head1
head3

എച്ച്എസ്ഇ സമയം വെറുതേ പാഴാക്കി… കോവിഡിന്റെ രണ്ടാം വരവിനെ തടയാന്‍ മുന്‍കരുതല്‍ എടുത്തില്ല…!

ഡബ്ലിന്‍ : കോവിഡിന്റെ രണ്ടാം വരവിനെ പിടിച്ചുകെട്ടുന്നതില്‍ എച്ച്എസ്ഇയ്ക്ക് വീഴ്ച പറ്റിയെന്ന് ആക്ഷേപം.

അയര്‍ലണ്ടിലെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനത്തില്‍ എച്ച്എസ്ഇ പരാജയമായിരുന്നെന്ന് ആരോപണവുമായി ട്രിനിറ്റി കോളജിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ടോമസ് റയാനാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനം ഫലപ്രദമായി നടപ്പാക്കാത്തതാണ് അയര്‍ലണ്ടിലെ കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

ടെസ്റ്റിംഗും ട്രേസിംഗും മികച്ച രീതിയില്‍ നടത്തി കോവിഡിന്റെ രണ്ടാംവരവിനെ പിടിച്ചുകെട്ടാനുള്ള മികച്ച അവസരം എച്ച്എസ്ഇ നഷ്ടപ്പെടുത്തിയെന്നും ന്യൂറോ സയന്റിസ്റ്റും ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ സ്‌കൂള്‍ ഓഫ് ബയോകെമിസ്ട്രി, ഇമ്മ്യൂണോളജിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. റയാന്‍ പറയുന്നു.

‘വനല്‍ കാലത്ത് കോവിഡിന്റെ രണ്ടാംവരവിനെ തടയാനാവശ്യമായ പ്രവര്‍ത്തനങ്ങല്‍ എച്ച്എസ്ഇ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ല. അന്ന്, ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അയര്‍ലണ്ടിന്റെ ഇന്നത്തെ സ്ഥിതിയില്‍ വളരെ വ്യത്യാസമുണ്ടായേനെ. പരിശോധന നടത്തിയത് കൊണ്ട് മാത്രം കോവിഡിനെ പിടിച്ച് കെട്ടാന്‍ കഴിമെന്ന് താന്‍ വിശ്വസിക്കുന്നില്ല’ – റയാന്‍ പറഞ്ഞു.

പരിശോധനയോടൊപ്പം കര്‍ശന നിയന്ത്രണങ്ങള്‍ കൂടി നടപ്പാക്കിയാല്‍ മാത്രമേ കോവിഡിനെ പിടിച്ച് കെട്ടാന്‍ സാധിക്കൂവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

രണ്ടാഴ്ച കൂടും തോറും കേസുകള്‍ ഇരട്ടിക്കുകയാണ്. പരിശോധന വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം കോവിഡ് വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്നാണോ എച്ച്എസ്ഇ കരുതുന്നത്. നിലവില്‍ രണ്ടാഴ്ച കൂടുംതോറും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശേഷി രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ വിഭാഗത്തിന്റെ വേഗതക്കുറവിനേയും പരിമിതമായ ട്രേസിംഗിനെയും അദ്ദേഹം വിമര്‍ശിക്കുന്നു.

ശേഷിയേക്കാള്‍ വേഗതയ്ക്കാണ് പ്രാധാന്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവരെ കണ്ടെത്തി ഐസോലേറ്റ് ചെയ്യുകയാണെങ്കില്‍ രോഗം പടരുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി.

എന്തുകൊണ്ടാണ് അധികൃതര്‍ ഉടന്‍ പ്രവര്‍ത്തിക്കാത്തതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കോവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ മെച്ചപ്പെട്ട സംവിധാനം നടപ്പാക്കേണ്ട ആവശ്യകത സംബന്ധിച്ച് ഡോ. റയാനും മറ്റ് അക്കാദമിക് വിദഗ്ധരും ഏപ്രിലില്‍ എന്‍പിഎച്ച്ഇറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.

ജൂണില്‍ കോവിഡുമായി ബന്ധപ്പെട്ട് ഒറിയാച്ചാസ് സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ സമാനമായ ആശങ്ക വീണ്ടും പങ്കുവെച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യുസിഡിയിലെ മൈക്രോബിയല്‍ ഡിസീസ് പ്രൊഫസറും സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റുമായ പാഡി മല്ലനും നേരത്തേ ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് പ്രതിരോധത്തിലെ അലംഭാവം ഒഴിവാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വിവേകപൂര്‍വ്വം ഇടപെടണമെന്നുമാണ് അദ്ദേഹം ജൂണ്‍ 24ന് സമിതിയെ അറിയിച്ചത്.

കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ കോള്‍ ഹെന്റിയും കമ്മിറ്റിയെ അറിയിച്ചിരുന്നു.

ശേഷി വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഇതിനായി തയ്യാറായിരിക്കണം. ഓഗസ്റ്റിനെ മുന്‍ നിര്‍ത്തി എച്ച്എസ്ഇ ഒരു പുതിയ ടെസ്റ്റിംഗ് മോഡല്‍ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പുതിയ സംവിധാനം ഇതുവരെ പ്രാവര്‍ത്തികമായില്ലെന്നതാണ് വസ്തുത.

സര്‍ക്കാരിന്റെ ലിവിംഗ് വിത്ത് കോവിഡ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ശക്തമായ പരിശോധനയും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയിരുന്നെങ്കില്‍ മരണ നിരക്ക് കുറയ്ക്കാമായിരുന്നുവെന്നും ഡബ്ലിനില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കാമായിരുന്നെന്നും ഡോ. റയാന്‍ പറയുന്നു.

മികച്ച രീതിയില്‍ ടെസ്റ്റിംഗും ട്രേസിംഗും നടപ്പാക്കാത്തതിനാല്‍ കോവിഡ് സാമൂഹിക വ്യാപനം ഒഴിവാക്കാനുള്ള മികച്ച അവസരം ജൂണില്‍ നഷ്ടമായി. ദക്ഷിണ കൊറിയ മാതൃകയില്‍ കോവിഡിനെ പിടിച്ചു കെട്ടാനുള്ള അവസരം ഓഗസ്റ്റിലും എച്ച്എസ്ഇ നഷ്ടമാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. കോവിഡ് നിയന്ത്രണ വിധേയമാക്കാനുള്ള മികച്ച അവസരമായിരുന്നു ഓഗസ്റ്റിലേതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ആദ്യഘട്ട ലോക്ക്ഡൗണിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെങ്കിലും അത് നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

അതേസമയം, ലെവല്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷുന്നതായും റയാന്‍ പറഞ്ഞു.

വൈരുദ്ധ്യമായ നയ തീരുമാനങ്ങള്‍ കാരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

കോവിഡ് വാക്‌സിന്‍ ഉടന്‍ കണ്ടുപിടിച്ചില്ലെങ്കിലും സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പരിശോധന വര്‍ധിപ്പിച്ച് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.