കുട്ടികളും യുവാക്കളും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു. 30 വര്‍ഷം നീണ്ട കരിയറിനാണ് 55കാരനായ അണ്ടര്‍ടേക്കര്‍ അവസാനം കുറിച്ചത്.
ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സര്‍വൈവര്‍ സീരീസില്‍ വെച്ചാണ് അദ്ദേഹം വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1990ല്‍ സര്‍വൈവര്‍ സീരീസിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് സഹതാരങ്ങള്‍ വികാരഭരിതമായ യാത്ര അയപ്പും നല്‍കി.
’30 വര്‍ഷക്കാലം ഞാന്‍ റിങ്ങിലേക്ക് പതിയെ നടന്നുവന്ന് ആളുകളെ പലതവണ വിശ്രമത്തിലേക്ക് നയിച്ചു. ഇപ്പോള്‍ എന്റെ സമയം വന്നിരിക്കുന്നു. അണ്ടര്‍ടേക്കര്‍ക്ക് വിശ്രമിക്കാന്‍ സമയമായിരിക്കുന്നു ‘ – അണ്ടര്‍ടേക്കര്‍ പറഞ്ഞു.
ജൂണ്‍ 22ന് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഒരു അവസാന പോരാട്ടം കൂടി താന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് സര്‍വൈവര്‍ സീരീസിലൂടെ അദ്ദേഹം പൂര്‍ത്തിയാക്കിയത്.
ഏഴ് തവണ ലോക ചാമ്പ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടര്‍ടേക്കര്‍. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാര്‍ഡും നേടിയിട്ടുണ്ട്.
അമേരിക്കയുടെ പ്രൊഫഷണല്‍ റെസ്ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്. മാര്‍ക്ക് വില്ല്യം കല്‍വെ എന്ന യഥാര്‍ത്ഥ പേരിനു പകരം അണ്ടര്‍ടേക്കര്‍ എന്ന പേരും സ്വീകരിച്ചു.
തൊണ്ണൂറുകളിലാണ് അദ്ദേഹം റിങ്ങില്‍ വിസ്മയങ്ങള്‍ തീര്‍ത്തത്. ഡബ്ല്യുഡബ്ല്യുഇയില്‍ ഏറ്റവുമധികം ആരാധകരുള്ള താരം കൂടിയാണ് അണ്ടര്‍ടേക്കര്‍. ആരാധകരുടെ പ്രിയപ്പെട്ട അണ്ടര്‍ടേക്കറിന്റെ ഇടിക്കൂട്ടിലേക്കുള്ള നാടകീയ എന്‍ട്രിയും ഇനിയില്ല.
റസല്‍മാനിയയില്‍ അദ്ദേഹം കുറിച്ച തുടര്‍ച്ചയായ 21 വിജയങ്ങള്‍ ഒരു റെക്കോര്‍ഡ് ആണ്. 2018 ല്‍ ജോണ്‍ സിനയെ മൂന്ന് മിനിട്ടില്‍ പരാജയപ്പെടുത്തിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഇടക്ക് അദ്ദേഹം ഇടിക്കൂട്ടില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഏറെ വൈകാതെ തിരികെ എത്തിയിരുന്നു.
സബര്‍ബന്‍ കമാന്‍ഡോ ഉള്‍പ്പെടെ അഞ്ചു ഹോളിവുഡ് സിനിമകളിലും അണ്ടര്‍ടേക്കര്‍ അഭിനയിച്ചിട്ടുണ്ട്. ‘റെസ്റ്റ് ഇന്‍ പീസ്’ എന്ന വാക്യമായിരുന്നു അണ്ടര്‍ടേക്കറുടെ ഏറ്റവും പ്രശസ്തമായ ഡയലോഗ്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.