head1
head3

സുരറൈ പോട്ര് തരംഗമാകുമ്പോള്‍ അറിയണം ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥ് ആരാണെന്ന്…

സൂര്യ നായകനായെത്തിയ ‘സുരറൈ പോട്ര്’ ഹിറ്റായപ്പോള്‍ സിനിമാപ്രേമി അന്വേഷിക്കുന്ന ഒരു പേരുണ്ട് – ക്യാപ്റ്റന്‍ ഗോപിനാഥ്. സിനിമ ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും അറിയേണ്ടത് അദ്ദേഹത്തെപറ്റിയാണ്. ക്യാപ്റ്റന്‍ ജി.ആര്‍ഗോപിനാഥിന്റെ ആത്മകഥ ‘സിംപ്ലി ഫ്ളൈ’ യെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  • ആരാണ് ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് ?

കര്‍ണാടക സ്വദേശിയാണ് ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്. സിനിമയില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ തന്നെ ഒരു അധ്യാപകന്റെ മകനാണ് ഇദ്ദേഹം. സ്‌കൂള്‍ പഠനത്തിനു ശേഷം പുനെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെ പരിശീലത്തിനു ശേഷം കരസേനയില്‍ ചേര്‍ന്നു. 1971ലെ ഇന്ത്യ പാക് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 28ാം വയസില്‍ സൈനിക സേവനം നിര്‍ത്തി.

ക്ഷീര വ്യവസായം, പട്ടുനൂല്‍കൃഷി, കണ്‍സല്‍ട്ടന്റ്, കോഴി വളര്‍ത്തല്‍, ഹോട്ടല്‍ വ്യവസായം, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഡീലിങ്ങ്, സ്റ്റോക്ക് ബ്രോക്കര്‍ തുടങ്ങിയ പല മേഖലകളിലും കൈവെച്ചു. പിന്നീടാണ് എയര്‍ ഡെക്കാന്‍ എന്ന ബജറ്റ് ഫ്രണ്ട്‌ലി എയര്‍ലൈനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹെലികോപ്റ്ററുകള്‍ വാടകയ്ക്കു നല്‍കുന്ന ചാര്‍ട്ടര്‍ സര്‍വീസുമായിട്ടായിരുന്നു തുടക്കം. സുഹൃത്തും സംരഭത്തില്‍ പങ്കാളായായിരുന്നു. പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായിരുന്നു ഡക്കാന്‍ ഏവിയേഷനെ ആശ്രയിച്ചിരുന്നവരില്‍ ഏറെയും. പതിയെ, ഇന്ത്യ -ശ്രീലങ്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ ചാര്‍ട്ടര്‍ കമ്പനികളിലൊന്നായി ഡക്കാന്‍ ഏവിയേഷന്‍ മാറി. രാജ്യത്തെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള വിമാനസര്‍വീസ് എന്ന ലക്ഷ്യമായിരുന്നു പിന്നീട്.

അങ്ങനെ 2003 ല്‍ എയര്‍ ഡക്കാന്‍ രൂപം കൊണ്ടു. സ്വയം സമ്പാദിച്ചതും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ചതുമായ ആറ് കോടിയായിരുന്നു മൂലധനം. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് എയര്‍ ഡക്കാന്‍ സര്‍വീസ് ആരംഭിച്ചു. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ചും ചുരുങ്ങിയ സമയത്തിനകം മടക്കയാത്ര ആരംഭിച്ചുമായിരുന്നു സര്‍വീസ്. എതിരാളികളുടേതിനാക്കാള്‍ പകുതിയോളമായിരുന്നു ടിക്കറ്റ് നിരക്ക്. അന്വേഷണങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനുമൊക്കെയായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സ്ഥാപിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ കനത്ത പിഴയും ഈടാക്കിയിരുന്നു. ഇന്ത്യന്‍ വ്യോമഗതാഗ മേഖലയുടെ 22 ശതമാനം വിഹിതം പതിയെ എയര്‍ ഡെക്കാന്‍ സ്വന്തമാക്കി.

രാജ്യത്തെ വ്യോമയാന മേഖലയില്‍ മത്സരം കടുത്തപ്പോള്‍ അത് എയര്‍ ഡക്കാനെയും പ്രതികൂലമായി ബാധിച്ചു. പ്രതിസന്ധിയിലായോടെ മദ്യരാജാവായ വിജയ് മല്യയ്ക്ക് എയര്‍ ഡക്കാന്‍ വില്‍ക്കാന്‍ ക്യാപ്റ്റന്‍ ഗോപിനാഥ് നിര്‍ബന്ധിതനായി. എയര്‍ ഡക്കാന്‍ ഏറ്റെടുത്ത് കിങ്ഫിഷര്‍ റെഡ് എന്ന പേരില്‍ മല്യ സര്‍വീസ് ആരംഭിച്ചു. പിന്നീട് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടുകയും മല്യ രാജ്യം നാടുവിടുകയും ചെയ്തു. എയര്‍ ഡക്കാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു പിന്നാലെ ഇദ്ദേഹം ഗോപിനാഥ് 360 എന്ന പേരില്‍ വിമാനമാര്‍ഗമുള്ള ചരക്ക് നീക്കം ആരംഭിച്ചു. എന്നാല്‍ അതും പ്രതിസന്ധിയിലായി. 2013ല്‍ ഡക്കാന്‍ 360 പ്രവര്‍ത്തനം നിര്‍ത്തി.

  • സിനിമ ചിരിപ്പിച്ചു, ഒപ്പം കരയിച്ചു

സിനിമ കണ്ട് ക്യാപ്റ്റന്‍ ഗോപിനാഥ് തന്നെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള ഭാവന ചിത്രത്തിലുണ്ടെങ്കിലും ആത്മകഥയില്‍ പറഞ്ഞ കഥയുടെ സത്ത ചോരാതെയാണ് സിനിമ എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഓര്‍മകളെ മടക്കിതന്ന പല കുടുംബരംഗങ്ങളിലും എനിക്ക് ചിരിയും കരച്ചിലും അടക്കാനായില്ല. തന്റെ ഭാര്യ ഭാര്‍ഗവിയുടെ വേഷം ചെയ്ത അപര്‍ണ നന്നായി അഭിനയിച്ചിട്ടുണ്ട്. സൂര്യ വളരെ ശക്തമായ വേഷമാണ് ചെയ്തത്. പുരുഷ കേന്ദ്രീകൃതമായ കഥയില്‍ ഭാര്യാ കഥാപാത്രത്തെ പ്രാധാന്യം ചോര്‍ന്നുപോകാതെ ബാലന്‍സ് ചെയ്ത സംവിധായക സുധയെ അദ്ദേഹം അഭിനന്ദിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.