head1
head3

നെറ്റ്‌വര്‍ക്കില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമീണര്‍ക്കായി ആപ്പിള്‍ ഐഫോണ്‍ 13 എത്തുന്നു

ഡബ്ലിന്‍ : നെറ്റ്‌വർക്ക് കവറേജ് കുറവുള്ള പ്രദേശങ്ങളിലെ ഗ്രാമീണരെ സഹായിക്കുന്നതിനായി സാറ്റലൈറ്റ് സഹായത്തോടെയുള്ള ഒരു പദ്ധതി ആപ്പിള്‍ തയ്യാറാക്കുന്നു. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഗ്രാമീണരുടെ നെറ്റ് കവറേജ് പ്രശ്നം പരിഹരിക്കാനാണ് അടുത്ത മാസം പുറത്തിറങ്ങുന്ന ഐഫോണ്‍ 13ലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രമുഖ അനലിസ്റ്റ് വെളിപ്പെടുത്തി. ഗ്രാമീണ സ്ഥലങ്ങളിലെ മൊബൈല്‍ ബ്ലാക്ക് സ്പോട്ടുകള്‍ ഇല്ലാതാക്കാന്‍ ഇത് പര്യാപ്തമാകുമെന്നും ഇദ്ദേഹം പറയുന്നു.

‘ലോ എര്‍ത്ത് ഓര്‍ബിറ്റ്’ എന്ന സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ആപ്പിള്‍ അനലിസ്റ്റുകളിലൊരാളായ മിംഗ്-ചി കുവോ പറഞ്ഞു. പുതിയ ഐഫോണ്‍ 13ല്‍ സാറ്റലൈറ്റ് ആശയവിനിമയങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ക്വാല്‍കോം ചിപ്പ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ മോഡലുകളുടെ സവിശേഷതകളില്‍ അപ്‌ഡേറ്റ് ചെയ്ത അള്‍ട്രാ വൈഡ് ലെന്‍സുകളും ഹൈ-എന്‍ഡ് സ്‌ക്രീന്‍, വലിയ ബാറ്ററി, ചെറിയ നോച്ച് എന്നിവ ഉള്‍പ്പെടുന്നു. ഇന്‍മാര്‍സാറ്റ്, ഇറിഡിയം അല്ലെങ്കില്‍ തുരയ തുടങ്ങിയ സാറ്റലൈറ്റ് ഫോണുകള്‍ക്ക് നീണ്ട ഏരിയലുകളുണ്ട്. ഈ ഭൗതിക സവിശേഷത ആപ്പിള്‍ അതിന്റെ വ്യാവസായിക രൂപകല്‍പ്പനയില്‍ പരിഗണിക്കാന്‍ സാധ്യതയില്ല.

എന്നാല്‍ പുതിയ സേവനം അയര്‍ലണ്ടിലേയ്ക്ക് എത്തുമോയെന്നതില്‍ സംശയമുണ്ട്. യുഎസിലെ ഒരുപിടി ഓപ്പറേറ്റര്‍മാരില്‍ മാത്രമായി അത് ഒതുങ്ങിയേക്കാമെന്നാണ് കരുതുന്നത്. സെല്ലുലാര്‍ ആപ്പിള്‍ വാച്ച് ഇപ്പോഴും ഐറിഷ് മൊബൈല്‍ ഓപ്പറേറ്റര്‍മാരിലേയ്ക്കെത്തിയിട്ടില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ചിപ്പുകള്‍ കൊണ്ടുവരും സാറ്റലൈറ്റിനെ നമ്മളിലേയ്ക്ക്…

സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ്‍ ചിപ്പുകള്‍ കൂടുതല്‍ വ്യാപകമാവുകയാണ്. അടുത്ത വര്‍ഷമെത്തുന്ന ക്വാല്‍കോം ചിപ്പുകള്‍ സാറ്റലൈറ്റ് കോളുകള്‍, ടെക്സ്റ്റുകള്‍, ഡാറ്റ എന്നിവയുടെ ഓപ്ഷന്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് വിശാലമായ ആക്സസ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോളുകള്‍ക്കും ടെക്സ്റ്റുകള്‍ക്കുമുള്ള സാറ്റലൈറ്റ് സേവനങ്ങള്‍ വളരെ ചെലവേറിയതാണ്. സാധാരണയായി പ്രതിമാസം 50 യൂറോയിലധികം ചെലവുവരും. സാറ്റലൈറ്റ് ഫോണുകള്‍ നിലവില്‍ പ്രധാനമായും ഉപയോഗിക്കുന്നത് എമര്‍ജെന്‍സി സേവനങ്ങളും എയര്‍ലൈനുകളുമാണ്. സമ്പന്നരും സാഹസികരുമായ സമുദ്രങ്ങള്‍ കടക്കുന്നവരും പര്‍വതാരോഹകരും ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കാറുണ്ട്.

സമീപ വര്‍ഷങ്ങളില്‍ താഴ്ന്ന ഭ്രമണപഥ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സിസ്റ്റമാണ് ഇതില്‍ ഏറ്റവും പ്രശസ്തമായ ഒന്ന്. മറ്റ് തരത്തിലുള്ള ബ്രോഡ്ബാന്‍ഡ് സ്വീകരിക്കാന്‍ കഴിയാത്ത ഗ്രാമപ്രദേശങ്ങളില്‍ 100എംബി-യുടെ ബ്രോഡ്ബാന്‍ഡാണ് ഇത് പ്രദാനം ചെയ്യുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.