ ബ്രയന്‍ പറഞ്ഞു. ബസ് കണക്റ്റ്സ് കോര്‍ക്ക് സ്‌കൂളിലേക്കും ജോലിയിലേക്കുമുള്ള യാത്രയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതും വേഗത്തിലും എളുപ്പത്തിലുമാക്കും.തിരക്ക് കുറയുന്നതോടെ തെരുവുകള്‍ സുരക്ഷിതവുമാകും- അദ്ദേഹം പറഞ്ഞു.

നഗര സഞ്ചാരത്തിലെ ഒരു ഗെയിം-ചേഞ്ചറാകും പദ്ധതിയെന്ന് സഹ മന്ത്രി ജെറി ബട്ടിമര്‍ പദ്ധതിയെ വിശേഷിപ്പിച്ചത്.കോര്‍ക്കിലെ സുസ്ഥിര ഗതാഗതത്തിനായുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് എന്‍ ടി എയുടെ ഇടക്കാല സിഇഒ ഹ്യൂ ക്രീഗന്‍ പറഞ്ഞു.പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ഗതാഗത കമ്മിറ്റി ചെയര്‍മാന്‍ ലേബര്‍ കൗണ്‍സിലര്‍ പീറ്റര്‍ ഹോര്‍ഗന്‍ അന്തിമ പദ്ധതികള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.