അയര്‍ലണ്ടിന് വയസ്സാകുന്നു…
യൂറോപ്യന്‍ രാജ്യങ്ങളില്‍ മുതിര്‍ന്ന പ്രായക്കാര്‍ ഏറ്റവും കൂടുതലുള്ളത് അയര്‍ലണ്ടിലെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ മുതിര്‍ന്ന പ്രായക്കാര്‍ ഏറ്റവും കൂടുതലുള്ളത് അയര്‍ലണ്ടിലെന്ന് ഹെല്‍ത്ത്- കീ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട്.ഏത് യൂറോപ്യന്‍ രാജ്യത്തെക്കാളും വേഗത്തില്‍ അയര്‍ലണ്ടിന് വയസ്സാവുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ആരോഗ്യ മേഖലയെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതും ഭാവിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണ് ഈ ജനസംഖ്യാമാറ്റമെന്നാണ് കരുതുന്നത്.
65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ജനസംഖ്യ പത്തു വര്‍ഷത്തിനുള്ളില്‍ 35 ശതമാനമാണ് കൂടിയത്. ആകെ ജനസംഖ്യാവര്‍ധനവിന്റെ മൂന്നിരട്ടിയിലധികമാണിത്.ഈ പ്രായക്കാരുടെ എണ്ണം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
85 വയസ്സിനു മുകളിലുള്ളവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുകയാണ്. 65 വയസും അതില്‍ കൂടുതലുമുള്ളവര്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജോലി ചെയ്യുന്ന ജനസംഖ്യയുടെ അഞ്ചിലൊന്നില്‍ നിന്ന് മൂന്നിലൊന്നിലേറെയാകും.ഇത് ആരോഗ്യ സേവനങ്ങള്‍ക്ക് പണം നല്‍കുന്നത് ബുദ്ധിമുട്ടാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
65 വയസ്സിന് മുകളിലുള്ള ഓരോരുത്തര്‍ക്കും തുല്യമായി അഞ്ച് ജോലിക്കാരുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ ഈ അനുപാതം മൂന്നില്‍ ഒന്നായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആരോഗ്യത്തിനായി കൈയ്യയച്ച് ചെലവിടുന്നു
ആരോഗ്യത്തിനായി കൈയ്യയച്ച് ചെലവിടുന്ന രാജ്യമാണ് അയര്‍ലണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.ആഗോളതലത്തില്‍ ആരോഗ്യത്തിനായി ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന നാലാമത്തെ രാജ്യമാണ് അയര്‍ലണ്ട്.യു എസ്, കാനഡ, ജര്‍മ്മനി,ഫ്രാന്‍സ് എന്നിവയ്ക്ക് ശേഷമാണ് അയര്‍ലണ്ടിന്റെ സ്ഥാനം. ജര്‍മ്മനിയും ഫ്രാന്‍സും തുല്യനിലയിലാണ്.
കഴിഞ്ഞ ദശകത്തില്‍ നഴ്സുമാരുടെ എണ്ണം 50 ശതമാനവും നഴ്സുമാര്‍ 20 ശതമാനവും വര്‍ധിച്ചു. 1,000 അക്യൂട്ട് കിടക്കകളും കൂടി.ആരോഗ്യമേഖലയിലെ ചെലവ് 2012നും 2021നും ഇടയില്‍ 69.5 ശതമാനം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇക്കാര്യത്തില്‍ ഒ ഇ സി ഡിയില്‍ അയര്‍ലണ്ട് ഏഴാം സ്ഥാനമാണുള്ളത്.
ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നത് നല്ലതാണ്, എന്നാല്‍ ഈ കാലത്ത് നല്ല ആരോഗ്യത്തോടെയാണ് കഴിയുന്നത് എന്നത് ഉറപ്പാക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം
യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ അയര്‍ലണ്ടിലാണ്. കഴിഞ്ഞ ദശകത്തില്‍ രണ്ട് വര്‍ഷത്തെ വര്‍ധനവാണുണ്ടായത്.ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ എന്നിവയില്‍ മരണ നിരക്ക് കുറഞ്ഞതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം 3.6 വര്‍ഷമായി കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.ആത്മഹത്യാനിരക്കും മൂന്നിലൊന്നായി കുറഞ്ഞു, പുകയിലയുടെയും മദ്യത്തിന്റെയും ഉപഭോഗവും കുറഞ്ഞു.
ജനനനിരക്ക് കുറയുന്നു
അതേസമയം, കുറയുന്ന ജനന നിരക്കിനെക്കുറിച്ചും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.ജനനനിരക്ക് അഞ്ചിലൊന്നായാണ് കുറഞ്ഞത്.പത്തുവര്‍ഷത്തിനിടെ ആദ്യമായി ജനന നിരക്ക് 2021ല്‍ 4.4 ശതമാനമായി കൂടിയിരുന്നു. പുതുതായി അയര്‍ലണ്ടില്‍ എത്തുന്ന കുടിയേറ്റക്കാരുടെയിടയില്‍ ജനന നിരക്ക് വര്‍ദ്ധിക്കുന്നുണ്ട് എന്നാല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നതില്‍ യൂറോപ്പില്‍ ആറാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.നീണ്ട വെയിറ്റിംഗ് ലിസ്റ്റുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
2021ല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ 1.5 മില്യണ്‍ പേരാണെത്തിയത്.മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണിത്. ഒ പി വിഭാഗത്തിലെ എണ്ണം 8 ശതമാനം കൂടി.3.2 മില്യണ്‍ പേരാണ് ഇവിടെയെത്തിയത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.