head1
head3

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്‍മാര്‍ ഇറങ്ങുന്നു; നെയ്മറും എംബാപ്പെയും മെസിയും ഒന്നിച്ചിറങ്ങാന്‍ സാധ്യത

ബ്രുജെസ്/മിലാന്‍ : ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്‍മാര്‍ ഇറങ്ങുന്നു. പിഎസ്ജി, ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍, അത്-ലറ്റികോ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ കരുത്തന്‍മാരാണ് രംഗത്തുള്ളത്.

പിഎസ്ജിക്ക് ബല്‍ജിയം ലീഗിലെ ക്ലബ് ബ്രുജാണ് എതിരാളികള്‍. ബാഴ്സലോണയിലെ സുവര്‍ണ കാലഘട്ടത്തിനുശേഷം ലയണല്‍ മെസി ആദ്യമായി മറ്റൊരു കുപ്പായത്തില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങുന്നതും പുതുമയാണ്. നെയ്മറും കിലിയന്‍ എംബാപ്പെയും മെസിയും ഒന്നിച്ചിറങ്ങാനുള്ള സാധ്യതയുമുണ്ട്. ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ കഴിയാത്ത പിഎസ്ജി ഇക്കുറി കരുത്തുറ്റ നിരയുമായാണ് എത്തുന്നത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം മെസിയും നെയ്മറും വിശ്രമത്തിലായിരുന്നു. അതേസമയം, സസ്പെന്‍ഷനിലുള്ള ഏയ്ഞ്ചല്‍ ഡി മരിയക്ക് കളിക്കാനാകില്ല. പരിക്കേറ്റ മാര്‍കോ വെറാറ്റിയും ടീമിലില്ല. പരിക്ക് കാരണം മുന്‍ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിന് അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും.

ബ്രുജിന്റെ തട്ടകത്തിലാണ് കളി. റയലിന് ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ഇന്റര്‍ മിലാനാണ് എതിരാളികള്‍. റാമോസ് യുഗത്തിനുശേഷം റയലിന്റെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടമാണിത്. സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി റയല്‍ കുതിക്കുകയാണ്. അവസാന മത്സരത്തില്‍ സെല്‍റ്റി വിഗോയെ 52-നാണ് റയല്‍ തകര്‍ത്തത്. കരിം ബെന്‍സെമയുടെ ഗോള്‍ മികവും വിനീഷ്യസിന്റെയും ഏദെന്‍ ഹസാര്‍ഡിന്റെയും പ്രകടനങ്ങളുമാണ് റയലിന്റെ പ്രതീക്ഷ.

റൊമേലു ലുക്കാക്കു ചെല്‍സിയിലേക്ക് കൂടുമാറിയശേഷം ഇന്ററിന് മുന്നേറ്റത്തില്‍ തളര്‍ച്ചയുണ്ട്. ലൗതാരോ മാര്‍ട്ടിനെസാണ് അവരുടെ മുഖ്യ ആയുധം. മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് എസി മിലാനാണ് എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഇരു സംഘങ്ങളും തമ്മിലുള്ള മൂന്നാമത്തെ മത്സരമാണിത്. മിലാന്റെ തട്ടകത്തിലാണ് കളി.

നിലവിലെ ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റര്‍ സിറ്റി ലെയ്പ്സിഗിനെ നേരിടും. അത് ലറ്റികോ പോര്‍ട്ടോയുമായും ഡോര്‍ട്ട്മുണ്ട് ബെസിക്ടാസുമായും ഏറ്റുമുട്ടും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.