സ്ലൈഗോ : ഡൈയിംഗ് വിത്ത് ഡിഗ്നിറ്റി ബില്ലിനെ പ്രതികൂലിക്കുന്ന പോസ്റ്റ് അപ്ലോഡ് ചെയ്തതിനെ തുടര്‍ന്ന് റോസ് കോമണ്‍ -സ്ലൈഗോ ബിഷപ്പ് കെവിന് ഡോറനെ ട്വിറ്റര്‍ വിലക്കിയതായി ആക്ഷേപം.കണ്‍സര്‍വേറ്റീവ് കമന്റേറ്ററും അയോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡേവിഡ് ക്വിന്‍ ആണ് ട്വിറ്റര്‍ ബിഷപ്പ് ഡോറനെ വിലക്കിയതായി അവകാശപ്പെട്ട് രംഗത്തുവന്നത്.അതേ സമയം,വിവാദമായ ട്വീറ്റ് നീക്കംചെയ്തിട്ടുണ്ടെങ്കിലും ബിഷപ്പ് ഡോറന്റെ പ്രൊഫൈല്‍ ട്വിറ്ററില്‍ സജീവമായി തുടരുകയാണ്.
ഡൈയിംഗ് വിത്ത് ഡിഗ്നിറ്റി ബില്ലിനെ എതിര്‍പ്പ് തുറന്നു പറഞ്ഞാണ് എല്‍ഫിന്റെ (റോസ് കോമണ്‍) ബിഷപ്പ് കെവിന് ഡോറന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ”മരണത്തിന് മഹത്വവും അന്തസ്സുമുണ്ട്. ഒരു പുരോഹിതനെന്ന നിലയില്‍, പലപ്പോഴും അതിന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.ആത്മഹത്യയ്ക്ക് സഹായം ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്റെയോ അന്തസ്സിന്റെയോ പ്രതിഫലനമല്ല, മറിച്ച് കുരിശിന്റെ വഴിയില്‍ ആളുകളെ അനുഗമിക്കുന്നതിലുള്ള ഒരു സമൂഹത്തിന്റെ പരാജയമാണ് ”.
ആത്മഹത്യയെ സഹായിക്കുന്നതും ദയാവധത്തെയും കത്തോലിക്കാ സഭ എതിര്‍ക്കുന്നു. ഇത്തരം വാദഗതികള്‍ ഉന്നയിക്കുന്ന വിശദമായ സബ്മിഷന് കൗണ്‍സില്‍ ഫോര്‍ ലൈഫ് ആന്‍ഡ് കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ഓണ്‍ ബയോ എത്തിക്സ് ഒയ്റിയാച്ചാസ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു.അയല്‍ക്കാരനെ പരിപാലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ശമര്യക്കാരനുണ്ടെന്ന് സബ് മിഷന് ഓര്‍മ്മപ്പെടുത്തുന്നു.
വൈദ്യസഹായത്തോടെ മരിക്കുന്നതിന് സൗകര്യം ചെയ്തു കൊടുക്കുന്ന നിയമം സ്വകാര്യ ബില്ലായി 2020ല്‍ സോളിഡാരിറ്റി – പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടി ഡി ജിനോ കെന്നിയാണ് കൊണ്ടുവന്നത്.നീതി വകുപ്പിന്റെ ഒയ്റിയാച്ചാസ് കമ്മിറ്റി ബില്‍ പരിഗണിച്ചു വരികയാണ്. ഈ നിയമം നടപ്പാക്കുന്നതിന് മുമ്പ് മനുഷ്യജീവനെ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും അതിനായി നിയമനിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന് (ഐ എച്ച് ആര് ഇ സി) അടുത്തിടെ സര്‍ക്കാരിനെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.