head3
head1

അല്‍പാക്ക കര്‍ഷകരായി നേട്ടം കൊയ്ത് ഗോള്‍വേയിലെ നഴ്സ് ദമ്പതികള്‍

ഗോള്‍വേ : ‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും’

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പത്മരാജന്‍ സിനിമയിലെ സോളമന്റെ ഡയലോഗ് പോലെ, യൂ കെയില്‍ നഴ്‌സായിരുന്ന സ്റ്റുവര്‍ട്ട് ഒപ്പം ജോലി ചെയ്തിരുന്ന റൂത്തിനോട് മനസ്സറിയിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്… നമുക്ക് ഗ്രാമങ്ങളിലേയ്ക് പോകാം… അവിടെ കൃഷി ചെയ്യുകയും, മൃഗങ്ങളെ വളര്‍ത്തുകയും ചെയ്യാം…!

സൈക്യാട്രി നഴ്സുമാരായ ഈ ദമ്പതികള്‍ പിന്നീട് ജോലി താത്കാലികമായി ഉപേക്ഷിച്ച് ഗ്രാമത്തിലേയ്ക്ക് കുടിയേറി ആട് കര്‍ഷകരായി നേട്ടം കൊയ്ത വിജയഗാഥയാണ് ഗോള്‍വേയില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത്. വെറും അഞ്ച് അല്‍പാക്ക ആടുകളെ പ്രണയിച്ച് തുടങ്ങിയ ഇവരുടെ കൃഷി വന്‍ വിജയമാവുകയായിരുന്നു. നാലു വര്‍ഷം കൊണ്ട് അയര്‍ലണ്ടിലെ മികച്ച അല്‍പാക്ക ഫാമുകളിലൊന്നായി മാറി ഇവരുടേത്.

ഇവരുടെ ഫാമായ ഗോള്‍വേയിലെ ഓഗ്‌റ്റെറാര്‍ഡില്‍ കുരാഗ്ഡഫ് അല്‍പാകാസ് ഇന്ന് നിരവധിയായ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന ഒന്നായി വളര്‍ന്നിരിക്കുന്നു.

നഴ്സിംഗ് പ്രൊഫഷന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നും അല്പം ആശ്വാസം ലഭിക്കാനായി കൂടിയാണ് റൂത്ത് ന്യൂട്ടനും ഭര്‍ത്താവ് സ്റ്റുവര്‍ട്ടും സൈക്യാട്രി നഴ്സിംഗ് ജോലിയുപേക്ഷിച്ച് ഗ്രാമത്തിലേയ്ക്ക് കുടിയേറി ആട് കര്‍ഷകരായത്. ഓരോ ആഴ്ചയും ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്ത അവധി ദിവസത്തെ കുറിച്ചുള്ള ആശ്വാസ ചിന്തയായിരുന്നു മനസില്‍ സമാധാനം തരുന്നത്. ഓട്ടത്തിനിടയില്‍ അല്പം സമാധാനം വേണമെന്ന് തോന്നി… അതാണ് ഗ്രാമം തിരഞ്ഞെടുക്കാന്‍ കാരണം – റൂത്ത് പറയുന്നു.

യുകെയില്‍ നടന്ന ഗ്ലാമ്പിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴാണ് റൂത്ത് അല്‍പാക കൃഷിയെക്കുറിച്ചറിഞ്ഞത്. ഒരു അല്‍പാക്ക കര്‍ഷകനുമായി പരിചയപ്പെട്ടു. കമ്പിളി നാരുകള്‍ക്ക് യുകെയില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടെന്ന് അറിയാമായിരുന്നതിനാല്‍ അതിനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പക്ഷേ രക്ഷപ്പെട്ടില്ല. തുടര്‍ന്നാണ് സ്റ്റുവര്‍ട്ടും റൂത്തും ഒത്തുചേര്‍ന്ന് അല്‍പാക്ക ആട് ഫാം ടൂറിസത്തെക്കുറിച്ചാലോചിച്ചത്. ഏക മകനായ ചാര്‍ളിക്കും അതേറെ ഇഷ്ടമായി.

അല്‍പാക്ക കൃഷി അയര്‍ലണ്ടിന് പുതിയതായിരുന്നു. അതിനാല്‍ അതിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് സന്ദര്‍ശനവും താല്‍പ്പര്യമുള്ളവര്‍ക്ക് പരിശീലനവും നല്‍കുന്നതിനാണ് പദ്ധതിയിട്ടത്. അതാണ് പിന്നീട് ക്ലിക്കായത്!

റൂത്താണ് ആളുകളെ സ്വീകരിക്കുന്നതിന് അല്‍പാക്കകളെ പരിശീലിപ്പിക്കുന്നത്. പ്രത്യേകം കൂടുകളും അതിനായി നിര്‍മ്മിച്ചു. ഫെന്‍സിംഗും മറ്റ് ഫാം സൗകര്യങ്ങളും ഏര്‍പ്പെടുത്തി. സന്ദര്‍ശകര്‍ക്ക് നടന്നു കാണുന്നതിന് സൗകര്യവും ഒരുക്കിക്കൊടുത്തു. സമ്മറിന്റെ തുടക്കത്തിലാണ് ഫാമിലേയ്ക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്തു തുടങ്ങിയത്.

സന്ദര്‍ശകര്‍ക്ക് താമസിക്കുന്നതിന് വുഡന്‍ ക്യാബിനുകളും സജ്ജമാക്കിയിട്ടുണ്ട്. അവര്‍ക്ക് താമസിക്കാം, ഫാമിലൂടെ നടക്കാം, അല്‍പാക്കകളെ എടുക്കാം. അല്‍പാക്കകളെ എങ്ങനെ പരിചരിക്കണമെന്ന് മനസിലാകാം.

ഇവിടെ നിന്നുള്ള അല്‍പാക്കയാണ് ഓള്‍ അയര്‍ലണ്ട് ഫ്ലീസ് ഷോയില്‍ ചാമ്പ്യന്‍ ഗ്രേ ആയി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ ഗ്ലാമ്പിംഗിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
അടുത്ത വര്‍ഷം പ്ലാനിംഗ് അനുമതി ലഭിക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

10000 യൂറോയാണ് ഇവര്‍ അല്‍പാക്ക ഫാം തുടങ്ങുന്നതിനായി ചെലവിട്ടത്. ഗ്ലാമ്പിംഗ് സൈറ്റ് ഡവലപ് ചെയ്യുന്നതിന് 120000 യൂറോയും ചെലവിട്ടു. പരമ്പരാഗത ക്യാമ്പിംഗിനേക്കാള്‍ കൂടുതല്‍ ആഡംബരവും താമസവും സൗകര്യങ്ങളും ഉള്‍പ്പെടുന്ന ക്യാമ്പിംഗിന്റെ ഒരു പുതിയ രൂപമാണ് ഗ്ലാമ്പിംഗ്.

ഇതില്‍ അമ്പത് ശതമാനവും ലീഡര്‍ പദ്ധതി വഴി സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിച്ചു. തുടങ്ങി ആറുമാസത്തിനുള്ളില്‍ത്തന്നെ ഫാം നേട്ടമുണ്ടാക്കാനായെന്ന് റൂത്ത് പറയുന്നു. ജോലിയില്‍ നിന്നുള്ള ഇടവേള പുതിയ ഊര്‍ജ്ജം നല്‍കുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇവരുടെ ഫാമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: https://www.curraghduffalpacas.com/

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.