ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി നേടുക എന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും വലിയൊരു സ്വപ്നമാണ്. ചിലര്‍ വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്നത്തിലൂടെ ഈ ലക്ഷ്യം നേടിയെടുക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇതിനായുള്ള ശരിയായ മാര്‍ഗ്ഗങ്ങള്‍ അറിയാത്തതിനാല്‍ ആഗ്രഹങ്ങള്‍ മനസ്സില്‍ തന്നെ ഒതുക്കുകയും ചെയ്യുന്നു. അറിവില്ലായ്മ മൂലം ചിലര്‍ ചതിയില്പെടുന്നതായും കാണാം. എന്നാല്‍ ഇത്തരം ചതികളില്പെടാതെ, വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചുകൊണ്ട് ഒരു ഇ-യു ഇതര രാജ്യത്തു നിന്നും ഒരു യൂറോപ്യന്‍ രാജ്യത്തേക്ക് നിയമപരമായി കുടിയേറുന്നതിന് പ്രധാനമായും ആറ് മാര്‍ഗ്ഗങ്ങളാണുള്ളത്. അവ ഏതൊക്കെയന്നറിയാന് തുടര്‍ന്നു വായിക്കുക.
ഉയര്‍ന്ന യോഗ്യതയുള്ളവരും ഇ.യു ബ്ലൂ കാര്‍ഡും
യൂറോപ്യന്‍ യൂണിയന് ബ്ലൂ കാര്‍ഡ് കരസ്ഥമാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് അതത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിക്കാനും, ജോലി ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു. ഉയര്‍ന്ന പ്രൊഫഷണല്‍ യോഗ്യതയുള്ളവരും, യൂറോപ്യന്‍ രാജ്യത്തെ കമ്പനികളില്‍ വര്‍ക്ക് കോണ്‍ട്രാക്ട്/ ജോബ് ഓഫര്‍ ഉള്ളവരും ബ്ലൂ കാര്‍ഡിന് അര്‍ഹരാവും. അതത് രാജ്യത്തെ പ്രൊഫഷണലുകളുടെ വരുമാനത്തിന്റെ ശരാശരിക്ക് തുല്യമായ വരുമാനവും ഇവര്‍ നേടിയിരിക്കണം.
ഇന്‍ട്രാ കോര്‍പറേറ്റ് ട്രാന്‍സ്ഫറുകള്‍
ഇ.യു രാജ്യങ്ങള്‍ക്ക് പുറത്തുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കമ്പനിയുടെ യൂറോപ്യന്‍ ശാഖകളിലേക്ക് ജോലിക്കായി വരാവുന്നതാണ്. ഇത്തരത്തില്‍ യൂറോപ്പിലേക്ക് എത്തുന്നവര്‍ക്ക് അവരുടെ പങ്കാളിയെയും കൂടെ കൊണ്ടുവരാനുള്ള അനുമതിയുണ്ട്.
ഗവേഷകര്‍
യൂറോപ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ റിസര്‍ച്ചുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ മാര്‍ഗ്ഗത്തിലൂടെ രാജ്യത്തേക്കെത്താന്‍ കഴിയുക. ഇതിനായി ഏതെങ്കിലും അംഗീകൃത റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഹോസ്റ്റിങ് അഗ്രീമെന്റ് കയ്യിലുണ്ടാവണം. ഇത്തരത്തില്‍ യൂറോപ്പിലെത്തുന്നവര്ക്ക് സാധാരണനിലയില്‍ ഒരു വര്‍ഷം വരെയാണ് യൂറോപ്പില്‍ തുടരാനുള്ള അനുമതി. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് നീട്ടാനും കഴിയും. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗവേഷണത്തിനായി എത്തുന്നവര്‍ക്ക് നിശ്ചിത മണിക്കൂര്‍ അദ്ധ്യാപനം നടത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഇങ്ങനെയെത്തുന്നവര്ക്കും കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ കഴിയും.
സീസണല്‍ തൊഴിലാളികള്‍
ഏതെങ്കിലും യൂറോപ്യന്‍ കമ്പനിയില്‍ സീസണല്‍ തൊഴില്‍ കരാര്‍ ലഭിച്ചവര്‍ക്കാണ് ഇത്തരത്തില്‍ യൂറോപ്പിലെതത്താന് കഴിയുക. ഓഫര്‍ ലഭിച്ചാല്‍ ഇവര്‍ വിസക്കായി അതത് രാജ്യത്തെ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള ചിലവുകളും അവരവര്‍ തന്നെ വഹിക്കേണ്ടതായും വരും. സീസണല്‍ ജോലി കരാര്‍ അവസാനിക്കുന്ന കാലം വരെയാണ് ഇവര്‍ക്ക് യൂറോപ്പില്‍ തുടരാന്‍ അനുമതി. ഇത്തരം വിസയില്‍ എത്തുന്നവര്‍ക്ക് കുടംബത്തെ കൂടെ കൊണ്ടു വരാന്‍ അനുമതിയില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
വിദ്യാര്‍ഥികള്‍
ഏറ്റവും അധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഇത്. ഏതെങ്കിലും യൂറോപ്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു ഫുള്‍ ടൈം കോഴ്സിന് അഡ്മിഷന് ലഭിച്ചവര്‍ക്കാണ് ഇത്തരത്തില്‍ യൂറോപ്പിലേക്കെത്താന്‍ കഴിയുക. ഈ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്-ടൈം ജോലികളിലൂടെ പഠന ചിലവിനും താമസത്തിനുമായുള്ള പണം കണ്ടെത്താനും കഴിയും. അതത് രാജ്യങ്ങളില്‍ പാര്‍ട് ടൈം ജോലിക്കായി അനുവദിച്ചിട്ടുള്ള സമയ പരിധികളും ഉണ്ട്. എങ്കിലും മിനിമം പത്ത് മണിക്കൂറെങ്കിലും ആഴ്ചയില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. ചില രാജ്യങ്ങളില്‍ ഒരു വര്‍ഷമെങ്കിലും അതത് രാജ്യങ്ങളില്‍ തുടര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളു. ഒരു യൂറോപ്യന്‍ രാജ്യത്തു നിന്നും നിലവിലെ പഠനം തുടരുന്നതിന്റെ ഭാഗമായോ, അനുബന്ധമായ മറ്റു കോഴ്സുകള്‍ പഠിക്കുന്നതിനായോ മറ്റൊരു യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനും ഈ സംവിധാനത്തിലൂടെ കഴിയും. എന്നാല്‍ അനുവദിച്ച കാലാവധിയില്‍ കൂടുതല്‍ ഈ രാജ്യങ്ങളില്‍ കഴിയുകയാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനും വ്യവസ്ഥകളുണ്ട്.
വേതനമില്ലാത്ത ട്രെയ്നികള്‍, സ്റ്റ്യുഡന്റ് എക്സ്ചേഞ്ച്, വളന്റിയര്‍മാര്‍
യൂറോപ്പില്‍ തൊഴില്‍ പരിശീലനത്തിനെത്തുന്നുവര്ക്കും, ഏതെങ്കിലും പരിപാടികളുടെ വളന്റിയര്‍മാരായി എത്തുന്നവര്‍ക്കുമാണ് ഈ അവസരം. ഇതിനായി സ്വയം ചിലവുകള്‍ വഹിക്കാനുള്ള പ്രാപ്തിയുണ്ടെന്നും, ഹെല്‍ത്ത് കെയര്‍ കവറേജ് ഉള്ളവരാണ് തങ്ങളെന്നും തെളിയിക്കേണ്ടതുണ്ട്. അതത് രാജ്യത്തെ ഭാഷ, സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകള്‍ എന്നിവയെക്കുറിച്ചും ഇത്തരത്തില്‍ എത്തുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്. സാധാരണയായി ഒരു വര്‍ഷം വരെയാണ് ഈ രീതിയില്‍ എത്തുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ തുടരാന്‍ അനുമതിയുള്ളത്.
ഇത്തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാനും, അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെന്നും അറിയാനുള്ള കൃത്യമായ സംവിധാനങ്ങള്‍ യൂറോപ്യന്‍ കമ്മീഷന് തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിനായി https://ec.europa.eu/immigration/general-information/what-category-do-i-fit_en എന്ന യൂറോപ്യന്‍ കമ്മീഷന്റെ ഇന്റര്‍ആക്ടിവ് പേജിന്റെ സഹായവും തേടാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.