മേല്‍ക്കൂരയിലാകെ വെണ്മയാര്‍ന്ന മഞ്ഞു വീണ, പൗരാണികത വിളിച്ചോതുന്ന ഒരു ബംഗ്ലാവ്. തൊട്ടടുത്തായി മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ഒരു കാലിക്കൂട്. കന്നുകാലികള്‍ വിശ്രമിക്കുന്നതിനു സമീപത്തായി വൈക്കോല്‍ മെത്തയില്‍ സുസ്‌മേരവദനനായി ഉണ്ണിയീശോ. മാതാപിതാക്കളായ ഔസേഫും മേരിയും തൊട്ടടുത്തുണ്ട്. മാലാഖമാരും കാഴ്ചകളുമായി വണങ്ങി നില്‍ക്കുന്ന രാജാക്കന്‍മാരുമെല്ലാം ആ രംഗത്തെ സജീവമാക്കുന്നു. അതുകൊണ്ടും കാഴ്ച അവസാനിക്കുന്നില്ല. കാളവണ്ടികളും പാറക്കൂട്ടങ്ങളും ക്രിസ്മസ് ട്രീകളും റെയില്‍വേ പാളവും തുരങ്കത്തിലൂടെ കയറിയിറങ്ങി വരുന്ന ട്രെയിനുമെല്ലാമായി വിസ്മയക്കാഴ്ചയൊരുക്കുകയാണ് ഡബ്ലിന്‍ ക്ലോണ്‍സില്ലയിലെ ഒരു മലയാളി കുടുംബം.
അച്ഛനും അമ്മയും മക്കളും ചേര്‍ന്ന് നിര്‍മ്മിച്ച ക്രിസ്മസ് ഗ്രാമത്തിന്റെ മാതൃക ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഈ ക്രിസ്മസ് കാഴ്ചയൊരുക്കിയിരിക്കുന്നത് കോണ്‍സില്ലയില്‍ ഡെക്കോഫണ്‍ ഇവന്റ്‌സ് കമ്പനിയുടെ മാനേജിഗ് പാര്‍ട്ണറും എച്ച്.എസ്.ഇ സ്റ്റാഫുമായ ബെല്‍വിന്‍ ജേക്കബും മക്കളായ ജോവാനും (ഹാന്‍സ്ഫീല്‍ഡ് എജ്യൂക്കേറ്റ് റ്റുഗദര്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി), എറിനും (ജൂനിയര്‍ ഇന്‍ഫന്റ്‌സ്) ചേര്‍ന്നാണ്. ഇവര്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി കൊണ്ണോളി ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ നേഴ്സസ് മാനേജരായ അമ്മ ജിന്‍സിയും ചേരുന്നു.
ഒരാഴ്ചയോളം ചെലവഴിച്ച് രൂപപ്പെടുത്തിയ ഈ ക്രിസ്മസ് പ്ലോട്ടില്‍ ആള്‍രൂപങ്ങളും കന്നുകാലികളുമൊഴികെയുള്ള എല്ലാ നിര്‍മ്മിതികളും കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍, ഉപയോഗശൂന്യമായ തെര്‍മോകോള്‍, പഴയ തുണികള്‍, ന്യൂസ് പേപ്പറുകള്‍ തുടങ്ങിയവയും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ച് തയ്യാറാക്കിയവയാണ്.
അയര്‍ലണ്ടില്‍ നിന്നു ക്രിസ്മസിന് പുറത്തിറങ്ങുന്ന എസ്.ആര്‍ ക്രിയേഷന്‍സിന്റെ ‘സ്റ്റാര്‍ ഓഫ് വണ്ടര്‍’ എന്ന കരോള്‍ ഗാനത്തില്‍ ഈ ക്രിസ്മസ് ഗ്രാമമാതൃക പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നെല്ലിക്കാല സ്വദേശിയായ ബെല്‍വിന്‍ ജേക്കബ് ഡബ്‌ളിനില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് ശ്രദ്ധേയനാണ്. കുട്ടികളെ ഉള്‍പ്പെടുത്തി രക്ഷിതാക്കള്‍ക്ക് ഇത്തരത്തില്‍ മനോഹരമായ ക്രിസ്മസ് പ്‌ളോട്ടുകള്‍ വളരെ ലളിതമായി ചെലവു കുറച്ച് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ബെല്‍വിന്‍ ജേക്കബ് അഭിപ്രായപ്പെട്ടു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് ബെല്‍വിനെ വിളിയ്ക്കുകയും ചെയ്യാം.
Ph: 0876103954
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.