ഡബ്ലിന്‍ : സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം.തൊഴിലാളികളടക്കം സമൂഹം നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അവഗണിക്കുന്ന ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.സാധാരണക്കാരെ സഹായിക്കുന്നതിനേക്കാള്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്നതിനാണ് ബജറ്റ് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും സിന്‍ ഫെയ്ന്‍, ലേബര്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടികള്‍ വിമര്‍ശിച്ചു.
സാധാരണക്കാരെ പൂര്‍ണ്ണമായും കൈവിട്ട ബജറ്റെന്ന് സിന്‍ഫെയിന്‍
സാധാരണക്കാരെ പൂര്‍ണ്ണമായും കൈവിട്ട ബജറ്റാണിതെന്ന് സിന്‍ ഫെയിനിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി പറഞ്ഞു.കഴിഞ്ഞ നവംബറിലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ വഷളായിട്ടുണ്ടെന്നും ഡോഹെര്‍ട്ടി പറഞ്ഞു.ബജറ്റ് പദ്ധതികള്‍ക്ക് യഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. കുതിച്ചുയരുന്ന ജീവിതച്ചെലവില്‍ ജനം പകച്ചുനില്‍ക്കുമ്പോള്‍ സമ്പന്നര്‍ക്ക് വലിയ നികുതി ഇളവുകള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഡോഹെര്‍ട്ടി കുറ്റപ്പെടുത്തി.
ഡെവലപ്പര്‍മാര്‍ക്കും ഭൂവുടമകള്‍ക്കും ലക്ഷക്കണക്കിന് യൂറോ വരെ നികുതി ഇളവുകള്‍ ലഭിക്കുമ്പോള്‍ 30,000 മുതല്‍ 40,000 യൂറോ വരെ വരുമാനമുള്ള ആളുകള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് ഡോഹെര്‍ട്ടി പറഞ്ഞു.ഇതൊരു ജീവിതച്ചെലവ് ബജറ്റ് ആകേണ്ടതായിരുന്നു.
മോശം ചോയ്സുകളും നഷ്ടപ്പെട്ട അവസരങ്ങളുമുള്ള ബജറ്റ് : സോഷ്യല്‍ ഡെമോക്രാറ്റ്സ്
കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ബജറ്റിന് കഴിയുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്തില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ധനകാര്യ വക്താവ് സിയാന്‍ ഒ കല്ലഗന്‍ വിമര്‍ശിച്ചു.പരാജയപ്പെടുന്ന കുടുംബങ്ങള്‍ക്ക് പകരം വലിയ ഡെവലപ്പര്‍മാര്‍ക്കും ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ക്കുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്നും കല്ലഗന്‍ പറഞ്ഞു.
മോശം ചോയ്സുകളും നഷ്ടപ്പെട്ട അവസരങ്ങളുമുള്ള ബജറ്റാണിത്.ജീവിതച്ചെലവില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനോ തലചായ്ക്കാനിടം നല്‍കാനോ പദ്ധതിയില്ല.സര്‍ക്കാര്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കൊപ്പമാണ് ഉറച്ചുനില്‍ക്കുന്നത്. ദേശീയ ധനസ്ഥിതി സംരക്ഷിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍് നികുതി പിരിവില്‍ 1.3 ബില്യണ്‍ കുറവു വരുത്തി.പലവഴികളിലും ഉപയോഗിക്കാമായിരുന്ന വലിയ തുകയാണ് സര്‍ക്കാര്‍ നഷ്ടമാക്കിയത്.
40,000 കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാമായിരുന്നില്ലേ..?
രണ്ടാം ഘട്ട ചൈല്‍ഡ് ബെനഫിറ്റ്സ് ഉപയോഗിച്ച് 40,000 കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാമായിരുന്നു. കെയറേഴ്സിനുള്ള മീന്‍സ് ടെസ്റ്റും നിര്‍ത്തലാക്കാമായിരുന്നു. തേര്‍ഡ് ലെവല്‍ ഫീസില്‍ 1,000 വെട്ടിക്കുറച്ചത് നിലനിര്‍ത്താമായിരുന്നു. കുടുംബങ്ങള്‍ക്കുള്ള ചൈല്‍ഡ് കെയര്‍ ചെലവ് കുറയ്ക്കാമായിരുന്നു.ആഴ്ചതോറുമുള്ള ഡിസ്സബിലിറ്റി പേയ്‌മെന്റ് നല്‍കാമായിരുന്നു.അഫോര്‍ഡബിള്‍ വിലയ്ക്ക് വീടുകള്‍ നല്‍കാമായിരുന്നു.8,00,000 കുടുംബങ്ങളെസഹായിക്കാന്‍ എനര്‍ജി ക്രെഡിറ്റുകള്‍ അവതരിപ്പിക്കാമായിരുന്നു.
ഇവയ്ക്കൊക്കെ പകരം, സര്‍ക്കാര്‍ മക്‌ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വാറ്റ് നിരക്ക് 9% ആയി കുറച്ചുകൊടുത്തു.ലക്ഷക്കണക്കിന് തുക അധിക ലാഭമുണ്ടാക്കാന്‍ അവസരം നല്‍കി. കഴിഞ്ഞ വര്‍ഷം, മക്‌ഡൊണാള്‍ഡ്‌സ് അയര്‍ലന്‍ഡ് 42 മില്യണ്‍ യൂറോയാണ് ലാഭമുണ്ടാക്കിയത്.ബജറ്റ് വന്‍കിട ഡെവലപ്പര്‍മാര്‍ക്കുള്ള ബൊണാന്‍സയാണ് ബജറ്റ്.പുതിയ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണങ്ങളുടെ വാറ്റ് കുറയ്ക്കുന്നത് ഡെവലപ്പര്‍മാരുടെ ലാഭം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഇദ്ദേഹം പറഞ്ഞു.
സാദാ ജനങ്ങളെക്കാള്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്നുവെന്ന് ലേബര്‍
ഗോള്‍വേ ടെന്റ് ബജറ്റാണിതെന്ന് ലേബര്‍ ഹൗസിംഗ് വക്താവ് കോണര്‍ ഷീഹാന്‍ വിശേഷിപ്പിച്ചു.സാദാ ജനങ്ങളെക്കാള്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കോണര്‍ ഷീഹാന്‍ പറഞ്ഞു.ഫിന ഗേലിന്റെ സുഹൃത്തുക്കളായ ഉന്നതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പാക്കുന്ന ബജറ്റാണിതെന്നും ലേബര്‍ ആരോപിച്ചു.
യാതൊരു നിബന്ധനകളും കൂടാതെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് വാറ്റ് ഇളവ് നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 390 മില്യണ്‍ യൂറോ ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്റ്റാമ്പ് ഡ്യൂട്ടി റിലീഫും കോസ്റ്റ് റെന്റലിന്റെ സിടി നികുതി കിഴിവുകളും കണക്കിലെടുക്കുമ്പോള്‍ വര്‍ഷത്തില്‍ 563 മില്യണ്‍ യൂറോയുടെ ഡെവലപ്പര്‍ നികുതി പാക്കേജാണ് ലഭിക്കുക.
വാറ്റ് ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ, ഡെവലപ്പര്‍മാര്‍ അപ്പാര്‍ട്ട്മെന്റ് വില്‍പ്പനയില്‍ 4% അധിക ലാഭം നേടും.അപ്പാര്‍ട്ടുമെന്റുകളില്‍ നിലവിലുള്ള 15-20% ലാഭത്തിന് പുറമേയാണിത്.ഈ കളിയില്‍ ഫിന ഗേലിനും ഫിനഫാളിനുമുള്ള ലാഭമെന്താണെന്ന് വ്യക്തമാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന 220,000ത്തിലധികം കുട്ടികളുള്ള രാജ്യമാണിത്.വില ഭീമാകാരമായ ഭവന വിലയും വീട്ടുവാടകയുമുള്ള രാജ്യമാണ്. ഈ ഘട്ടത്തില്‍ ഡെവലപ്പര്‍മാര്‍ക്കുള്ള 563 മില്യണ്‍ യൂറോയുടെ നികുതിയിളവ് നല്‍കിയെന്ന് വിശ്വസിക്കാന്‍ പോലുമാകില്ല.
5,145 കുട്ടികള്‍ ഭവനരഹിതരായി കഴിയുന്ന പശ്ചാത്തലത്തില്‍ ഹോംലെസ് സര്‍വ്വീസുകള്‍ക്കോ ഭവന രാഹിത്യം തടയുന്നതിനോ അധിക നടപടികളൊന്നും ബജറ്റിലില്ല.അഴിമതി അവസാനിപ്പിക്കാന്‍ പുതിയ നടപടികളൊന്നുമില്ലെന്ന് ഷീഹാന്‍ പറഞ്ഞു.
പെട്രോളും ഡീസല്‍ വില 2.5 സെന്റ് കൂടും : കൂടിയ ഇന്ധന വില ഇന്നു മുതല്‍ പ്രാബല്യത്തില്‍
ഡബ്ലിന്‍ : ബജറ്റില്‍ കാര്‍ബണ്‍ നികുതി വര്‍ദ്ധിപ്പിച്ചതോടെ പെട്രോളും ഡീസലും അടക്കമുള്ള ഇന്ധനങ്ങള്‍ക്ക് വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് 2.5 സെന്റ് വര്‍ദ്ധനവാണ് ബജറ്റിനെ തുടര്‍ന്നുണ്ടാവുക. ഈ വര്‍ദ്ധനവ് ഇന്നു മുതല്‍ ജനങ്ങളിലെത്തും.അടുത്ത വര്‍ഷം വൈദ്യുതി ക്രെഡിറ്റുകളുമുണ്ടാകില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു.ഇതിനെതിരെ പ്രതിപക്ഷവും വിവിധ സംഘടനകളും പ്രതിഷേധ വാളുയര്‍ത്തിയിട്ടുണ്ട്.
അതേ സമയം ജീവിതച്ചെലവ് ലഘൂകരിക്കുന്നതിന് വണ്‍സ് ഓഫ് പായ്ക്കേജുകള്‍ തുടരില്ലെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ ബജറ്റിലൂടെ സ്ഥിരീകരിച്ചുഎന്നാല്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്കുള്ള സപ്പോര്‍ട്ടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ഷിക വൈദ്യുതി ബില്ലുകള്‍ കൂടും
2021 മുതല്‍ ഇതുവരെ വൈദ്യുതി നിരക്ക് 69% മാണ് കൂടിയത്. ഗ്യാസിന്റെ വില ഇരട്ടിയിലുമധികമായി(+102%) ഉയര്‍ന്നു. 1,200യൂറോയായിരുന്ന ശരാശരി വാര്‍ഷിക വൈദ്യുതി ബില്ലുകള്‍ ഈ വര്‍ഷാവസാനത്തിന് മുമ്പ് 1,900യൂറോയിലെത്തുമെന്നും കണക്കാക്കുന്നു.മിക്ക വിതരണക്കാരും അടുത്തിടെ വൈദ്യുതി നിരക്കുകള്‍ കൂട്ടിയിരുന്നു.
അടുത്ത വര്‍ഷം മെയ് 1 മുതല്‍ കല്‍ക്കരി, ഗ്യാസ്, ഹോം ഹീറ്റിംഗ് ഓയില്‍, ബ്രിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് എല്ലാ കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമാകും.
എല്ലാ വര്‍ഷവും കാര്‍ബണ്‍ നികുതിയില്‍ വര്‍ദ്ധനവ് വരുത്തുന്നത് 2020ല്‍ കൊണ്ടുവന്ന ധനകാര്യ നിയമം വ്യസ്ഥ ചെയ്യുന്നുണ്ട്. 2030ഓടെ കാര്‍ബണ്‍ ഉദ്വമനത്തിന്റെ നികുതി ടണ്ണിന് 100യൂറോയാക്കുകയാണ് ലക്ഷ്യം.കാര്‍ബണ്‍ നികുതിയിലെ വര്‍ദ്ധനവ് അടുത്ത വര്‍ഷം ഖജനാവിലേയ്ക്ക് 121 മില്യണ്‍ യൂറോ അധികമായി എത്തിക്കുമെന്നും ഒരു മുഴുവന്‍ വര്‍ഷത്തിനുള്ളില്‍ ഇത് 157 യൂറോ മില്യണ്‍ യൂറോയായി ഉയരുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു.
എനര്‍ജി ക്രെഡിറ്റുകള്‍ നിര്‍ത്തിയത് ലജ്ജാകരം
എനര്‍ജി ക്രെഡിറ്റുകള്‍ നല്‍കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ലജ്ജാകരമാണ് ഈ നിലപാടെന്ന് സിന്‍ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി പറഞ്ഞു.കുടുംബങ്ങളില്‍ ഇത് വലിയ ആഘാതമുണ്ടാക്കുമെന്ന് ഫാമിലി കെയേഴ്‌സ് അയര്‍ലണ്ട് പറഞ്ഞു.2022 ഏപ്രിലിനും 2025 ഫെബ്രുവരിക്കും ഇടയില്‍, അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്ലുകളില്‍ 1,500 യൂറോയുടെ ഒമ്പത് ക്രെഡിറ്റുകള്‍ ലഭിച്ചു.ഇതിനായി 3 ബില്യണ്‍ യൂറോയാണ് ഖജനാവ് ചെലവിട്ടത്.
ഊര്‍ജ്ജ ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചെന്ന് ഫ്യൂവല്‍സ് ഫോര്‍ അയര്‍ലണ്ടിന്റെ സിഇഒ കെവിന്‍ മക്പാര്‍ട്ട്ലാന്‍ ആരോപിച്ചു.2026 ജനുവരി 1 ന്, പുനരുപയോഗിക്കാവുന്ന ഗതാഗത ഇന്ധന ബാധ്യതാ പദ്ധതിയിലെ മാറ്റങ്ങള്‍ ഇന്ധന വില ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് സെന്റ് വരെ കൂടി ചേര്‍ക്കും.കഴിഞ്ഞ സര്‍ക്കാര്‍ ഇന്ധനവില 15 യൂറോ വരെ വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ എല്ലാ വീടുകളെയും ബിസിനസുകളെയും ഇത് ബാധിക്കുമെന്നും ഫ്യൂവല്‍സ് ഫോര്‍ അയര്‍ലണ്ട് ചൂണ്ടിക്കാട്ടി.
ദരിദ്രരെ ലക്ഷ്യമിടുന്ന ആനുകൂല്യങ്ങള്‍
സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെ 66 വയസ്സിനു മുകളിലുള്ളവര്‍ക്കും വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്ന കുടുംബങ്ങള്‍ക്കും ലഭിക്കുന്ന ഫ്യുവല്‍ അലവന്‍സ് ജനുവരി മുതല്‍ ആഴ്ചയില്‍ 5 മുതല്‍ 38 യൂറോവരെ വര്‍ദ്ധിക്കും.പെന്‍ഷന്‍കാര്‍ക്കും ചില സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നവര്‍ക്കും എനര്‍ജി ചെലവുകള്‍ക്കായി മാസം തോറും നല്‍കുന്ന 35യൂറോയുടെ ഗാര്‍ഹിക ആനുകൂല്യ പാക്കേജും നിലനിര്‍ത്തി.
ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ക്ക് കുറഞ്ഞ 9% വാറ്റ്
ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ക്കുള്ള കുറഞ്ഞ 9% വാറ്റ് നിരക്കും അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടില്ല.ഇന്ധന അലവന്‍സ് വര്‍ദ്ധിപ്പിച്ചതിനെ ഐറിഷ് റൂറല്‍ ലിങ്ക് അടക്കമുള്ള ചാരിറ്റികള്‍ സ്വാഗതം ചെയ്തു.
ഡീസല്‍ റിബേറ്റ് പദ്ധതിയുടെ തുടര്‍ച്ചയെ ഐറിഷ് റോഡ് ഹോളേജ് അസോസിയേഷന്‍ (ഐ ആര്‍എച്ച് എ) പ്രസിഡന്റ് ഗെര്‍ ഹൈലാന്‍ഡ് സ്വാഗതം ചെയ്തു.അതേസമയം, ഊര്‍ജ്ജ കാര്യക്ഷമതാ ഉപകരണങ്ങള്‍ക്കും ഗ്യാസ് വാഹനങ്ങള്‍ക്കും റിഫ്യുവലിംഗ് ഉപകരണങ്ങള്‍ക്കുമുള്ള ആക്സിലറേറ്റഡ് ക്യാപിറ്റല്‍ അലവന്‍സ് പദ്ധതികള്‍ 2030 അവസാനം വരെ നീട്ടിയിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 5,000 വി ആര്‍ ടി റിലീഫ് 2026 ഡിസംബര്‍ 31 വരെ നീട്ടി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.