head1
head3

ഡബ്ലിനില്‍ ആമസോണിന്റെ വമ്പന്‍ ഡാറ്റാ സെന്ററുകള്‍ക്ക് പദ്ധതി

ഡബ്ലിന്‍ : നോര്‍ത്ത് ഡബ്ലിനിലെ മുല്‍ഹുദാര്‍ട്ടില്‍ മൂന്ന് പുതിയ റിന്യൂവബിള്‍ ഡീസല്‍ ഡാറ്റാ സെന്ററുകള്‍ക്ക് ആമസോണ്‍ പദ്ധതിയിടുന്നു.

ആമസോണ്‍ വെബ് സര്‍വ്വീസിന് വേണ്ടി യൂണിവേഴ്സല്‍ ഡെവലപ്പേഴ്സാണ് ഫിംഗല്‍ കൗണ്ടി കൗണ്‍സിലില്‍ ഇതു സംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചത്.ആമസോണ്‍ കാമ്പസില്‍ 73 മെഗാവാട്ടിന്റെ മൂന്ന് പുതിയ ഡാറ്റാ സെന്ററുകള്‍ക്കാണ് അനുമതി തേടിയത്. ക്രൂസെരാത്ത് റോഡിലെ 65 ഏക്കര്‍ സ്ഥലത്താണ് സെന്ററുകള്‍ സജ്ജമാക്കുന്നത്.ഇതു സംബന്ധിച്ച അപേക്ഷയില്‍ അടുത്ത മാസമേ അന്തിമ തീരുമാനമുണ്ടാകൂ.

പുറന്തള്ളുക 6,07,523 ടണ്‍ കാര്‍ബണ്‍

ഒരു ഡാറ്റാ സെന്റര്‍ ഇതിനകം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. മൂന്ന് സെന്ററുകള്‍ 219.7 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുക. പ്രതിവര്‍ഷം 6,07,523 ടണ്‍ കാര്‍ബണ്‍ഡയോക്സൈഡും ഉല്‍പ്പാദിപ്പിക്കുമെന്ന് പദ്ധതി സംബന്ധിച്ച പാരിസ്ഥിതിക ആഘാത പ്രസ്താവനയില്‍ പറയുന്നു.ആമസോണ്‍ 2011മുതല്‍ 2020വരെ 4.4 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് അയര്‍ലണ്ടില്‍ നടത്തിയിട്ടുള്ളത്. 8700 പേര്‍ക്ക് ജോലിയും നല്‍കിയിട്ടുണ്ടെന്നും പദ്ധതിയില്‍ പറയുന്നു.സെന്ററുകളുടെ നിര്‍മ്മാണത്തിനായി 400 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 50 പേര്‍ക്ക് കൂടി ജോലിയും ലഭിക്കും.

ആക്ഷേപം 30വരെ അറിയിക്കാം

പദ്ധതിക്കെതിരായ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജനുവരി 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.വന്‍ കാര്‍ബണ്‍ ഉദ്ഗമനമാണ് ഡാറ്റാ സെന്ററുകള്‍ ഉണ്ടാക്കുകയെന്ന് വിമര്‍ശകര്‍ പറയുന്നു.അയര്‍ലണ്ടിന്റെ മൊത്തം ഹരിതഗൃഹവാതകത്തിന്റെ ഒരു ശതമാനം ഈ ഡാറ്റാ സെന്ററുകളില്‍ നിന്നായിരിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.

ഗോള്‍വേ, കോര്‍ക്ക്, ഡോണഗേല്‍ എന്നിവിടങ്ങളിലെ ആമസോണിന്റെ മൂന്ന് കാറ്റാടിപ്പാട പദ്ധതികള്‍ ഓരോ വര്‍ഷവും 229 മെഗാവാട്ട് പുനരുപയോഗ എനര്‍ജിയാണ് നല്‍കുന്നതെന്നും ഇ ഐ എസ് പറയുന്നു. 366,000 ടണ്‍ കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കുമെന്നും പറയുന്നു.രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ എനര്‍ജി വാങ്ങുന്ന കമ്പനിയാക്കി ആമസോണിനെ മാറ്റിയിട്ടുണ്ടെന്നും ഇ ഐ എസ് വ്യക്തമാക്കുന്നു.

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.