head3
head1

ഈ വര്‍ഷം സെന്റ് പാട്രിക്സ് ഡേ പരേഡ് ഇല്ലെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സെന്റ് പാട്രിക്സ്   ഡേ പരേഡ് ഉണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. രാജ്യത്തെ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളമുള്ള പ്രധാന പരേഡുകള്‍ കഴിഞ്ഞ മാര്‍ച്ചുമുതല്‍ റദ്ദാക്കിയതിന്റെ തുടര്‍ച്ചയായാണ് തീരുമാനം. മാര്‍ച്ച് 17നാണ് സെന്റ് പാട്രിക്സ് ഡേ.

ചുരുങ്ങിയ കാലയളവില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ വര്‍ഷവും മറ്റ് ആഘോഷപരിപാടികള്‍ ഒന്നും ഉണ്ടായേക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് വ്യത്യസ്ത ഘട്ടങ്ങളിലായി വ്യാപിക്കുകയും പുതിയ വകഭേദങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതിനാല്‍, വാക്‌സിനേഷന്‍ മാത്രമാണ് കോവിഡില്‍ നിന്ന രക്ഷനേടാനുള്ള ഫലപ്രദമായ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യൽ സ്‌കൂളുകൾ തുറക്കും

അതേസമയം, പ്രത്യേക പരിഗണനയുള്ള കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൂടാതെ, ജനുവരി അവസാനം കോവിഡ് സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയതിന് ശേഷമായിരിക്കും രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കണമോ എന്ന് തീരുമാനിക്കുകയെന്നും എന്നാല്‍, കോവിഡ് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കാന്‍ സാധിക്കില്ലെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

വേനല്‍ക്കാലത്ത് തന്നെ പരമ്പരാഗത രീതിയില്‍ ലീവിംഗ് സെര്‍ട്ട് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിവിധ വകുപ്പുകള്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളുംവാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ

 

 

Comments are closed.