head1
head3

ജോര്‍ജ് നിരപരാധിയെന്ന് തെളിയുന്നു? ജോര്‍ജിനതിരെ നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തിയത് ആസൂത്രിത സ്വഭാവഹത്യ

ഡബ്ലിന്‍ : വെസ്റ്റ് ഡബ്ലിനിലെ വീട്ടുവളപ്പില്‍ ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ച മനോരോഗിയായ ജോര്‍ജ് എന്‍കേന്‍ചേയെ അധിക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണം നിക്ഷിപ്ത താല്‍പ്പര്യം മൂലമാണോ ?. അങ്ങനെയായിരിക്കാന്‍ സാധ്യതയേറെയുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഡിസംബര്‍ 30ന്, ഡബ്ലിന്‍-മീത്ത് അതിര്‍ത്തിയിലെ ക്ലോണിയിലാണ് ജോര്‍ജ്ജ് എന്‍കേന്‍ചോയെ ഗാര്‍ഡ വെടിവെച്ചിട്ടത്. നാലുതവണയാണ് ഇദ്ദേഹത്തിനെതിരെ നിറയൊഴിച്ചത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പസമയത്തിനുശേഷം അദ്ദേഹം മരിച്ചു.വെടിയേറ്റ് മരിച്ച വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്വിറ്റര്‍, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്‌സാപ്പ് എന്നിവയില്‍ ജോര്‍ജിന്റെ ചിത്രം സഹിതം വ്യാജപ്രചാരണം തുടങ്ങി. പ്രമുഖരായ പത്രപ്രവര്‍ത്തകര്‍ പോലും ജോര്‍ജിനെതിരെ വാര്‍ത്തകള്‍ എഴുതിയത് കേട്ടുകേള്‍വിയുടെ ബലത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

‘ജോര്‍ജിന് 32 ക്രിമിനല്‍ ശിക്ഷകളുണ്ട്. കാമുകിയെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ജാമ്യത്തിലിറങ്ങിയയാളാണ്.ഒരു ഷോപ്പ് തൊഴിലാളിയെ മരണത്തിന് മുമ്പ് കത്തി ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയായിരുന്നു പ്രചാരണത്തിന്റെ പോക്ക്. എന്നാല്‍ ഇതില്‍ ആദ്യത്തെ രണ്ട് ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. മൂന്നാമത്തെ സംഭവം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും തെളിഞ്ഞു.

കൊല്ലപ്പെടുന്ന സമയത്ത് ഇയാള്‍ കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നുവെന്നതും വ്യാജമാണെന്ന് തെളിഞ്ഞു.ഇദ്ദേഹത്തിനെതിരായ പോസ്റ്റുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.സോഷ്യല്‍ മീഡിയ സെര്‍ച്ച് എഞ്ചിന്‍ ഉപകരണം ക്രോഡ് ടാംഗിള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഡിസംബര്‍ 30 മുതല്‍ ഈ വ്യാജ പ്രചാരണം 2,400 അക്കൗണ്ടുകളെങ്കിലും ഷെയര്‍ ചെയ്തതായി കണ്ടെത്തി.ഇവയെല്ലാം തികച്ചും അടിസ്ഥാനമില്ലാത്ത സ്വഭാവഹത്യയെന്നാണ് ഏതാനും മീഡിയകള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.

ഈ ദുഷ്പ്രചാരണം തെളിയിക്കുന്നതിനുള്ള യാതൊരു വിവരങ്ങളും ഗാര്‍ഡ സിയോചനയുടെ പക്കലില്ല.നീതി വകുപ്പുമായി ബന്ധപ്പെട്ട ഉന്നത കേന്ദ്രങ്ങളും ജോര്‍ജിനെതിരായ പ്രചാരണത്തിനൊന്നും തെളിവില്ലെന്നു രഹസ്യമായി സ്ഥിരീകരിക്കുന്നു.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അറസ്റ്റിലായെന്നതു മാത്രമായിരുന്നു സ്ഥിരീകരിക്കപ്പെട്ടത്. ഇതാകട്ടെ മാനസികാരോഗ്യ നിയമ വ്യവസ്ഥകള്‍ പ്രകാരമാണ് പരിഗണിച്ചത്. അതിനാല്‍ ക്രിമിനല്‍ ശിക്ഷയ്ക്ക് കാരണമായതുമില്ല.

സ്വഭാവഹത്യയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ജെര്‍ജ് എന്‍കേന്‍ചോയുടെ കുടുംബം.സത്യം പുറത്തുകൊണ്ടുവരുന്നതിനായി ഗാര്‍ഡ ഓംബുഡ്സ്മാന്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ച് മുന്നോട്ടുപോവുകയാണ് ഈ കുടുംബം.

കുടിയേറ്റക്കാര്‍ക്ക് അരക്ഷിതാവസ്ഥ എല്ലാ മേഖലയിലും
അയര്‍ലണ്ടില്‍ കുടിയേറി താമസിക്കുന്ന കുടിയേറ്റക്കാര്‍ വിവിധ തരത്തിലുള്ള വര്‍ണവിവേചനം അനുഭവിക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണെന്ന് കുടിയേറ്റ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

ചൈനക്കാര്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് ഉയര്‍ന്ന സ്വാധീനശേഷിയുള്ള തദ്ദേശവാസികള്‍ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന പരാതിയാണ് കുടിയേറ്റക്കാരുടെ സംഘടനകള്‍ ഉയര്‍ത്തുന്നത്.അയര്‍ലണ്ടിലെ ഭവനമേഖലയില്‍ ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നതും കുടിയേറ്റക്കാരാണ്.

കൗണ്‍സിലുകളുടെ ഉടമസ്ഥതയില്‍ സ്ഥലം ലഭ്യമല്ലാതിരുന്നിട്ടല്ല കൂടുതല്‍ വില നല്‍കി വീടുകള്‍ വാങ്ങുവാന്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിതരാവുന്നത്.വാടകയ്ക്ക് താമസിക്കുന്നവരില്‍ 75 ശതമാനവും അയര്‍ലണ്ടില്‍ കുടിയേറി വന്നവരാണ്.

ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികളുടെ സഹകരണത്തോടെ ഭവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് അക്ഷരാര്‍ത്ഥത്തില്‍ കുടിയേറ്റക്കാരെ ‘പിഴിയുകയാണ്’
ഭവന വാടക നിരക്കുകളില്‍ സ്ഥിരത ഉറപ്പുവരുത്തിയാല്‍ കൂടുതല്‍ ക്ഷേമകരമായ സാഹചര്യം അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് ഉണ്ടാവുമെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.

ജോര്‍ജ് എന്‍കെന്‍ചോയുടെ മരണം കുടിയേറ്റക്കാരുടെ സമഗ്രമായ പുരോഗതിക്കുള്ള ഉണര്‍ത്തുപാട്ടുണര്‍ത്താനുള്ള അവസരം കൂടിയാക്കാന്‍ അയര്‍ലണ്ടിലെ ബി എല്‍ ബി (ബ്‌ളാക്ക്ലൈവ്‌സ് മൂവ്‌മെന്റ് ) പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിന്റെയും , മുതലാളിത്വത്തിന്റെയും അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയുള്ള ജനമുന്നേറ്റം അടുത്ത കാലത്തു തന്നെയുണ്ടായാല്‍ അതില്‍ അതിശയപ്പെടാനില്ല.

‘ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് കുടിയേറിപാര്‍ത്തിരിക്കുന്ന ഐറിഷുകാര്‍ക്ക് ഞങ്ങളെ മനസിലാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ…ഐറിഷ് നൈജീരിയന്‍ കമ്യുണിറ്റി ലീഡര്‍ ജെ കെഒന്‍വുമെറെ പറയുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോര്‍ജ് എന്‍കെന്‍ചോയുടെ കൊലപാതകത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നുള്ള പ്രക്ഷോഭണത്തില്‍ നിന്നും അയര്‍ലണ്ടിലെ ആഫ്രിക്കന്‍ വംശജരും,മറ്റു കുടിയേറ്റക്കാരും പിന്മാറിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഓംബുഡ്സമാന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അവര്‍. ‘വെറുതെ വെടിവെച്ച് കൊല്ലാനുള്ളവരല്ല കുടിയേറ്റക്കാര്‍…..ഞങ്ങള്‍ക്ക് നീതി വേണം ,ജോര്‍ജിന് നീതി വേണം’ ഇരുപത് വര്‍ഷമായി അയര്‍ലണ്ടില്‍ താമസിക്കുന്ന ഒന്‍വുമെറെയുടെ വാക്കുകളില്‍ നിരാശയല്ല,പ്രതീക്ഷയാണുള്ളത് ….
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

https://chat.whatsapp.com/IboSb4NKS6dIzYRDsr5Cvv

Comments are closed.