head1
head3

പ്രതിഷേധം തുടരുന്നു: ഗാര്‍ഡയുടെ ശക്തമായ ഇടപെടല്‍

ഡബ്ലിന്‍ : അഭയാര്‍ത്ഥി യുവാവ്, ബാലികയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷവും അക്രമവും തുടരുന്ന സാഗര്‍ട്ടില്‍ പ്രതിഷേധം തുടരുന്നു. ശക്തമായ തോതില്‍ ഗാര്‍ഡാ സാന്നിധ്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ബുധനാഴ്ചയും സിറ്റിവെസ്റ്റ് അക്കോമഡേഷന്‍ സെന്ററിന് സമീപം പ്രതിഷേധമാര്‍ച്ച് നടന്നെങ്കിലും അക്രമണമൊന്നുമുണ്ടായില്ല. അതിനിടെ സിറ്റിവെസ്റ്റ് അക്കോമഡേഷന്‍ സെന്ററിലെ അന്തേവാസിക്ക് നേരെ ചൊവ്വാഴ്ചയും വൈകിട്ട് ആക്രമണമുണ്ടായി.

തിങ്കളാഴ്ചയാണ് പീഡന സംഭവത്തില്‍ അഭയാര്‍ത്ഥി യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി മുതല്‍ സിറ്റിവെസ്റ്റ് അക്കോമഡേഷന്‍ സെന്ററിന് സമീപം അക്രമവും പ്രതിഷേധവും അരങ്ങേറിത്തുടങ്ങിയത്.ചൊവ്വാഴ്ച സിറ്റിവെസ്റ്റ് അക്കോമഡേഷന്‍ സെന്ററില്‍ 2,000 പേര്‍ പങ്കെടുത്ത പ്രതിഷേധത്തിനിടെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളിലുള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാര്‍ഡ.പ്രതിഷേധങ്ങളെ നേരിടാന്‍ 300ലേറെ ഗാര്‍ഡകളെയാണ് വിന്യസിച്ചത്.അക്രമസംഭവങ്ങളില്‍ നാല് ഗാര്‍ഡകള്‍ക്ക് പരിക്കേറ്റിരുന്നു.റെയ്ഡില്‍ 15 സ്‌കൂട്ടറുകളും ഇ-ബൈക്കുകളും പിടിച്ചെടുത്തു.

സിറ്റിവെസ്റ്റില്‍ പ്രതിഷേധക്കാര്‍ വന്‍തോതില്‍ ഒത്തുകൂടുന്നത് ഗാര്‍ഡ തടഞ്ഞതിനാലാണ് ഇന്നലെയും അക്രമാസക്തമായ പ്രകടനം നടക്കാതെ പോയതെന്നാണ് കരുതുന്നത്. രാത്രി 7 മണിക്ക് തൊട്ടുമുമ്പ് പോലീസ് ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.സായുധ ഗാര്‍ഡയും പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ നിരന്നു.പോലീസ് അധികാരികള്‍ നിരവധി തവണ പത്രസമ്മേളനം നടത്തി മുന്നറിയിപ്പുകള്‍ നല്‍കി കൊണ്ടിരുന്നു.

പ്രതിഷേധക്കാര്‍ ഗാര്‍ഡകള്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി. നിയമം ലംഘിക്കാനും ശ്രമിച്ചു.അതിനിടെ പബ്ലിക് ഓര്‍ഡര്‍, മൗണ്ടഡ് യൂണിറ്റുകളുമെത്തി.ജലപീരങ്കിയും സജ്ജമാക്കി.എയര്‍ സപ്പോര്‍ട്ട്, ഡോഗ് യൂണിറ്റുകള്‍, 150 യൂണിഫോം ഗാര്‍ഡകള്‍, 120 പബ്ലിക് ഓര്‍ഡര്‍ ഓഫീസര്‍മാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഒരു സ്ത്രീയായിരുന്നു പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയത്. അവര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 100ലേറെ വരുന്ന പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.എന്നാല്‍ രാത്രിയില്‍ ഡബ്ലിനിലെ സാഗാര്‍ട്ട്, സിറ്റിവെസ്റ്റ് പ്രദേശങ്ങളില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി.

കഴിഞ്ഞ രണ്ട് ദിവസമായി നടന്നത് സമാധാനപരമായ പ്രതിഷേധമല്ലെന്നും അക്രമകാരികളില്‍ പലരും സാഗാര്‍ട്ട് പ്രദേശത്തുനിന്നുള്ളവരല്ലെന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരാണെന്നും ഡബ്ലിനിലെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ക്ലിയോണ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.അക്രമങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ഗാര്‍ഡ അസി. കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

സിറ്റിവെസ്റ്റ് സമുച്ചയത്തില്‍ അടുത്ത ആഴ്ച മുഴുവന്‍ ഗാര്‍ഡയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് ചീഫ് സൂപ്രണ്ട് മൈക്കല്‍ മക്നള്‍ട്ടി പറഞ്ഞു.സോഷ്യല്‍ മീഡിയയ്ക്കും അക്രമണം വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ഗാര്‍ഡ സൂപ്രണ്ട് പറഞ്ഞു.

ഡബ്ലിനിലെ അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ നയത്തെ എതിര്‍ക്കാനും ആളുകള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്.എന്നാല്‍ നിയമം ലംഘിക്കാനും ഗാര്‍ഡാ അംഗങ്ങളെ ആക്രമിക്കാനും അവകാശമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈനിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുന്നത് ചെറുക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് മന്ത്രി ഒ കല്ലഗന്‍ പറഞ്ഞു.ആളുകള്‍ക്ക് ഓണ്‍ലൈനിലൂടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഈ പ്ലാറ്റ്ഫോമുകള്‍ക്കുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.