head3
head1

അയര്‍ലണ്ടിന് പുതിയ പ്രസിഡണ്ട് :കാതറിന്‍ കൊണോലിയ്ക്ക് വന്‍ വിജയം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ പുതിയ പ്രസിഡന്റായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കൊണോളി തിരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ ഭരണകക്ഷി സ്ഥാനാര്‍ത്ഥി ആകെ നേടിയ വോട്ടുകളുടെ ഇരട്ടിയിലധികം നേടിയാണ് 68 കാരിയായ മുന്‍ അഭിഭാഷകയും ഗോള്‍വേ സ്വദേശിനിയുമായ കാതറിന്‍ കൊണോളി വിജയിയായത് . ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളില്‍ വോട്ടുകളില്‍ 63 ശതമാനം വോട്ട് നേടി അവര്‍ ഭൂരിപക്ഷ വിജയം ഉറപ്പിച്ചപ്പോള്‍ ഭരണകക്ഷി സ്ഥാനാര്‍ത്ഥിക്ക് വെറും 29 ശതമാനം വോട്ടെ ലഭിച്ചുള്ളൂ.പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് വിജയിച്ചെത്തിയ കാതറിന്‍ കൊണോളി 914,143 വോട്ടുകള്‍ നേടിയപ്പോള്‍ 213,738 വോട്ടുകള്‍ അസാധുവാക്കി ഐറിഷ് പൊതുസമൂഹം ,ഭരണസംവിധാനത്തോടുള്ള പ്രതിഷേധം അറിയിച്ചു.ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹെതര്‍ ഹംഫ്രീസിന് 424,987വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.മത്സരരംഗത്ത് നിന്നും പിന്മാറിയ ജിം ഗാവിന് 103,568 വോട്ടുകളെ ലഭിച്ചുള്ളൂ.

ഏറ്റവും കൂടുതല്‍ അസാധുവായ വോട്ടുകള്‍ രേഖപ്പെടുത്തിയ മണ്ഡലങ്ങള്‍ ചുവടെപ്പറയുന്നവയാണ്:

ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് – 20.5%
ഡബ്ലിന്‍ മിഡ് വെസ്റ്റ് – 20.2%
ഡബ്ലിന്‍ സൗത്ത് സെന്‍ട്രല്‍ – 19.0%

പുതിയ പ്രസിഡണ്ടിന്റെ പ്രഖ്യാപനങ്ങള്‍

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പ്രസിഡന്റായിരിക്കും ഞാന്‍. ജനങ്ങളെ കേള്‍ക്കുന്നവളായും ആവശ്യമുള്ളപ്പോള്‍ അവര്‍ക്കായി സംസാരിക്കുന്നവളായും നിലകൊള്ളും. സമാധാനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തും,” എന്നായിരുന്നു ഡബ്ലിന്‍ കാസിലില്‍ വിജയപ്രഖ്യാപനത്തിന് ശേഷം കാതറിന്‍ കൊണോളി മാധ്യമങ്ങളോട് പ്രതീകരിച്ചത്. ‘

മൈക്കല്‍ ഡി ഹിഗിന്‍സിന്റെ 14 വര്‍ഷത്തെ കാലാവധിക്ക് ശേഷം രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് എത്തുന്ന കൊണോളിയുടെ തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ വിജയമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തി.

”കാതറിന്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രസിഡന്റായിരിക്കും, അവള്‍ എന്റെ പ്രസിഡന്റുമാണ് എന്നായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഫിനഗേല്‍ പാര്‍ട്ടിയുടെ ഹെതര്‍ ഹംഫ്രീസ് പറഞ്ഞത്. ഹൃദയം നിറഞ്ഞ ആശംസകള്‍ അവര്‍ക്ക് നേരുന്നതായും നേരുന്നതായും ഹംഫ്രീസ് പറഞ്ഞു.

പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിനും ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും കൊണോളിയുടെ വിജയത്തെ ”ജനങ്ങളുടെ ശക്തിയുടെ തെളിവ്” എന്ന നിലയില്‍ വിലയിരുത്തി.

43 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്റ്ഷ്യല്‍ റിട്ടേണിംഗ് ഓഫീസര്‍ ബാറി റയന്‍ അന്തിമ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആരംഭം മുതല്‍ കാതറിന്‍ കൊന്നോളി മുന്നേറ്റം നിലനിര്‍ത്തി.

ഏകദേശം 2,13,000 അസാധുവായ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാതറിന്റെ വിജയം അയര്‍ലണ്ടില്‍ പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവും നിറച്ചിരിക്കുകയാണ്. ഹൃദയ ശുദ്ധിയുള്ള ,ഒരു പ്രസിഡണ്ട് എന്നാണ് അവരെ പൊതുസമൂഹം വിലയിരുത്തുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.