head3
head1

അപ്രതീക്ഷിത വൈദ്യുതി മുടക്കം ; കോര്‍ക്ക് നഗരമാകെ ഇരുട്ടിലായി

വൈദ്യുതിയെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

കോര്‍ക്ക് : അപ്രതീക്ഷിത വൈദ്യുതി മുടക്കം കോര്‍ക്ക് നഗരത്തെയാകെ ഇരുട്ടിലാക്കി. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇതു മൂലം വലഞ്ഞത്. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ഈ അവിചാരിത വൈദ്യുതിത്തകരാറില്‍ കുടുങ്ങി.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മറ്റും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ബാറുകളിലുണ്ടായിരുന്നവരുമെല്ലാം എന്താണ് സംഭവിച്ചതെന്നറിയാതെ വലഞ്ഞു. ഉടന്‍ പുനസ്ഥാപിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും പരിഹാരം മണിക്കൂറുകള്‍ നീണ്ടു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെന്ന് ഇ എസ് ബി അവകാശപ്പെട്ടെങ്കിലും പലയിടങ്ങളിലും പൂര്‍ണ്ണ തോതില്‍ തകരാര്‍ പരിഹരിച്ചിട്ടില്ല.

ഒലിവര്‍ പ്ലങ്കറ്റ് സെന്റര്‍ സെന്റ് പാട്രിക്സ്, വാഷിംഗ്ടണ്‍ സ്ട്രീറ്റ്, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാമാണ് വൈദ്യുതി തകരാറുണ്ടായത്.

സെന്റര്‍ പാര്‍ക്ക് റോഡിലും വൈദ്യുതി മുടങ്ങി.കോര്‍ക്ക് ഒപ്പേറ ഹൗസില്‍ നടക്കാനിരുന്ന കൊജാക്കിന്റെ ഷോയുടെ നടത്തിപ്പും ഇതുമൂലം തടസ്സപ്പെട്ടു.രാത്രിയിലെ കണ്‍സേര്‍ട്ട് വൈകിയാണ് തുടങ്ങാനായത്.ബാറുകളിലും മറ്റും ഉണ്ടായിരുന്നവരുടെ പണം വാങ്ങിയെടുക്കുന്നതുമൊക്കെ ബുദ്ധിമുട്ടായി.വൈദ്യുതിത്തകരാര്‍ നഗരത്തിലെ എടിഎമ്മുകളെയും കുഴപ്പത്തിലാക്കി. എടിഎമ്മുകളിലെല്ലാം നീണ്ട ക്യൂവുണ്ടായി.

ലിബര്‍ട്ടി സ്ട്രീറ്റ് സബ്‌സ്റ്റേഷനിലെ ഉപകരണങ്ങളുടെ തകരാറാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഇ എസ് ബി വ്യക്തമാക്കി. 5,595 ഉപഭോക്താക്കളെയാണ് തകരാര്‍ ബാധിച്ചതെന്നും ഇ എസ് ബി പറഞ്ഞു.വൈദ്യുതിത്തകരാര്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഇ എസ് ബി ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.