head3
head1

കോര്‍ക്ക് ഫാമിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഭൂമിയുടെ ഉടമസ്ഥതയും വരുമാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെന്ന് സൂചന

കോര്‍ക്ക് : വടക്കന്‍ കോര്‍ക്കിലെ  മിച്ചല്‍സ്റ്റൗണിലെ  ഫാമിലി ഫാമിലെ കൂട്ടക്കൊലയ്ക്കു പിന്നില്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്ന് സൂചന നല്‍കി ഗാര്‍ഡ. മൂന്നു സഹോദരങ്ങളാണ് ഇവിടെ കൊല ചെയ്യപ്പെട്ടത്.ഫാമിലി ഫാമിലാണ് രണ്ട് സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വില്ലി ഹെന്നിസി (66), സഹോദരന്‍ പാട്രിക് (60) എന്നിവരാണ് ഇവിടെ മഴു കൊണ്ടുള്ള വെട്ടേറ്റ് കൊല്ലപ്പെട്ടത്.

മറ്റൊരാളെ മരിച്ച നിലയില്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു..ഫാമില്‍ താമസിച്ചിരുന്ന ഇവരുടെ സഹോദരന്‍ ജോണി (59)യുടെ മൃതദേഹമാണ് ഏതാനും കിലോമീറ്റര്‍ അകലെ ഫണ്‍ഷിയോണ്‍ നദിയില്‍ നിന്നാണ് കണ്ടെടുത്തത്.ഇവയുടെയെല്ലാം പിന്നില്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും ഫാമില്‍ നിന്നുള്ള വരുമാനവുമൊക്കെ സംബന്ധിച്ച പ്രശ്നങ്ങളാണെന്നാണ് ഗാര്‍ഡയുടെ പ്രഥമിക നിഗമനം.

മിച്ചല്‍ സ്റ്റൗണ്‍ മുതല്‍ മാലോറോഡിലെ കില്‍ഡോററിക്ക് സമീപം വരെ നീണ്ടുകിടക്കുന്നതാണ് കുരാഗ്ഗോര്‍മിലെ ഇവരുടെ ഫാമിലി ഫാം.

മിച്ചല്‍സ്റ്റൗണിലാണ് താമസിച്ചിരുന്നതെങ്കിലും ഫാമില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നയാളായിരുന്നു വില്ലി.വിവാഹമോചിതനായ പാട്രിക്കും ഫാമിലെപ്പോഴും കര്‍മ്മ നിരതനായിരുന്നു.ഇദ്ദേഹം ഇതിന് സമീപത്താണ് താമസിച്ചിരുന്നത്.
ഇവരുടെ നാലാമത്തെ സഹോദരന്‍ ജെര്‍ 2014 ജനുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.ഇവര്‍ക്ക് ഒരു സഹോദരി കൂടിയുണ്ട്.

മരണ കാരണം കണ്ടെത്തുന്നതിനായി മൂന്ന് സഹോദരന്മാരുടെയും മൃതദേഹങ്ങള്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ (സി.യു.എച്ച്) ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

ഫാംഹൗസിലെ ഫോറന്‍സിക് പരിശോധനകളുടെ ഫലങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായിരിക്കും ഗാര്‍ഡയുടെ അന്വേഷണത്തിന്റെ ഗതി നിര്‍ണ്ണയിക്കുക. പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് ഗാര്‍ഡ് കരുതുന്നില്ല.ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും സംഭവത്തിനു കാരണമായിട്ടുണ്ടോയെന്നും ഗാര്‍ഡ അന്വേഷിക്കുന്നുണ്ട്.

രാത്രി 12.30 ഓടെയാണ് സഹോദരരില്‍ ഒരാളുടെ മകള്‍ ഗാര്‍ഡയെ വിളിച്ച് തന്റെ അച്ഛന്‍ ഫാമില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് അറിയിച്ചത്.ഫാമിലെ താമസക്കാരുടെ പക്കല്‍ തോക്കുകള്‍ ഉണ്ടെന്ന സൂചനയുണ്ടായിരുന്നതിനാല്‍ ആസൂത്രിതമായാണ് ഗാര്‍ഡ അങ്ങോട്ടേയ്ക്ക് പോയത്. തുടര്‍ന്നു എഎസ്യു നടത്തിയ അന്വേഷണത്തില്‍ ഫാം ഹൗസ് മുറ്റത്ത് പാഡി ഹെന്നസിയുടെ മൃതദേഹം കണ്ടെത്തി.തലയ്ക്കും മുഖത്തും സാരമായ പരിക്കുണ്ടായിരുന്നു.കൃഷിസ്ഥലത്തിനടുത്തുള്ള ഷെഡിലാണ് വില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. സമാനമായ പരിക്കുകളാണ് ഇദ്ദേഹത്തിനുമുണ്ടായിരുന്നത്.

മൂന്നാമത്തെ സഹോദരന്‍ ജോണിയെയും ഇദ്ദേഹത്തിന്റെ വാഹനവും കാണാനായില്ല. തുടര്‍ന്ന് ഗാര്‍ഡ എയര്‍ സപ്പോര്‍ട്ട് യൂണിറ്റും ഗാര്‍ഡ ഡോഗ് യൂണിറ്റുമെല്ലാം സ്ഥലത്തെത്തി.ജോണിയ്ക്കും വാഹനത്തിനും വേണ്ടി വ്യാപക തിരച്ചില്‍ നടത്തി.തുടര്‍ന്ന് കുറച്ച് ദൂരെയുള്ള കില്ലക്ലൂയിഗിലെ സെന്റ് ജോസഫ് ചര്‍ച്ചിന് സമീപം ചുവന്ന ടൊയോട്ട കൊറോള വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.ഫണ്‍ഷിയോണ്‍ നദിയുടെ അടുത്തായിരുന്നു ഇത് .

ഗാര്‍ഡ ഈ പ്രദേശത്തും നദീതീരത്തും അവരുടെ തിരച്ചില്‍ കേന്ദ്രീകരിച്ചു.ഡോഗ് സ്‌ക്വാഡിലെ നായ്ക്കളില്‍ നിന്നുള്ള സൂചനയനുസരിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു കിലോമീറ്റര്‍ ദൂരെ പുഴയില്‍ നിന്നും ഗാര്‍ഡ അണ്ടര്‍വാട്ടര്‍ യൂണിറ്റിലെ അംഗങ്ങളാണ് ജോണിയുടെ മൃതതദേഹം കണ്ടെത്തിയത്.

മാന്യന്‍മാരും,പൊതു സമൂഹവുമായി നിദാന്തബന്ധം പുലര്‍ത്തുന്നവരുമായ ഹെന്നിസി   സഹോദരന്മാരുടെ അപ്രതീക്ഷിതമായ ദുരന്തം ഏല്‍പ്പിച്ച ആഘാതത്തിലാണ്  നോർത്ത് കോർക്കിലെ ജനസമൂഹം.

 

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.