head3
head1

ഓടിക്കൊണ്ടിരിക്കെ കാറില്‍ തീപ്പിടുത്തം; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ക്ലയര്‍ : ഓടിക്കൊണ്ടിരിക്കെ കാറിലുണ്ടായ തീപ്പിടുത്തത്തില്‍ നിന്നും മൂന്ന് യാത്രികരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ക്ലയറിലെ തിരക്കേറിയ എം 18 മോട്ടോര്‍വേയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എമര്‍ജന്‍സി സര്‍വ്വീസുകള്‍ മോട്ടോര്‍വേയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. വൈകീട്ട് 5.10ഓടെ ഗതാഗതം പുനസ്ഥാപിച്ചു.

ഡ്രോമോലാന്‍ഡിലെ ജംഗ്ഷന്‍ 11നും ക്ലെയര്‍കാസിലിലെ കില്ലൂ ജംഗ്ഷനും ഇടയിലാണ് ബി എംഡബ്ല്യു കാറിന് തീപിടിച്ചത്. ഡ്രൈവറും മൂന്ന് യാത്രക്കാരും ഒരുവിധത്തില്‍ പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തീ പടര്‍ന്നിട്ടും മോട്ടോര്‍വേയിലൂടെ അല്‍പദൂരം കാര്‍ മുന്നോട്ടനീങ്ങിയിരുന്നു. എങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കാറില്‍ നിന്ന് മോട്ടോര്‍വേയുടെ വശത്തുള്ള ടിമ്പര്‍ ഫെന്‍സിംഗിലേക്കും തീ പടര്‍ന്നിരുന്നു. കനത്ത പുകയും പടര്‍ന്നിരുന്നു.

ഗാര്‍ഡയ്ക്കൊപ്പം എന്നിസ്, ഷാനണ്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ക്ലയര്‍ കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. മോട്ടോര്‍വേ അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു.

ഇതിനിടെ ഗതാഗതം തിരിച്ചുവിട്ട റൂട്ടില്‍ കാറും ട്രാക്ടറും ട്രയിലറും തമ്മില്‍ കൂട്ടിയിടിച്ചതും പരിഭ്രാന്തിയുണ്ടാക്കി. തുടര്‍ന്ന് ക്വിന്‍ വില്ലേജിലേയ്ക്ക് ഗതാഗതം വീണ്ടും വഴിതിരിച്ചുവിട്ടു. ഈ അപകടത്തിലും ആര്‍ക്കും പരിക്കില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.