ഡബ്ലിന്‍ : ക്രിസ്മസ് കാലത്ത് സൈബര്‍ തട്ടിപ്പുകാരും ആഘോഷപൂര്‍വ്വം രംഗത്തുണ്ടെന്ന് ഓര്‍മ്മ വേണം. എഐബിയുടെയും ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെയുമൊക്കെ പേരില്‍ വ്യാജ സന്ദേശമെത്തിയേക്കാം. അവയെ വിശ്വസിച്ച് അനാവശ്യ ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്താല്‍ കബളിപ്പിക്കപ്പെട്ടേക്കാം, പണം പോകും.
വ്യാജ ബാങ്ക് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നതു തന്നെയാണ് ബാങ്കുകള്‍ നല്‍കുന്ന ക്രിസ്മസ് ഉപദേശം.
ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ രജിസ്‌ട്രേഷന്‍ നമ്പറോ വ്യക്തിഗത ആക്‌സസ് കോഡോ (പിഎസി) കാര്‍ഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്നും ബാങ്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.
എഐബി, ബാങ്ക് ഓഫ് അയര്‍ലണ്ട് എന്നിവയില്‍ നിന്നുള്ളവയ്ക്ക് സമാനമായ സന്ദേശങ്ങളിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയ തട്ടിപ്പിന്റെ അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ടെല്‍-ടെയില്‍ അടയാളങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ നിരവധി മുന്നറിയിപ്പുകളാണ് നല്‍കുന്നത്.
ഉടനടി പണമടയ്ക്കാന്‍ ആവശ്യപ്പെടുന്നത് മുതല്‍, പിപിഎസ് നമ്പര്‍, പിന്‍ പോലെയുള്ള ബാങ്ക് വിശദാംശങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിംഗിനായുള്ള ആക്‌സസ് കോഡുകള്‍ എന്നിവയൊക്കെ ലക്ഷ്യമിട്ടാകും തട്ടിപ്പുകാര്‍ സന്ദേശമയക്കുക.
ക്രിസ്മസ് ആഘോഷങ്ങള്‍ സജീവമായതോടെ ഇത്തരം സന്ദേശങ്ങള്‍ വഴിയുള്ള ഒട്ടേറെ തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
എ.ഐ.ബി ഓര്‍മ്മപ്പെടുത്തുന്നത്…
എഐബിയില്‍ നിന്നോ മറ്റ് നിയമാനുസൃത കമ്പനികളാണെന്നോ അവകാശപ്പെട്ടായിരിക്കും ടെസ്റ്റ് സന്ദേശങ്ങളെത്തുകയെന്ന് എഐബി പറയുന്നു.
അക്കൗണ്ടിലെ തട്ടിപ്പ് ഇടപാട് പരിശോധിക്കുന്നതിനോ തടയുന്നതിനോ മറ്റോ ആയി ഒരു ലിങ്ക് ക്ലിക്കുചെയ്യാനാകും ഈ സന്ദേശങ്ങള്‍ അഭ്യര്‍ത്ഥിക്കുക. ഒരുപക്ഷേ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ഔട്ട് ആയെന്നും പറഞ്ഞേക്കാം. കാര്‍ഡ് റീഡറില്‍ നിന്ന് കോഡുകള്‍ ഇന്‍പുട്ട് ചെയ്യണമെന്നും ആവശ്യപ്പെടും. അതല്ലെങ്കില്‍ ഒറ്റത്തവണ പാസ്‌കോഡ് (ഒടിപി) വെളിപ്പെടുത്താനാകും ആവശ്യപ്പെടുക. ഇതൊന്നും ചെയ്യാന്‍ പാടില്ല.
കൂടാതെ, രജിസ്‌ട്രേഷന്‍ നമ്പറോ വ്യക്തിഗത ആക്‌സസ് കോഡോ (പിഎസി) കാര്‍ഡ് വിവരങ്ങളോ ഒരിക്കലും ആരോടും വെളിപ്പെടുത്തരുത്.
ടെസ്റ്റ് മെസേജിലൂടെ അഭ്യര്‍ത്ഥിക്കുന്നതു പ്രകാരം എഐബി കാര്‍ഡ് റീഡറില്‍ നിന്ന് കോഡുകള്‍ സൃഷ്ടിക്കരുത്.
കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഒറ്റത്തവണ പാസ്‌കോഡ് (ഒടിപി) ഒരിക്കലും വെളിപ്പെടുത്തരുത്.
സന്ദേശത്തില്‍ ആവശ്യപ്പെടുന്ന വിലാസത്തിലേക്ക് കാര്‍ഡ് ഒരിക്കലും പോസ്റ്റ് ചെയ്യരുത്.
ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപദേശിക്കുന്നു; വിശ്വസിക്കരുത് ഒന്നിനേയും…
‘സീറോ ട്രസ്റ്റ്’ നയം നിലനിര്‍ത്തുക എന്നതാണ് ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഉപഭോക്താക്കള്‍ക്കുള്ള സന്ദേശം. ഒരിക്കലും വിശ്വസിക്കരുത് എല്ലായ്പ്പോഴും വെരിഫൈ ചെയ്തതിനുശേഷം മാത്രമേ പ്രതികരിക്കാവൂ.
ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
ഒറ്റത്തവണ പാസ്‌കോഡുകളോ പൂര്‍ണ്ണ ബാങ്കിംഗ് 365 പിന്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളോ വെളിപ്പെടുത്തരുത്.
സംശയാസ്പദമായ എന്തെങ്കിലും ഇമെയിലുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ 365Security@boi.com എന്ന വിലാസത്തില്‍ കൈമാറണം.
അക്കൗണ്ട് അപഹരിക്കപ്പെട്ടതായി ആശങ്കയുണ്ടെങ്കില്‍, ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 24/7 ഫ്രീഫോണ്‍ ലൈന്‍ 1800 946 764 എന്ന നമ്പറില്‍ വിളിക്കണം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG


Comments are closed.