head1
head3

കുറ്റവാളി സമീര്‍ സെയ്ദിന്റെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാന്‍ കോണ്‍സുലര്‍ അനുമതി

ഡബ്ലിന്‍ : രണ്ട് മക്കളേയും ഭാര്യയേയും കൊന്നൊടുക്കി ഒടുവില്‍ മരണത്തില്‍ അഭയം തേടിയ കുറ്റവാളി സമീര്‍ സെയ്ദിന്റെ മൃതദേഹം അയാളുടെ നാടായ ബങ്കളൂരുവിലേയ്ക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ അനുമതി. ബന്ധുക്കള്‍ കോണ്‍സുലര്‍ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ സീമയേയും രണ്ട് കുട്ടികളെയും ജന്മനാടായ ഇന്ത്യയില്‍ അടക്കം ചെയ്യണമെന്ന ഇവരുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് പക്ഷേ നീതി ലഭിച്ചില്ല. ഒടുവില്‍ ഭര്‍ത്താവായ സെയ്ദിന്റെ തീരുമാനമനുസരിച്ച് അയര്‍ലണ്ടില്‍ അടക്കം ചെയ്യേണ്ടി വന്നു. ഈ ഇരട്ട നീതി, സീമയുടെ ബന്ധുക്കള്‍ക്കും കുടുംബത്തിനും വലിയ സങ്കടമാണുണ്ടാക്കുന്നത്. ഇന്ത്യന്‍ എംബസിയിലെ അസിസ്റ്റന്റ് കോണ്‍സുലര്‍ ഓഫീസര്‍ സമീര്‍ റാവത്ത് സെയ്തിന്റെ മൃതദേഹം നാട്ടിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ കോണ്‍സുലാര്‍ തീരുമാനം മറ്റൊരു ആഘാതമാണെന്ന് സീമയുടെ ബന്ധു കാഷിഫ് അഹമ്മദ് പറഞ്ഞു. സീമയുടെയും മക്കളുടെയും ശവകുടീരം സന്ദര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ഐറിഷ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സഹായിച്ചാല്‍ അതിന് വഴിയൊരുങ്ങും. ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ നീതി ലഭിച്ചില്ലെന്ന ഉറച്ച വിശ്വാസമാണ് ഇപ്പോഴുമുള്ളതെന്ന് കാഷിഫ് അഹമ്മദ് പറഞ്ഞു.

കൊലപാതകത്തിന് ശേഷമുള്ള ദിവസങ്ങളില്‍, മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് സീമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ബന്ധുവെന്ന നിലയില്‍ സെയ്ദിന്റെ ആഗ്രഹത്തിനാണ് പരിഗണന ലഭിച്ചത്. അങ്ങനെ അവരെ അയര്‍ലണ്ടില്‍ സംസ്‌കരിക്കുകയായിരുന്നു. ആ സമയത്ത് ഇയാളെ കേസില്‍ പ്രതിയാക്കിയിരുന്നില്ല.

2020 ഒക്ടോബറിലാണ് ഭാര്യ സീമ ബാനു (37), മകള്‍ അസ്ഫിറ (11) ആറു വയസ്സുള്ള മകന്‍ ഫൈസാന്‍ (6) എന്നിവരെ സെയ്ദ് കൊന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സെയ്ദ് സെല്ലില്‍ ആത്മഹത്യ ചെയ്തത്.

ഡബ്ലിനിലെ മുസ്ലീം ശ്മശാനമായ ന്യൂകാസില്‍ സെമിത്തേരിയിലാണ് മൂവരെയും സംസ്‌കരിച്ചത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുമാവില്ലെന്ന് കാഷിഫ് പറഞ്ഞു.

സൗത്ത് ഡബ്ലിനിലെ റാത്ത്ഫാര്‍ണാമിനടുത്തുള്ള ലെവെലിന്‍ കോര്‍ട്ടിലെ വീട്ടിലാണ് സീമയെയും മക്കളെയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇയാളുടെ കൊടിയ പീഡനം സഹിക്കാനാവാതെ സീമയും മക്കളും ഇന്ത്യയിലേക്ക് പോകാന്‍ പദ്ധതിയിട്ടതറിഞ്ഞായിരുന്നു ഇയാളുടെ ക്രൂരത.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.