head3
head1

അയര്‍ലണ്ടിലെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കോടതി വിധി

കാവനിലെ റസ്റ്റോറന്റിലെ അടിമപ്പണി : ചൈനീസ് ഷെഫിന് 1,54,000യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍ : അവധിയോ മിനിമം വേതനമോ പോലും അനുവദിക്കാതെ അമിതമായി ജോലി ചെയ്യിപ്പിച്ച് നടത്തിയ തൊഴിലവകാശ ലംഘനത്തിന് കാവനിലെ റസ്റ്റോറന്റ് ഉടമയ്ക്ക് 1,54,000യൂറോ പിഴ ചുമത്തി വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ വിധി.മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ അയര്‍ലണ്ടിന്റെ (എം ആര്‍ സി ഐ) ഇടപെടലിലാണ് ചൈനീസ് ഷെഫ് സിയാവോഫെങ് ഗാവോ നേരിട്ട നീതികേടിന് ആശ്വാസം ലഭിച്ചത്.

അടുത്തിടയായി ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇന്ത്യകാരായ ചില തൊഴിലുടമകളും, റിക്രൂട്ട്‌മെന്റുകാരും ചേര്‍ന്നൊരുക്കുന്ന വിധത്തിലാണ് ചൈനീസ് റസ്റ്റോറന്റ് ഉടമയും ജീവനക്കാരെ അയര്‍ലണ്ടിലെത്തിച്ചത്. ഭാഷാപരമോ ,നിയമപരമോ ആയ അജ്ഞത മുതലെടുത്ത് അയര്‍ലണ്ടില്‍ എത്തിക്കുന്ന ഷെഫുമാര്‍ക്ക് യാതൊരു അവകാശങ്ങളും നല്‍കാതെ ,കുറഞ്ഞ കൂലി നല്‍കുന്ന പ്രവണത ഇന്ത്യന്‍ തൊഴിലുടമകള്‍ക്കിടയിലും വര്‍ധിച്ചുവരികയാണ് .പത്തു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ ഈടാക്കി അയര്‍ലണ്ടില്‍ എത്തിക്കുന്ന ഷെഫുമാര്‍ക്കാണ് ഈ ഗതികേട്.അഞ്ഞൂറോളം ഇന്ത്യൻ ഷെഫുമാരാണ് സമാനമായ അവസ്ഥയിൽ അയർലണ്ടിലുള്ളത്.

2022 മുതല്‍ 2024 വരെയാണ് ബാലിജേംസ്ഡഫില്‍ മിംഗ് ഗാവോ (എസ്‌കിമോ ഗാവോ മിംഗ് ലിമിറ്റഡ്) റസ്റ്റോറന്റില്‍ സിയാവോഫെങ് ഗാവോ ജോലി ചെയ്തിരുന്നത്.ഷെഫിന് മിനിമം വേതനത്തിന് താഴെയാണ് നല്‍കിയതെന്ന് കമ്മീഷന്‍ കണ്ടെത്തി. തൊഴില്‍ പെര്‍മിറ്റിനെയും അവകാശങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ അഭാവം കാരണം അദ്ദേഹം വംശീയ വിവേചനവും ചൂഷണവും നേരിട്ടെന്നും കമ്മീഷന്‍ കണ്ടെത്തി.

2022 ജൂലൈയില്‍ വര്‍ക്ക് പെര്‍മിറ്റിലാണ് ഗാവോ അയര്‍ലണ്ടില്‍ എത്തിയത്. തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനെന്ന പേരില്‍ നിയമവിരുദ്ധമായി തൊഴിലുടമ 30,000 യൂറോ ഇയാളില്‍ നിന്നും തട്ടിയെടുത്തു.ഈ ജോലി ഉപേക്ഷിച്ച് മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി നേടാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
തൊഴിലാളിയുടെ അജ്ഞത ചൂഷണം ചെയ്തു

അയര്‍ലണ്ടിലെ താമസത്തിനും ഇമിഗ്രേഷന്‍ സ്റ്റാറ്റസിനും ഉപജീവനമാര്‍ഗ്ഗത്തിനും വേണ്ടി തൊഴിലുടമയെ പൂര്‍ണ്ണമായും ആശ്രയിക്കുകയായിരുന്നു ഇദ്ദേഹം. അയര്‍ലണ്ടില്‍ ബന്ധങ്ങളൊന്നുമില്ലായിരുന്നു.ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാതിരുന്നതും വിനയായി.അതിനിടെ പാസ്‌പോര്‍ട്ടും തൊഴിലുടമ പിടിച്ചുവെച്ചു.പുറത്തുനിന്നും സഹായവും പിന്തുണയും ലഭിച്ചതോടെയാണ് ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്തുവരാന്‍ ഇദ്ദേഹത്തിന് സാധിച്ചതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ആകെ 65,505 യൂറോയുടെ കുറവാണ് വേതനത്തിലുണ്ടായത്. തുടര്‍ച്ചയായി 48 മണിക്കൂറിനപ്പുറം കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.ആഴ്ചയില്‍ ആറ് മുതല്‍ ഏഴ് ദിവസം വരെ 63 മുതല്‍ 73 മണിക്കൂര്‍ വരെ ഇദ്ദേഹം ജോലി ചെയ്തു.പ്രതിഫലമില്ലാതെ 105 ഞായറാഴ്ചകളില്‍ അദ്ദേഹം ജോലി ചെയ്തു. വാര്‍ഷിക അവധി, പൊതു അവധി വേതനം ലഭിച്ചിരുന്നില്ല.നിര്‍ബന്ധിത വിശ്രമ ഇടവേളകളോ ആഴ്ചതോറുമുള്ള വിശ്രമ സമയമോ പോലും അനുവദിച്ചില്ലെന്നു കമ്മീഷന് ബോധ്യപ്പെട്ടു .

കൂടുതല്‍ ഇടപെടല്‍ വേണം എം ആര്‍ സി ഐ

ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ നിന്ന് തൊഴില്‍ പെര്‍മിറ്റിലെത്തുന്നവരെ സംരക്ഷിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ അയര്‍ലണ്ടിലെ വര്‍ക്ക് പ്ലേയ്സ് റൈറ്റ്സ് കോര്‍ഡിനേറ്റര്‍ സില്‍വിയ നൊവാകോവ്സ്‌ക പറഞ്ഞു.

തൊഴില്‍ അവകാശങ്ങളെക്കുറിച്ചും പെര്‍മിറ്റ് സംവിധാനത്തെക്കുറിച്ചും തൊഴിലാളികളുുടെ സ്വന്തം ഭാഷയില്‍ കൂടുതല്‍ വ്യക്തമായി ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.