ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ സജീവമായതായി ഗാര്‍ഡയുടെ നിരീക്ഷണം. രാജ്യത്തെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘടിത ഐറിഷ് -കിഴക്കന്‍ യൂറോപ്യന്‍ ക്രിമിനല്‍ സംഘങ്ങള്‍ വന്‍കിട വാഹനങ്ങള്‍ മോഷ്ടിക്കുന്നതെന്ന് ഗാര്‍ഡ പറയുന്നു.
വാഹനം മോഷ്ടിച്ച് പൊളിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി വിടുകയാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ സംഘങ്ങള്‍ ചെയ്യുന്നത്.വാഹനങ്ങളുടെ കീലെസ് സിസ്റ്റത്തെ വരുതിയിലാക്കാനുള്ള സാങ്കേതികവിദ്യയും ഇവര്‍ക്കുണ്ട്.സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ഇവര്‍ മോഷണം നടത്തുന്നത്.
ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ സൗത്ത് ഡബ്ലിനിലെ ഫോക്‌സ്‌റോക്കിലെ വീട്ടുമുറ്റത്തുനിന്ന് ഒരു ബിഎംഡബ്ല്യു കാര്‍ മോഷ്ടിച്ച സംഘം അതേ രാത്രിയില്‍ തന്നെ തുടര്‍ന്ന് ലെപ്പേര്‍ഡ്‌സ്ടൗണ്‍, കാരിക്‌മൈന്‍സ്, കാബിന്റീലി എന്നിവിടങ്ങളില്‍ നിന്നും വാഹനങ്ങള്‍ കടത്തി.ഗ്രേസ്റ്റോണ്‍സ്, ബ്രേ, ഡെല്‍ഗാനി തുടങ്ങിയ നോര്‍ത്ത് വിക്ലോ പട്ടണങ്ങളിലും ഗോള്‍വേ, കോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലും സമാനമായ സംഭവങ്ങള്‍ വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫോക്‌സ്‌റോക്കിലെയും കാബിന്റീലിയിലെയും വിവിധ എസ്റ്റേറ്റുകളില്‍ നിന്നും ഉന്നത നിലവാരമുള്ള കാറുകള്‍ മോഷ്ടിക്കാന്‍ ശ്രമമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഡോര്‍ബെല്‍ ക്യാമറകളില്‍ ക്രിമിനലുകള്‍ കാറുകള്‍ മോഷ്ടിക്കുന്നതിന്റെയും കടത്താന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മോഷണം എം50, എം11 മോട്ടോര്‍വേകളില്‍
എം50, എം11 മോട്ടോര്‍വേകളുടെ പരിസരത്തെ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണമെന്ന് സുരക്ഷാ കേന്ദ്രങ്ങള്‍ പറയുന്നു.മോഷ്ടിക്കുന്ന വാഹനങ്ങള്‍ മിഡ്‌ലാന്‍ഡ്‌സിലേക്കോ വടക്കുപടിഞ്ഞാറിലേക്കോ ആണ് കൊണ്ടുപോകുന്നത്.അവിടെ നിന്നും വാഹനം പീസ് പീസാക്കി രാജ്യത്തിന് പുറത്തേക്ക് കടത്തും.യന്ത്രഭാഗങ്ങളുടെ മൂല്യവും അന്താരാഷ്ട്ര തലത്തില്‍ അവയ്ക്കുള്ള ആവശ്യകതയും കാരണമാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ സംഘങ്ങള്‍ എക്സിക്യൂട്ടീവ് സലൂണ്‍ വാഹനങ്ങളെ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ കേന്ദ്രങ്ങള്‍ പറഞ്ഞു.
ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് വാഹനങ്ങള്‍ മോഡിപിടിപ്പിക്കാറുണ്ടെന്നും ഗാര്‍ഡ പറഞ്ഞു.യു കെയിലേയ്ക്കും ധാരാളം വാഹനങ്ങള്‍ പോകുന്നുണ്ട്.യു കെയിലെയും അയര്‍ലണ്ടിലെയും വാഹനങ്ങളുടെ ചേസിസുകളുടെ 17 അക്ക നമ്പരുകളിലെ (വെഹിക്കിള്‍സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) സമാനതകളാണ് ഇതിന് കാരണമാകുന്നത്..
മോഷ്ടിക്കാന്‍ അത്യാധുനിക രീതികള്‍
ഐറിഷ് -കിഴക്കന്‍ യൂറോപ്യന്‍ മോഷണ സംഘങ്ങള്‍് കാര്‍ മോഷ്ടിക്കാന്‍ അത്യാധുനിക രീതികളാണ് ഉപയോഗിക്കുന്നത്.വാഹനത്തെ തിരിച്ചറിയാന്‍ കഴിയുന്ന എല്ലാ യന്ത്ര ഭാഗങ്ങളും ഉടന്‍ നശിപ്പിക്കുകയോ ഡിസ്‌കാര്‍ഡ് ചെയ്യുകയോ ചെയ്യുകയുമാണ് ഇവരുടെ രീതി.പിന്നീട് കാര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നു. എന്നാല്‍ കാറിലെ വിഐഎന്‍ കൂടുതല്‍ അപകടകരമാണ്.
മിക്ക ആഡംബര കാറുകളിലും കീലെസ് സിസ്റ്റമാണുള്ളത്. കീ ഫോബ് കാറിലേക്ക് ഒരു സിഗ്നല്‍ അയയ്ക്കുന്നതോടെ വാഹനം അണ്‍ലോക്കായി എഞ്ചിന്‍ സ്റ്റാര്‍ട്ടാകും.ഈ സിഗ്നലുകള്‍ തട്ടിയെടുക്കാന്‍ വിലകുറഞ്ഞ ഇലക്ട്രോണിക് കിറ്റുകളാണ് ക്രിമിനലുകള്‍ ഉപയോഗിക്കുന്നത്.റിലേ അറ്റാക്കെന്നാണ് ഇതിനെ ഗാര്‍ഡ വിശേഷിപ്പിക്കുന്നത്. ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ എന്ന വ്യാജേന റിലേ കിറ്റുകള്‍ നൂറ് യൂറോയ്ക്ക് വരെ വിപണിയില്‍ വാങ്ങാന്‍ കിട്ടും.
ഒരാള്‍ ഇരയുടെ വീടിനടുത്ത് ഫോബിന്റെ സിഗ്നല്‍ എടുക്കാന്‍ കഴിയുന്നത്ര അടുത്തുനില്‍ക്കും. മറ്റൊരാള്‍ രണ്ടാമത്തെ ഉപകരണവുമായി കാറിനടുത്ത് നില്‍ക്കും.രണ്ട് ഗാഡ്‌ജെറ്റുകളും പരസ്പരം സിഗ്‌നല്‍ സ്വീകരിക്കുന്നതോടെ താക്കോല്‍ സമീപത്തെന്ന് കരുതി കാര്‍ സ്റ്റാര്‍ട്ടാകും.
മോഷണം തടയാന്‍ മാര്‍ഗ്ഗം
ഇതിനെ പ്രതിരോധിക്കാന്‍ വാഹന ഉടമകള്‍ക്ക് കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കീ ഫോബ് അയയ്ക്കുന്ന സിഗ്നല്‍ തടയുന്ന ഫാരഡെ പൗച്ചില്‍ താക്കോലുകള്‍ സൂക്ഷിക്കുകയെന്നതാണ്, ഇതിനുള്ള മാര്‍ഗ്ഗം.വാഹനങ്ങളുടെ പാര്‍ക്കിംഗിലും ശ്രദ്ധിക്കണം. സുരക്ഷിതമായ ഗാരേജാണ് നല്ലത്.ഇത് സാധ്യമല്ലെങ്കില്‍, കാറെടുക്കുന്നതിന് ബുദ്ധിമുട്ടാക്കുന്ന വിധത്തിലുള്ള മതിലോ ഗേറ്റോ ഉള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം, ഇവര്‍ ഉപദേശിക്കുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

