head1
head3

പുതിയ ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കാന്‍ ബോളിവുഡ് താരങ്ങളായ രണ്‍വീറും ദീപികയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനഞ്ചാം സീസണില്‍ പുതുതായി എത്തുന്ന രണ്ടു ടീമുകളില്‍ ഒന്നിനെ സ്വന്തമാക്കാന്‍ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുവരും ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയാല്‍ ലീഗിലെ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം വര്‍ദ്ധിക്കും. നിലവില്‍ ഷാരുഖ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും, പ്രീതി സിന്റ പഞ്ചാബ് കിങ്സിന്റെയും ഉടമകളാണ്.

അതേസമയം, ടീമുകളെ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത മത്സരമാണ്. ടെന്‍ഡര്‍ വാങ്ങാനുള്ള തിയതി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വിദേശ ബിസിനസ് ഗ്രൂപ്പുകളും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്ത് വന്നിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായ സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്യുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ കമ്പനികള്‍. അദാനി ഗ്രൂപ്പ്, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ആര്‍പിസഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവരും പുതിയ ടീമുകള്‍ക്കായി രംഗത്തുണ്ട്.

ഈ മാസം അവസാന വാരം ദുബായില്‍ വെച്ച് പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാലിത് 3000-3500 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.