കുടുംബവഴക്കിനിടെ വലിച്ചെറിഞ്ഞ ടി വി കൊണ്ടത് സ്വന്തം മുത്തശ്ശിയുടെ തലയില്‍ , സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്
ഡബ്ലിന്‍ : ഒരു ദേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍ ഒന്നര ദേഷ്യത്തിന് കേറി വരാനാവില്ലെന്ന് പറഞ്ഞത് പോലെയൊരു കേസാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയില്‍ കഴിഞ്ഞ ദിവസം വന്നത്.
മുന്‍ പങ്കാളിയുമായി വഴക്കിടുന്നതിനിടെ പെട്ടെന്നുണ്ടായ ദേഷ്യത്തെ തുടര്‍ന്നാണ് സെക്കന്റ് ഫ്ളോറിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കരോളിന്‍ കോണോര്‍സ് (34) ടിവി വലിച്ചെറിഞ്ഞത്.അത് ചെന്ന് വീണത് സ്വന്തം വല്യമ്മയുടെ മുകളില്‍. ദേ കിടക്കുന്നു അവര്‍ താഴെ.പരിക്കേറ്റ് അവര്‍ ആശുപത്രിയിലായി.
പിന്നീട് കേസായി,പുലിവാലായി.മുത്തശ്ശിയ്‌ക്കൊപ്പമുണ്ടായിരുന്ന തന്റെ കുട്ടിക്ക് പരിക്കൊന്നുമേറ്റില്ലെന്നത് അപ്പോഴും കരോളിന് ആശ്വാസമായി.ഡബ്ലിനിലെ സാന്‍ഡിഫോര്‍ഡിലെ ബ്ലാക്ക് തോണ്‍ ഡ്രൈവില്‍ സൗത്ത് സെന്‍ട്രല്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.കുറ്റകൃത്യത്തിന് മൂന്നു വര്‍ഷം തടവ് വിധിച്ചെങ്കിലും കോടതി ഇവരോട് കരുണ കാട്ടി ശിക്ഷ ഒഴിവാക്കിയതാണ് സംഭവത്തിലെ ഒരു ‘ട്വിസ്റ്റ്’.
കോടതിയില്‍ കേസ് പരിഗണിക്കവെ സര്‍വ്വാപരാധവും കരോളിന്‍ ഏറ്റുപറഞ്ഞു. തന്നെ ഭ്രാന്ത് പിടിപ്പിച്ച മുന്‍ പങ്കാളിയാണ് എല്ലാ പ്രശ്നത്തിനും കാരണമായത്.അയാളോടുള്ള ദേഷ്യത്തിന് കൈയ്യില്‍ക്കിട്ടിയ ടി വി വലിച്ചെറിയുകയായിരുന്നു.
അറസ്റ്റിനെത്തിയ ഗാര്‍ഡയോടും കരോളിന്‍ ക്ഷമാപണം നടത്തി.ആരെയെങ്കിലും ഉപദ്രവിക്കണമെന്നോര്‍ത്തല്ല ടി വി വലിച്ചെറിഞ്ഞത്.കരോളിന്റെ മാതാപിതാക്കളെ അവരുടെ മരണം വരെ പോറ്റിയത് കരോളിനാണെന്ന് ഇവരുടെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. ഇവര്‍ക്ക് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്നും അതിന് ചികിത്സ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സല്‍ പറഞ്ഞു. ടിവി മത്തശ്ശിയുടെമേല്‍ പതിച്ചെന്നറിഞ്ഞയുടന്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും കരോളിനായിരുന്നു. കാലിനും നെഞ്ചിനും പരിക്കേറ്റ അവരെ ആശുപത്രിയിലുമെത്തിച്ചു.
ഡബ്ലിന്‍ 2018 ജൂണ്‍ 27 നാണ് സംഭവം നടന്നത്. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ക്രിമിനല്‍ ഡാമേജ്, പബ്ലിക് ഓര്‍ഡര്‍ ലംഘനം എന്നിവയ്ക്ക് രണ്ട് തവണ ശിക്ഷ നേരിട്ടയാളാണ് കരോളിന്‍.മുന്‍ പങ്കാളിയുമായി വഴക്കിടുമ്പോള്‍ അല്‍പ്പം ലഹരിയിലുമായിരുന്നു കക്ഷി. മുന്‍ പങ്കാളി ശാരീരികമായി ആക്രമിച്ചതോടെ സമനില തെറ്റിയ തന്റെ കക്ഷി ടിവി എടുത്ത് ഒരു ജനാലയിലൂടെ പുറത്തേക്കെറിയുന്നുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.കഥ മുഴുവന്‍ കേട്ട ജഡ്ജി പോളിന്‍ കോഡ് കോണേഴ്സിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചുവെങ്കിലും കര്‍ശന വ്യവസ്ഥകളോടെ ശിക്ഷ മുഴുവന്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.