സത്യത്തില്‍ ആരായിരുന്നു യൂദാസ് ? യേശുവിന്റെ പ്രീയ ശിഷ്യന്‍ എങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരനായി.സ്ഥാപിത താത്പര്യക്കാര്‍ നിറം ചേര്‍ത്തവതരിപ്പിച്ച തിരക്കഥയില്‍ കൊടുംവില്ലന്‍ സ്ഥാനം ചാര്‍ത്തപ്പെട്ടു കൊടുത്തതാണോ പാവപ്പെട്ട യൂദാസിന്…!
കഥയ്ക്ക് ഒരാമുഖം
ആഴമേറിയ ദൈവവിശ്വാസം ,അപാരമായ നേതൃപാടവം..എന്നും യേശുവിന്റെ പ്രീയ ശിഷ്യനായിരുന്നു പത്രോസ്.ഏതു കാര്യവും ആദ്യം സംസാരിക്കതക്കവിധത്തില്‍ പ്രഥമ സ്ഥാനത്ത് യേശു പത്രോസിനെ കണ്ടപ്പോള്‍ ശിഷ്യന്മാരുടെയിടയിലെ മുപ്പന്‍ എന്ന സ്ഥാനം പത്രോസില്‍ വേരുറച്ചു. പല കാര്യങ്ങളും അടിച്ചേല്‍പ്പിക്കത്തക്കവിധം ഈ താന്‍ പോരിമ വളര്‍ന്നപ്പോള്‍ ശിഷ്യന്‍മാരുടെയുള്ളിലുണ്ടായ ശീതസമരം ചരിത്രസത്യമാണ്.എന്നാല്‍ പട നയിക്കാന്‍ കഴിവുള്ളവരാരും മറുവശത്തുണ്ടായിരുന്നില്ല എന്നതിനാല്‍ പത്രോസെന്നും അജയ്യനായിരുന്നു.
എല്ലാ ദിവസവും 12 പേരുമൊത്തുള്ള അത്താഴത്തിനിടയില്‍ ചെറിയ വാക്കുകളില്‍ വലിയ അര്‍ത്ഥതലങ്ങളുള്ള പ്രബോധനങ്ങള്‍ യേശു നല്‍കും . അത്താഴമേശയില്‍ പലപ്പോഴും പത്രോസിനെക്കുറിച്ചുള്ള പരാതി കെട്ടുകള്‍ മറ്റു ശിഷ്യന്മാര്‍ കുടഞ്ഞിടുമ്പോള്‍ ഈ ലോകം ഐഹികമല്ല ,മുമ്പന്‍മാര്‍ പിന്നിലും തുടങ്ങിയ ഫിലോസഫികളിലൂടെ യേശു അവരെ സാന്ത്വനിപ്പിക്കുമെങ്കിലും അയല്‍ക്കാരനെ സ്‌നേഹിക്കുന്നതിലും വലുത് മറ്റൊന്നുമില്ല എന്ന ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന യേശുവിന് ശിഷ്യന്മാരുടെയിടയിലെ ഈ അലോസരം വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നുവെങ്കിലും പിതാവേ നിന്റെയിഷ്ടമാണ് എന്റെയിഷ്ടം എന്ന വിനയ ഭാവത്തോടെ എന്നും തന്റെ മുന്നില്‍ നില്‍ക്കുന്ന പത്രോസ് ഇതെല്ലാം രമ്യമായ് പരിഹരിക്കുമെന്ന് യേശു വിശ്വസിച്ചു !.
ദാരിദ്രത്തിന്റെ ഒരു കറുത്ത ബാല്യകാലം …പിന്നീട് ജീവിക്കാന്‍ കണ്ടെത്തിയ തൊഴിലിലും വല്ലാത്ത അരക്ഷിതാവസ്ഥ.അസ്വസ്ഥമായ ആ ജീവിതത്തില്‍ നിന്നാണ് യേശു പത്രോസിനെ തന്റെ മാറോടണച്ചതും ശിഷ്യന്‍മാരില്‍ പ്രധാനിയാക്കിയതും.പിന്നീട് യേശു ചെയ്ത എല്ലാ അത്ഭുതങ്ങളും, രോഗശാന്തികളും, അനീതിക്കെതിരേയുള്ള ശബ്ദമുയര്‍ത്തലും അടുത്തു നിന്നു കണ്ടവനാണ് പത്രോസ്.
ഈ കാഴ്ച്ചകള്‍ക്കിടയിലാണ് പത്രോസ് ആ സത്യം മനസിലാക്കിയത് കണ്ടുമുട്ടുന്ന ജനങ്ങളെല്ലാം പല ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ്.
കല്ലിലും, മണ്ണിലും , കാറ്റിലും,മലകളിലും ദൈവത്തെ ദര്‍ശിക്കുന്ന ഈ ജനങ്ങളെയെല്ലാം ഒരുമിപ്പിക്കാന്‍ അവര്‍ക്കെല്ലാം സ്വീകാര്യനായ ഒരു ദൈവം വേണമെന്നും അതിലൂടെ തങ്ങളെ പലപ്പോഴും അടിച്ചമര്‍ത്തുകയും ജാതി വിളിച്ചു പോലും അപമാനിക്കുകയും ചെയ്യുന്ന യഹൂദരെ അടക്കി നിര്‍ത്താനും കഴിയുമെന്ന് കുശാഗ്രബുദ്ധിയായ പത്രോസ് കണക്ക് കൂട്ടി .
ആ ദൈവത്തിലൂടെയുണ്ടാകുന്ന വലിയ ലോകത്തെ നിയന്ത്രിക്കുന്ന വലിയ മുപ്പനായ തന്നെ പത്രോസ് ഭാവനയില്‍ കണ്ടു .മാനുഷിക ഭാവമുള്ള ,കൂടെ നിന്ന് കണ്ണീരൊപ്പുന്ന കാരുണ്യമുള്ള ദൈവം. വെള്ളം വീഞ്ഞാക്കിയ ,തളര്‍വാതരോഗിയെ സുഖപ്പെടുത്തിയവനേക്കാളും വലിയ ദൈവമാര് …… തനിക്കറിയാവുന്ന തിയോളജിയില്‍ ഈ ചിന്ത പത്രോസ് യേശുവിനോട് പങ്കുവച്ചു . മനുഷ്യന്റെ പാപപരിഹാരത്തിനായ് സ്വന്തം പുത്രനെ ബലിയായ് നല്‍കുന്ന വലിയ സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ യേശു പിന്നീട് ജെറുസലേമിലെ കച്ചവടക്കാര്‍ക്കെതിരേ വീശീയ ചാട്ടവാറിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളോടെ പത്രോസിനോട് സംസാരിച്ചപ്പോള്‍ തീഷ്ണമായ അവന്റെ കണ്ണുകളെ നേരിടാനാവാതെ അപമാനത്താല്‍ കുനിഞ്ഞ ശിരസുമായാണ് പത്രോസ് പുറത്തേക്കിറങ്ങിയത് .
വലിയൊരു മുറിവും മോഹഭംഗവുമാണ് ഉണ്ടായതെങ്കിലും അവനതൊന്നും പുറമെ കാണിച്ചില്ല .അതായിരുന്നു പത്രോസ് .എന്നാല്‍ മറ്റ് ശിഷ്യന്‍മാര്‍ ഇതൊരാഘോഷമാക്കി. യേശു പത്രോസിനെ ശാസിച്ചത് ജെറുസലേം തെരുവില്‍ പാണന്‍മാര്‍ പാടി നടന്നു . പത്രോസിനെ തെരുവില്‍ കാണുമ്പോഴേല്ലാം അടക്കിപ്പിടിച്ച ചിരികളുയര്‍ന്നു . തങ്ങളുടെ ഭാഗം സേഫാക്കി നിഷ്‌ക്കളങ്കനായ യൂദാസിനെക്കൊണ്ടാണ് മറ്റ് ശിഷ്യന്‍മാര്‍ ഈ പണിയൊപ്പിച്ചത് . യൂദാസാകട്ടെ കഫര്‍ണാമില്‍ വച്ച് തനിക്ക് പ്രസംഗം പറയാനവസരം ലഭിക്കാത്തതിന്റെ കാരണം പത്രോസാണെന്ന തെറ്റിദ്ധാരണയില്‍ നടക്കുന്ന സമയവും .
യേശുവിന്റെ പ്രീതി കുറച്ചെങ്കിലും നഷ്ടപ്പെട്ടിരിക്കുന്നു. ശിഷ്യന്‍മാരെല്ലാവരും തനിക്കെതിരും .ഏറ്റവും ബുദ്ധിയില്ലാത്തവനെന്നും ദുര്‍ബലനെന്നും കരുതിയ യൂദാസുപോലും… ശക്തമായ എതിര്‍പ്പില്‍ .തന്ത്രങ്ങള്‍ മാറ്റി പിടിക്കണം.പത്രോസ് മുറിക്കുള്ളിലുടെ ഉലാത്തി കൊണ്ടിരുന്നു .
എല്ലാ ദിവസവും സുവിശേഷം പ്രസംഗിക്കാനുള്ള ആളുകളും പോകേണ്ട സ്ഥലവും തീരുമാനിക്കുന്നത് പത്രോസാണ്. യൂദാസേ നീയിന്ന് എന്റെ കൂടെയാണ് . ഇത് കേട്ട് യൂദാസ് ഞെട്ടി.ആരുമറിയില്ലെന്ന് കരുതി താന്‍ മൂപ്പനെക്കുറിച്ച് പറഞ്ഞതെല്ലാം തിരിച്ചറിഞ്ഞ് തന്നോടെന്തായിരിക്കാം അവന്‍ പ്രവര്‍ത്തിക്കുക, യൂദാസ് അസ്വസ്ഥനായി.എന്നാല്‍ നിറഞ്ഞ ചിരിയോടെയാണ് പത്രോസ് പുറത്തേക്കിറങ്ങി വന്നത് .
യേശുവിന്റെ ഹിതം നിറവേറ്റാനുള്ള നമ്മുടെ കടമകളെക്കുറിച്ച് , ആരെയും വിശ്വസിക്കാതെ എല്ലാം കണ്ടു മാത്രമേ വിശ്വസിക്കു എന്ന് പറയുന്ന തോമായുടെ പെരുമാറ്റം കാണുമ്പോളുള്ള വേദനയെക്കുറിച്ച് . എല്ലാം തുറന്ന് സംസാരിച്ച ആ യാത്രയോടു കൂടി യൂദാസ് പോലും അറിയാതെ യുദാസ് പത്രോസിന്റെ പക്ഷക്കാരനായി മാറുകയായിരുന്നു.യൂദാസിലൂടെ ബര്‍ത്തലോമിയ ,യോഹന്നാന്‍ എല്ലാവരുമായും പത്രോസ് ഹൃദയ ബന്ധം ഊട്ടിയുറപ്പിച്ചു.അതായിരുന്നു പത്രോസ് …
യേശുവിനെ അതിരറ്റ് സ്‌നേഹിക്കുമ്പോഴും പുരോഗമനവാദിയും , കാല്‍പ്പനികനുമായ അവന്റെ ലിബറല്‍ ആശയങ്ങള്‍ പാരമ്പര്യവാദിയായ പത്രോസില്‍ അസ്വസ്ഥതയുളവാക്കിയിരുന്നു .ജെറുസലേമിനുള്ളില്‍ മാത്രമൊതുങ്ങി പോകുന്ന യേശുവിനെക്കുറിച്ച് അയാള്‍ ആശങ്കപ്പെട്ടു . എങ്കിലും യേശുവിലൂടെ അനന്തമായ ഒരു സാമ്രാജ്യമെന്ന അടങ്ങാത്ത സ്വപ്നം വാശി പോലെ മനസില്‍ സൂക്ഷിച്ച പത്രോസ് നയപരമായ ഇടപെടലുകളിലൂടെ മറ്റു ശിഷ്യന്‍മാരുടെ പിന്തുണ ഈ ആവശ്യത്തിനായ് നേടിയെടുത്തു . യേശു അതറിഞ്ഞിരുന്നില്ലെങ്കിലും …
ഇതിനിടയിലാണ് പത്രോസിന്റെ യഹൂദനായ സുഹൃത്ത് യേശുവിന്റെ പ്രബോധനങ്ങളും ലിബറല്‍ ആശയങ്ങളും പുരോഹിത പ്രമാണിമാരുടെ എതിര്‍പ്പിന് കാരണമാകുന്നതായും അവര്‍ അവനെ വധിക്കാന്‍ ആലോചിക്കുന്നതായും, യേശുവിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കാന്‍ പത്രോസിനോട് ആവശ്യപ്പെടുന്നതും .
യേശുവിന്റെ ശക്തി മറ്റാരേക്കാളും നന്നായി മനസിലാക്കിയ പത്രോസ് ഇത് ചിരിച്ചു തള്ളി. എന്നാല്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാളെ പണം കൊടുത്ത് വശീകരിച്ച് യേശുവിനെ വധിക്കാനാണ് അവരുടെ പദ്ധതി എന്ന സുഹൃത്തിന്റെ വാക്കു കേട്ട് പത്രോസിന്റെ നെറ്റി ചുളിഞ്ഞു അവന്‍ ചിന്തയിലാണ്ടു .
ചുംബിച്ചു കൊണ്ടാണ് യേശുവിനെ കാണിച്ചു കൊടുക്കേണ്ടത് , പത്രോസ് യൂദാസിനോട് പറഞ്ഞു . എന്നാലും മൂപ്പാ ഞാനെങ്ങനെ ? യൂദാസ് ഭയചകിതനായി. നീ ഭയക്കണ്ട നമ്മുടെ ഗുരുവിന് ജെറുസലേമിനപ്പുറം ലോകത്തിന്റെ ആരാധന ലഭിക്കുവാന്‍ ഉള്ള ഒരു മാര്‍ഗമായാണ് ആ കാട്ടി കൊടുക്കലിനെ നീ കാണേണ്ടത് .യേശുവിന് അസാധ്യമായൊന്നുമില്ല.തളര്‍വാതരോഗിയെ സുഖപെടുത്തിയ യേശു മരിക്കാനോ ? അവന്റെ രാജ്യം ഉണ്ടാകുവാനായിട്ടാണ് നമ്മളിതൊക്കെ ചെയ്യുന്നത് . നീ ചുംബിക്കും,യേശുവിനെ അവര്‍ കുരിശിലേറ്റും .ദൈവത്തിന്റെ ശക്തിയാല്‍ അവന്‍ കുരിശു തകര്‍ത്ത് ഇറങ്ങി വരും.
അതിലൂടെയുണ്ടാകുന്ന വലിയ ജനരോഷത്തില്‍ സാമ്രാജ്യങ്ങള്‍ കട പുഴകി വീഴും .അങ്ങനെ യേശുവിന്റെ രാജ്യമുണ്ടാകും . ആ രാജ്യത്തിന്റെ മൂപ്പന്‍ ഞാനായിരിക്കും .നീയായിരിക്കും രണ്ടാമന്‍ .എന്റെയിഷ്ടമല്ലിത്, പിന്നെയോ അവന്റെയിഷ്ടം .
ക്രിസ്തുവില്‍ അതിരറ്റ് വിശ്വസിച്ച യൂദാസ് അത്രയേറെ സ്‌നേഹത്തോടെ യേശുവിന്റെ പാദങ്ങളില്‍ ഉമ്മ വച്ചു. നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാറില്ലാത്ത ദുഷ്‌പേരിനു വേണ്ടിയാണ് ആ ചുംബനമെന്നറിയാതെ …
ദുഖവെള്ളി എന്ന വലിയ ദിവസവും അതിലൂടെ കെട്ടിപ്പടുക്കാനാവുന്ന വലിയ സാമ്രാജ്യവും സ്വപ്നം കണ്ട ലോകം കണ്ട ഏറ്റവും വലിയ ഗെയിം പ്ലാനറായ പത്രോസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റുന്നതാണ് പിന്നീട് കണ്ടത് . കുരിശില്‍ കിടന്ന് ജീവന്‍ വെടിഞ്ഞ യേശുവിനെ നോക്കി യൂദാസ് അലറിക്കരഞ്ഞു .ആ കരച്ചില്‍ കണ്ട് 30 വെള്ളിക്കാശ് വാങ്ങിയത് താനാണല്ലോ എന്ന ചിന്ത പത്രോസിനെ ഭയചകിതനാക്കി . നിഷ്‌കളങ്കനായ
യൂദാസെങ്ങാനും ഇത് വിളിച്ചു പറഞ്ഞാല്‍ ..,
എന്റെ മനസ് കൈവിട്ടു പോകുന്നു , എന്റെ ചുംബനമാണ് യേശുവിന്റെ മരണം. ഞാനെന്താണ് ചെയ്യേണ്ടത് ചങ്ക് തകര്‍ന്ന് വിലപിച്ചു കൊണ്ട് യൂദാസ് ചോദിച്ചു . അവന്റെ ഇഷ്ടം നിറവേറ്റലാണ് ഇനി നാം ചെയ്യേണ്ടത്.അവന്റെ പ്രബോധനങ്ങള്‍ പ്രഘോഷിക്കാന്‍ അവനൊരാലയം പണിയാം അവന്റെ നാമം വാഴ്ത്തപ്പെടട്ടെ .അവന്റെ ആലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ നമുക്കാളുകളെ കൂട്ടാം. എന്നാലും നിനക്കിതെങ്ങനെ കഴിയുന്നു, നീ കാരണമല്ലേ ഞാനത് ചെയ്തത് പൊട്ടിക്കരഞ്ഞുകൊണ്ട് പത്രോസിനെ നോക്കി യൂദാസ് ചോദിച്ചു . നാട്ടുകാര്‍ കാണെ ചുംബിച്ച് ഒറ്റികൊടുത്തിട്ട് എനിക്ക് നേരേ തിരിയുന്നോ, ഇനിയൊരു നിമിഷം ജെറുസലേമിലോ പരിസര പ്രദേശങ്ങളിലോ നിന്നെ കാണരുത് . ഇതുവരെ കാണാത്ത ക്രൂദ്ധനായ പത്രോസിന്റെ മുഖം … യൂദാസ് പുറത്തേക്ക് നടന്നു അത്രയേറെ താഴ്ന്ന ശിരസുമായി …അപ്പോഴും 30 വെള്ളികാശ് പത്രോസിന്റെ വീട്ടിലെ തുകല്‍പ്പെട്ടിയില്‍ ഭദ്രമായിരുന്നു
വാല്‍ക്കഷ്ണം :
ചരിത്രം എന്നും ഒന്നേയുള്ളൂ .എന്നാല്‍ അര്‍ദ്ധ സത്യങ്ങള്‍ കൊണ്ട് കണ്‍വീനിംഗ്‌സായി കഥ പറയുന്നവര്‍ക്ക് ഒരു പക്ഷേ വ്യാജ ചരിത്രം പോലും എഴുതുവാന്‍ കഴിയുമെന്നും ആ കഥ വായിക്കാനും പ്രചരിപ്പിക്കാനും ആളുകളുണ്ടാകുമെന്നും സര്‍ക്കാസ്റ്റിക്കായി പറയുവാന്‍ ശ്രമിക്കുകയാണിവിടെ!
ജോമി ജോസ് (കിൽക്കെനിയിൽ നിന്നുള്ള ജോമി ജോസ് ഇടുക്കി കമ്പളിക്കണ്ടം സ്വദേശി)
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a
Comments are closed.